63 പന്തിൽ 126, 12 ഫോറും 7 സിക്സറും : മാരക ഇന്നിഗ്‌സുമായി ഗിൽ

ഏകദിന പരമ്പരക്ക് പിന്നാലെ ട്വന്റി20യിലും അഴിഞ്ഞാടി ശുഭമാൻ ഗിൽ. ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ചുറിയാണ് ശുഭമാൻ ഗിൽ നേടിയത്. കേവലം 54 പന്തുകളിലാണ് 23 കാരനായ ഗില്‍ സെഞ്ചുറി നേടിയത്. ന്യൂസീലാണ്ടിന്റെ എല്ലാ ബോളർമാരെയും അനായാസം സിക്സർ പറത്തിയായിരുന്നു ഗില്ലിന്റെ സെഞ്ച്വറി. ഇതോടെ ഇന്ത്യ മത്സരത്തിൽ മികച്ച നിലയിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യുകയും ചെയ്തു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓപ്പണർ ഇഷാൻ കിഷനെ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാതിയും ശുഭമാൻ ഗില്ലും ചേർന്ന് ഇന്ത്യക്കായി നിറഞ്ഞാടി. ഗിൽ അവസരങ്ങൾ വിനിയോഗിച്ചപ്പോൾ, ത്രിപാതി(44) തലങ്ങും വിലങ്ങും ന്യൂസിലാൻഡിനെ തൂക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

ത്രിപാതി കൂടാരം കയറിയതിനു ശേഷം ഗില്ലിന്റെ ഒരു അഴിഞ്ഞാട്ടം തന്നെ മത്സരത്തിൽ കാണാനായി. പലരും ഏകദിന ബാറ്റർ എന്ന് വിലയിരുത്തിയ ഗിൽ മാസ്മരികമായ ഷോട്ടുകൾ കൊണ്ട് ന്യൂസിലാൻഡിനെ ഞെട്ടിച്ചു. മത്സരത്തിൽ 63 പന്തുകളിൽ 126 റൺസ് ആണ് ശുഭമാൻ ഗിൽ നേടിയത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 7 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ശുഭമാൻ ഗില്ലിന് മികച്ച പിന്തുണ തന്നെയാണ് ഇന്ത്യൻ നായകൻ ഹർദിക് പാണ്ട്യ അവസാന ഓവറുകളിൽ നൽകിയത്.

പാണ്ഡ്യ 17 പന്തുകളിൽ 30 റൺസ് നേടി ഇന്ത്യൻ സ്കോറിങ്ങിൽ നിർണായകമായ പങ്കുവഹിച്ചു. ഗില്ലിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 234 റൺസാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. ഇന്ത്യയെ സംബന്ധിച്ച് ട്വന്റി20യിലും ആശ്രയിക്കാൻ ആവുന്ന ക്രിക്കറ്ററായി ഗിൽ മാറുന്നതിന്റെ സൂചന തന്നെയാണ് മത്സരത്തിൽ കാണാനായത്. ഇത്രയും ആക്രമണപരമായ ഇന്നിംഗ്സ് ന്യൂസിലാൻഡ് താരങ്ങൾ പോലും ഗില്ലിൽ നിന്നും പ്രതീക്ഷിച്ചില്ല എന്നതാണ് വസ്തുത.

Rate this post