കരഞ്ഞ് കലങ്ങിയ കണ്ണുമായി റൊണാൾഡോ കളംവിട്ട ദിനം; ഫുട്ബാൾ ലോകം അമ്പരന്ന ന്യൂറംബർഗ് യു ദ്ധത്തിന്റെ കഥ |FIFA World Cup 2006

ബദ്ധവൈരികളുടെ പോരാട്ടങ്ങളും ഡെർബി മത്സരങ്ങളുമൊക്കെ ഫുട്ബാൾ ലോകത്തെ എന്നും ത്രില്ലടിപ്പിക്കുന്ന മത്സരങ്ങളാണ്. എന്നാൽ ഇത്തരത്തിലുള്ള പോരാട്ടങ്ങളിൽ പലതും കാര്യങ്ങൾ കൈവിട്ട് പോകാറുണ്ട്. കാൽപന്ത് കാളി കയ്യാങ്കളിയായി മാറുന്ന ഇത്തരങ്ങൾ മത്സരങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും പ്രശസ്തമാണ് 2006 ലെ ലോകകപ്പിലെ പോർച്ചുഗൽ- നെതർലാൻഡ് മത്സരം.

ലോകകപ്പിലെ റൗണ്ട് ഓഫ് 16 ലെ ഇവരുടെ പോരാട്ടത്തെ ഫുട്ബാൾ ലോകം വിശേഷിപ്പിക്കുന്നത് ന്യൂറംബർഗ് യുദ്ധം എന്നാണ്. ജർമ്മനിയിലെ ന്യൂറംബർഗിലെ ഫ്രാങ്കെൻസ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറിയത് എന്നതിനാൽ തന്നെയാണ് ഇതിന് ന്യൂറംബർഗ് യുദ്ധം എന്ന വിശേഷണവും ലഭിച്ചത്. വിശേഷണം പോലെ യുദ്ധസമാനം തന്നെയായിരുന്നു ആ മത്സരം.ആ മത്സരം നിയന്ത്രിച്ച റഷ്യൻ റഫറി വാലന്റൈൻ ഇവാനോവിന് 16 മഞ്ഞ കാർഡുകളും നാല് ചുവപ്പ് കാർഡുകളുമാണ് പുറത്തെടുക്കേണ്ടി വന്നത്. ഫിഫ ടൂർണമെന്റിലെ ഏറ്റവും കൊടുത്താൽ കാർഡുകൾ പുറത്തെടുത്ത മത്സരവും ഇത് തന്നെയാണ്.

23-ാം മിനിറ്റിൽ പൗലെറ്റയുടെ അസിസ്റ്റിൽ മനീഷെ നേടിയ ഗോളിൽ പോർച്ചുഗൽ 1-0ന് മത്സരം വിജയിച്ചെങ്കിലും മത്സരത്തിലോടുനീളം ഡച്ച് പടയുടെ ഫൗളുകൾക്ക് പോർച്ചുഗീസ് താരങ്ങൾ ഇരയാവേണ്ടി വന്നു. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് അന്ന് പ്രായം 21 മാത്രമായിരുന്നു. എന്നാൽ ആ 21 കാരനെ ചുറ്റിപറ്റിയുള്ളത് തന്നെയായിരുന്നു ഡച്ച് പടയുടെ നീക്കങ്ങൾ. ആദ്യ 5 മിനുട്ടിൽ തന്നെ റൊണാൾഡോയ്ക്ക് നെതർലാൻഡ് താരങ്ങളിൽ നിന്നും കനത്ത ഫൗളുകൾ ഏൽക്കേണ്ടി വന്നു. രണ്ടാം മിനുട്ടിൽ വാൻ ബൊമ്മലും അഞ്ചാം മിനുട്ടിൽ ഖാലിദ് ബൗലഹ്‌റൂസും റൊണാൾഡോയെ വീഴ്ത്തി.

കനത്ത ഫൗളിന് ഇരയായ റൊണാൾഡോ മത്സരത്തിന്റെ 34 ആം മിനുട്ടിൽ ഫൗളിന്റെ കാരണത്താൽ സുബ്സ്ടിട്യൂറ്റ് ചെയ്യപ്പെടുകയും ചെയ്തു. കാലിന് പരിക്കേറ്റ് കണ്ണീരോടെ റോണോ കളം വിടുന്നത് ഫുട്ബാൾ ലോകം ഇന്നും ഓർക്കുന്നുണ്ട്.റൊണാൾഡോയെ പരിക്കേൽപ്പിച്ച ഡച്ച് താരങ്ങളെ പകരത്തിനു പകരമായി ഫൗള് ചെയ്യാനാണ് പിന്നീട് പോർച്ചുഗീസ് താരങ്ങൾ ശ്രമിച്ചത്. റോണോയെ ഫൗൾ ചെയ്ത വാൻ ബൊമ്മലിനെ ഇരുപതാം മിനുട്ടിൽ ഫൗൾ ചെയ്ത് പോർച്ചുഗീസ് മിഡ്ഫീൽഡർ മാനിഷേ പകരം വീട്ടി. വാൻ ബൊമ്മലിനെ വീഴ്ത്തി 3 മിനിട്ടുകൾക്ക് ശേഷം മാനിഷേ ഡച്ച് പടയുടെ വലയിലേക്ക് ഗോൾ കയറ്റി. ഒരു ഗോൾ പിറന്നതോടെ മത്സരം വീണ്ടും പരുക്കനായി. തുടർച്ചയായ ഫൗളുകൾ വീണ്ടും ആവർത്തിക്കപ്പെട്ടു.

മത്സരം നിയന്ത്രിച്ച റഷ്യൻ റഫറി വാലന്റൈൻ ഇവാനോവിന് പിന്നീട് കാർഡുകൾ കാണിക്കാനേ സമയമുണ്ടായിരുന്നുള്ളു. 16 തവണ മഞ്ഞക്കാർഡ് പുറത്തെടുത്ത റഫറി 4 പ്രാവശ്യം ചുവപ്പ് കാർഡും പുറത്തെടുത്തു. പോർച്ചുഗീസ് താരങ്ങളായ കോസ്റ്റിഞ്ഞ 45 ആം മിനുട്ടിലും ഡെക്കോ 78 ആം മിനുട്ടിലും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഡച്ച് നിരയിൽ 62 ആം മിനുട്ടിൽ ഖാലിദ് ബൗലഹ്‌റൂസും 90 ആം മിനുട്ടിൽ ജിയാവാനി വാൻ ബ്രായ്ക്ക്ഹൊസും ചുവപ്പ് കാർഡ് കണ്ട പുറത്തായി. മത്സരത്തിൽ മാനിഷേയുടെ ഗോളിൽ പോർച്ചുഗൽ വിജയിച്ചെങ്കിലും ഇന്നും ആ മത്സരം ഓർക്കുന്നത് നേടിയ ഗോളുകൾ കൊണ്ടല്ല മറിച്ച് കളിക്കളത്തിൽ താരങ്ങൾ ഫൗളുകൾ കൊണ്ട് നടത്തിയ യുദ്ധ ത്തിലാണ്.