
അവശേഷിക്കുന്നത് 5 കളികൾ , രാജസ്ഥാൻ റോയൽസിന് എങ്ങനെ പ്ലേ ഓഫിലെത്താം?
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങിയത്. എന്നാൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റുകളുടെ പരാജയം രാജസ്ഥാന് നേരിടേണ്ടിവന്നു. ഇതോടെ രാജസ്ഥാൻ പോയിന്റ്സ് ടേബിളിൽ പിന്തള്ളപ്പെടുകയുണ്ടായി.
ഇതുവരെ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ അഞ്ചുമത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. നാലു മത്സരങ്ങളിലാണ് രാജസ്ഥാൻ പരാജയമറിഞ്ഞത്. പോയിന്റ്സ് ടേബിളിൽ 10 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ. 12 പോയിന്റുകളുള്ള ഗുജറാത്ത് ഒന്നാം സ്ഥാനത്തും, 10 പോയിന്റുകളുള്ള ലക്നൗ രണ്ടാം സ്ഥാനത്തും നിലനിൽക്കുന്നു. ചെന്നൈ സൂപ്പർ കിങ്സാണ് നാലാം സ്ഥാനത്തുള്ളത്.

ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് ടീമുകൾക്ക് ക്വാളിഫയർ നേരിട്ട് കളിക്കാവുന്നതാണ്. ഈ ക്വാളിഫയറിൽ വിജയം നേടിയാൽ നേരിട്ട് ടീമുകൾക്ക് ഫൈനലിലെത്താം. മറുവശത്ത് മൂന്നും നാലും സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കിൽ ടീമിന് ആദ്യം എലിമിനേറ്ററും പിന്നീട് ക്വാളിഫയർ 2ഉം കളിച്ചതിനു ശേഷം മാത്രമേ ഫൈനലിലെത്താൻ സാധിക്കൂ. അതിനാൽ തന്നെ എല്ലാ ടീമും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇടം പിടിക്കാനാണ് ശ്രമിക്കുന്നത്. രാജസ്ഥാനെ സംബന്ധിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിലയുറപ്പിക്കണമെങ്കിൽ വരാനിരിക്കുന്ന മുഴുവൻ മത്സരങ്ങളിൽ വിജയിക്കുക എന്നതാണ് ഏക വഴി. ഇനി 5 മത്സരങ്ങളാണ് രാജസ്ഥാന് 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ റൗണ്ടിൽ അവശേഷിക്കുന്നത്.
രാജസ്ഥാൻ അടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെതിരെയാണ് മൈതാനത്ത് ഇറങ്ങുന്നത്. മെയ് 7ന് ഹൈദരാബാദിനെതിരെ രാജസ്ഥാൻ കളിക്കും. ശേഷം മെയ് 11ന് കൊൽക്കത്തയ്ക്കെതിരെ കൊൽക്കത്തയിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ശേഷം മെയ് 14ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെയും, 19ന് പഞ്ചാബ് കിംഗ്സിനെതിരെയും രാജസ്ഥാൻ പോരാടും. ഈ മത്സരങ്ങളിലൊക്കെയും വിജയം നേടിയാൽ രാജസ്ഥാന് 20 പോയിന്റുകൾ ലഭിക്കും. അങ്ങനെയെങ്കിൽ രാജസ്ഥാന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനും നേരിട്ട് ക്വാളിഫയറിൽ കളിക്കാനും സാധിക്കും. മാത്രമല്ല ഈ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ എങ്കിലും വിജയം നേടിയാൽ രാജസ്ഥാന് പ്ലേ ഓഫ് കളിക്കാൻ സാധ്യത വർദ്ധിക്കും.

എന്നിരുന്നാലും ഗുജറാത്ത് പോലെയുള്ള ടീമുകൾ രാജസ്ഥാന് മേൽ വലിയ രീതിയിലുള്ള സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ട്. ഇനിയൊരു പരാജയം രാജസ്ഥാന്റെ പ്ലേയോഫ് പ്രതീക്ഷകളെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഗുജറാത്തിനെതിരെ ഒരു വമ്പൻ വിജയം നേടി തങ്ങളുടെ മൊമന്റം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാവും രാജസ്ഥാൻ ഇറങ്ങുന്നത്. മറുവശത്ത് ഗുജറാത്തിനെ സംബന്ധിച്ച ഒന്നോ രണ്ടോ പരാജയങ്ങൾ അവരെ ഇനി ബാധിക്കില്ല എന്നത് ഉറപ്പാണ്. വമ്പൻമാരായ ഗുജറാത്തിനെ തകർത്തയുകയാണെങ്കിൽ രാജസ്ഥാന് കൂടുതൽ ആത്മവിശ്വാസം ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.