❝ഭാവിയിലെ മെസ്സിയും നെയ്മറുമാകാൻ തയ്യാറെടുത്ത് കോപ്പയിൽ മികച്ച പ്രകടനം നടത്താനൊരുങ്ങുന്ന അഞ്ചു യുവ താരങ്ങൾ❞

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ജൂണ്‍ 13ന് തുടക്കമാവുകയാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ലഹരി ഇനി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരുമാസത്തോളം കാലം ആസ്വദിക്കാം. യൂറോ കപ്പിനൊപ്പം കോപ്പയും എത്തുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം പകരുന്നതാണ്. മെസ്സിയും നെയ്മറുമെല്ലാം തകര്‍ക്കുമെന്ന് കരുതപ്പെടുന്ന കോപ്പയില്‍ ശ്രദ്ധേയരായ ചില യുവ കളിക്കാരുമുണ്ട്.യൂറോപ്യന്‍ ലീഗ് മത്സരങ്ങളിലും അണ്ടര്‍ 23 മത്സരങ്ങളിലുമെല്ലാം ഇതിനകം കഴിവ് തെളിയിച്ചവര്‍ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റിന് ഇറങ്ങുമ്പോള്‍ പ്രതീക്ഷകളേറെയാണ്. തിളങ്ങാനായാല്‍ വമ്പന്‍ ക്ലബ്ബുകളില്‍ ചേക്കേറുക എളുപ്പമാകും. വരാനിരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാകുമെന്നത് സംബന്ധിച്ച് ആരാധകര്‍ക്കും ആകാഷയുണ്ട്.

ഡാർവിൻ നൂനെസ്

പോർച്ചുഗീസ് ക്ലബ് ബെൻഫിക്കക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ഉറുഗ്വേൻ താരമാണ് ഡാർവിൻ നൂനെസ്. ഉറുഗ്വേയിൽ എഡിൻസൺ കവാനി, ലൂയിസ് സുവാരസ് എന്നിവർക്ക് ഒത്ത പകരക്കാരൻ തന്നെയാണ് 21 കാരൻ സ്‌ട്രൈക്കർ.

ജൂലിയോ എന്‍സിസോ

പരാഗ്വെയുടെ അത്ഭുതബാലനായ ജൂലിയോ എന്‍സിസോ അണ്ടര്‍ 15 ഫുട്‌ബോള്‍ മുതല്‍ ശ്രദ്ധേയനാണ്. പതിനേഴു വയസ് മാത്രമുള്ള ജൂലിയോ പരാഗ്വയ്ക്കുവേണ്ടി കോപ്പയില്‍ കളിക്കാനിറങ്ങും. വേഗവും കൃത്യതയുമാണ് മുഖമുദ്ര. ഇടതുവിങ്ങിലായിരിക്കും കളിക്കാനിറങ്ങുക.

ക്രിസ്റ്റ്യന്‍ കസേരസ്

മധ്യനിരയില്‍ വെനസ്വലയ്ക്കുവേണ്ടി കളിമെനയുന്ന കളിക്കാരനാണ് ഇരുപത്തിയൊന്നുകാരനായ ക്രിസ്റ്റ്യന്‍ കസേരെസ്. ബോക്‌സ് ടു ബോക്‌സ് കളിക്കാരനാണ്. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനുവേണ്ടി കളിക്കുന്നു. കസേരെസിന്റെ പിതാവ് ക്രിസ്റ്റ്യന്‍ വെനസ്വെലയ്ക്കുവേണ്ടി 1999-2008 കാലയളവില്‍ 28 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

എമേഴ്‌സണ്‍

ബാഴ്‌സലോണയുടെ വലതു പാര്‍ശ്വത്തില്‍ പ്രതിരോധ കരുത്താകുന്ന എമേഴ്‌സണ്‍ ബ്രസീലിന്റെ ഭാവി വാഗ്ദാനമാണ്. 22 വയസ് ആകുമ്പോഴേക്കും ലോകശ്രദ്ധ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോപ്പയില്‍ ബ്രസീലിനായി ആദ്യ മത്സരം മുതല്‍ എമേഴ്‌സണ്‍ കളിച്ചേക്കും.

ക്രിസ്റ്റ്യന്‍ റൊമേരോ

ഒട്ടേറെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ അര്‍ജന്റീനയില്‍ നിന്നുള്ള പുതുമുഖമാണ് ക്രിസ്റ്റ്യന്‍ റൊമേരോ. പ്രതിരോധത്തില്‍ ടീമിന്റെ കരുത്താണ് ഈ ഇരുപത്തിമൂന്നുകാരന്‍. അറ്റ്‌ലാന്റയിലെ മികച്ച ഒരു സീസണിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നു.