❝ മലയാളികളുടെ ⚽🔥പ്രിയപ്പെട്ട ക്ലബ്
💙💛 കേരള ബ്ലാസ്റ്റേഴ്സിന് ഏഴു വയസ്സ് ❞

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ആരാധകർക്കിടയിൽ കാൽപന്ത് കളിയുടെ സുന്ദര മുഹൂർത്തങ്ങൾ നിറക്കാൻ തുടങ്ങിയിട്ട് ഏഴു വര്ഷം തികയുകയാണ് .കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബായി മാറിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി രൂപീകരിച്ചത് 2014 മേയ് 27 ന് ആണ്. 2014ലാണ് റിലയൻസ്, സ്റ്റാർ സ്പോർട്സ് എന്നിവരോടൊപ്പം ചേർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിക്കുന്നത്. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും പിവിപി ഗ്രൂപുമാണ് കൊച്ചി ആസ്ഥാനമായ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നത് .ഏഴ് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ആയിരുന്നു ക്ലബ്ബിന്റെ പേര് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഉടമകൾ മാറി. സച്ചിൻ ടീം വിട്ടെങ്കിലും സദ്ദേഹത്തിന്റെ വിളിപ്പേരായ മാസ്റ്റർ ബ്ലാസ്റ്ററിന്റെ പാതി പേരായ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും കൂടെയുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ ആരാധകക്കൂട്ടായ്മയുള്ള ക്ലബ്ബായ് കേരള ബ്ലാസ്റ്റേഴ്‌സ് മാറി

2014 ഒക്ടോബർ 13 ന് ഗുവാഹത്തിയിൽ ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ തോറ്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അരങ്ങേറ്റം.ആദ്യ സീസണിൽ തോറ്റ് തുടങ്ങിയെങ്കിലും ഫൈനൽ വരെ ബ്ലാസ്റ്റേഴ്സ് എത്തി, മൂന്നാം സീസണിലും ഫൈനൽ വരെ ടീം എത്തിയെങ്കിലും കിരീടം നഷ്ടപ്പെട്ടു.2014 ലെ ആദ്യ സീസൺ ഐ എസ് എൽ അവസാനിച്ചപ്പോഴേക്കും ഒരു കാര്യം വീണ്ടും ഉറപ്പിച്ചു. ഇന്ത്യയിൽ ഫുട്ബോൾ ആവേശത്തിന്റെ മറുപേര് കേരളം തന്നെ. കുടുംബമായി കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ കളികാണാൻ ഒഴുകിയ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനത അത് ശരിവച്ചു.

7 സീസണുകൾ പിന്നിട്ട ഐ എസ് എല്ലിൽ കിരീട നേട്ടത്തിലേക്ക് എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ആദ്യ സീസണിലും മൂന്നാം സീസണിലും നേടിയ രണ്ടാം സ്ഥാനമാണ് മികച്ച പ്രകടനം.രണ്ടു തവണയും നിർഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് കിരീടം നേടാൻ സാധിക്കാതെ പോയത് . ആദ്യ സീസണിൽ സന്ദേശ് ജിങ്കാനും അഞ്ചാം സീസണിൽ സഹൽ അബ്ദുൽ സമദും യുവതാരങ്ങളുടെ ബഹുമതി നേടി. കോവിഡ് ക്രമീകരണത്തിൽ നടത്തിയ കഴിഞ്ഞ സീസണിൽ ഒഴികെ എല്ലാ വർഷവും ഗാലറിയിൽ എത്തിയ ആരാധകരുടെ എണ്ണത്തിൽ മുന്നിൽ നിന്നതും ബ്ലാസ്റ്റേഴ്സ് തന്നെ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കടന്ന് വരവ് കേരള ഫുട്ബോളിന് പുത്തൻ ഉണർവ് നൽകി. കഴിഞ്ഞ വർഷങ്ങളിൽ ധാരാളം താരങ്ങളെ ഇന്ത്യൻ ദേശീയ ടീമിന് സംഭാവന ചെയ്യാനും കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്. സന്ദേശ് ജിങ്കൻ മുതൽ സഹൽ അബ്ദുൽ സമദിനെയും ഇന്ന് ജീക്സൺ സിങ്ങിനെ വരെയും ആ നിരയിൽ നിന്ന് കണ്ടെടുക്കാം.

എന്നാൽ തുടക്ക കാലത്തെ മികവ് നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ഒരിക്കലും സാധിച്ചിരുന്നില്ല. ഒരു വർഷവും പ്രകടനത്തിന്റെ നിലവാരം താഴോട്ടായിരുന്നു. വലിയ വില കൊടുത്ത നിലവാരമില്ലാത്ത യുവ താരങ്ങളെ കൊണ്ട് വന്ന മാനേജ്മെന്റിന്റെ തെറ്റായ നയങ്ങൾ ക്ലബിന് വലിയ തിരിച്ചടി നൽകിയിരുന്നു. ലോക്കൽ ടാലന്റുകളെ വേണ്ട വിധം ഉപയോഗിക്കാൻ ഒരിക്കലും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് സാധിച്ചിരുന്നില്ല . അടിക്കിടെ പരിശീലകരെ മാറ്റുന്നത് ടീമിന്റെ കെട്ടുറപ്പിനെ തന്നെ സാരമായി ബാധിച്ചു. അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന ടീമിന്റെ പുതിയ പരിശീലകനെ ഇതുവരെ നിയമിച്ചിട്ടില്ല. ഇതിനെല്ലാം വലിയൊരു മാറ്റം വരുത്തി വരുന്ന സീസണിൽ മികച്ചൊരു ടീമുമായി എത്തിയാൽ കേരളത്തിലെ ആയിരകണക്കിന് ആരാധർ ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കും എന്നുറപ്പാണ്.