“800 ന്റെ നിറവിൽ ക്രിസ്റ്റ്യാനോ ” : പ്രായത്തെ വെല്ലുന്ന ഊർജ്ജവുമായി 36 ആം വയസിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന പോരാളി

ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം. കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി ലോക ഫുട്ബോൾ അടക്കി ഭരിച്ച താരം നേടാനാവുന്ന എല്ലാ റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. പ്രായം വെറും അക്കങ്ങളെന്ന് തെളിയിക്കുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ നടത്തി കൊണ്ടിരിക്കുന്നത്. റോണയെ സംബന്ധിച്ച് നേടുന്ന ഓരോ ഗോളും കളിക്കുന്ന ഓരോ മത്സരവും പുതിയ റെക്കോർഡുകളാണ്.

അതേ, ഒരിക്കൽ കൂടി ആ വിശ്വരൂപം രക്ഷകനായി അവതരിച്ചു. റൊണാൾഡോ ഇന്നലെയും അവസാനനിമിഷത്തിൽ ടീമിന്റെ നിർണായകഗോളിൽ പങ്കാളിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി. ഇന്നലെ പ്രീമിയർ ലീഗിൽ ആഴ്സനലിനെതിരെ യുണൈറ്റഡിനെ വിജയത്തിലെത്തിക്കുന്നതോടൊപ്പം കരിയറിൽ 800 ഗോളുകൾ എന്ന മാന്ത്രിക നമ്പറിൽ എത്തുകയും ചെയ്തു പോർച്ചുഗീസ് സൂപ്പർ താരം.തന്റെ 1095 മത്തെ സീനിയർ മത്സരത്തിൽ ആണ് റൊണാൾഡോ 800 മത്തെ ഗോൾ നേടിയത്. ആഴ്‌സണലിന് എതിരെ നേടിയ ആദ്യ ഗോളോടെ 800 ഗോളുകൾ തികച്ച റൊണാൾഡോ തുടർന്ന് പെനാൽട്ടിയിലൂടെ 801 മത്തെ ഗോളും തികച്ചു.

2002 ൽ തന്റെ ആദ്യ സീനിയർ ഗോൾ നേടിയ റൊണാൾഡോ 2021 ൽ 36 ആം വയസ്സിലും മികവ് തുടരുകയാണ്.നിലവിൽ ബ്രസീൽ ഇതിഹാസം പെലെ, ചെക്കോസ്ലോവാക്യയുടെ ജോസഫ് ബികാൻ എന്നിവർ റൊണാൾഡോയെക്കാൾ ഗോളുകൾ നേടിയവർ ആണ് പറയുന്നു എങ്കിലും ഇവരുടെ കണക്കുകൾ പലതും എല്ലാവരും അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ആഗോളമായി എല്ലാവരും അംഗീകരിച്ച 800 ഗോളുകൾ നേടുക എന്ന റെക്കോർഡ് റൊണാൾഡോക്ക് തന്നെയാണ്. ക്ലബ് തലത്തിൽ സ്പോർട്ടിങ് ലിസ്ബൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്ക് ഗോളുകൾ അടിച്ചു കൂട്ടിയ റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം കൂടിയാണ്.

ഓൾഡ് ട്രാഫോർഡിലേക്കുള്ള രണ്ടാം വരവ് വെറുതെയല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി ഇന്നലെ ക്രിസ്റ്റിയാനോയുടെ അത്യുഗ്രൻ പ്രകടനം.ആർസെനലിനെതിരെ ആദ്യ പകുതിയിൽ സ്കോർ 1 -1 ആയിരിക്കുമ്പോൾ 52ആം മിനുട്ടിൽ റാഷ്ഫോർഡ് വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ലക്ഷ്യത്തിൽ എത്തിച്ച് റൊണാൾഡോ യുണൈറ്റഡിനെ 2-1ന് മുന്നിൽ എത്തിച്ചു കരിയറിൽ 800 ഗോൾ തികച്ചു. 70 ആം മിനിറ്റിൽ ഫ്രെഡിനെ ഒഡെഗാഡ് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ അനായാസം വലയിലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡും വിജയവും സമ്മാനിച്ചു 801 മത്തെ ഗോളും നേടി.