പിഎസ്ജിക്കായി ലയണൽ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്ന മനോഹരമായ ഗോൾ |Lionel Messi

അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതിന് ശേഷം പാരീസ് സെന്റ് ജെർമെയ്‌നിനായി ആദ്യ മത്സരം കളിക്കാനെത്തിയ ലയണൽ മെസ്സി തകർപ്പൻ ഗോളോട് കൂടിയാണ് തിരിച്ചു വരവ് ആഘോഷിച്ചത്. ആംഗേഴ്സിനെതിരെ പിഎസ്ജി യുടെ 2-0 ത്തിന്റെ വിജയത്തിൽ ലയണൽ മെസ്സി ഒരു ഗോൾ നേടി.കിക്കോഫിന് മുമ്പുതന്നെ അർജന്റീനിയൻ നായകൻ തന്റെ മോനോഹരമായ ബോൾ കൺട്രോൾ കൊണ്ട് ആരാധകരെ കയ്യിലെടുത്തു.

ലോകകപ്പ് നേടിയതിനു ശേഷം തിരിച്ചെത്തിയ മെസ്സിക്ക് ഹോം ആരാധകരിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു.എംബാപ്പെയുടെ അഭാവത്തിൽ ആദ്യ ഇലവനിൽ ഇടം നേടിയ എകിറ്റികെ അഞ്ചാം മിനുട്ടിൽ തന്നെ പിഎസ്‌ജിയെ മുന്നിലെത്തിച്ചു. നോർഡി മുകിയേലയുടെ പാസിൽ നിന്നുമാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് മെസ്സിയുടെ മനോഹരമായ ഗോൾ പിറക്കുന്നത്.ഇടതു വിങ്ങിൽ നിന്നും പന്തുമായി മുന്നേറിയ മെസ്സി നെയ്മർ ജൂനിയർ, സെർജിയോ റാമോസ്, പകരക്കാരനായ വാറൻ സയർ-എമറി എന്നിവരുമായി ഷോർട്ട് പാസുകൾ കൈമാറി നോർദി മുക്കിയെലക്ക് പാസ് നൽകി അത് സ്വീകരിച്ച് അനായാസം വലയിലാക്കി.

ആംഗേഴ്സ് താരങ്ങൾക്ക് മെസ്സിയുടെ ഗോൾ അത്ഭുതത്തോടെ നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.ലീഗിൽ മെസിയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത് കൂടാതെ പത്ത് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനലിലെ രണ്ടെണ്ണം ഉൾപ്പെടെ തന്റെ അവസാന അഞ്ച് മത്സരങ്ങളിൽ മെസ്സിക്ക് ആറാം ഗോളായി.“ഇന്ന് ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ വീണ്ടും കണ്ടു. കളിക്കളത്തിൽ അദ്ദേഹം നമ്മോടൊപ്പമുള്ളപ്പോൾ കാര്യങ്ങൾ വളരെയധികം മാറുമെന്ന് വ്യക്തമാണ്. തനിക്ക് നഷ്ടമായ ഒരേയൊരു കിരീടം നേടിയതിൽ മെസ്സി സന്തുഷ്ടനാണ്, ”പിഎസ്ജി മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ മത്സരത്തിന് ശേഷം പറഞ്ഞു.

നിലവിൽ 18 കളികളിൽ 47 പോയിന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ൽ ബയേൺ മ്യൂണിക്കിനെതിരെയാണ് പിഎസ്ജി കളിക്കുക.

3/5 - (1 vote)