❝സഞ്ജുവിനെ പോലെ കളിക്കുന്ന ആരുണ്ട് ? , മലയാളി താരത്തിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി ആകാശ് ചോപ്ര❞ |Sanju Samson

ഐപിഎൽ 2022-ലെ പ്രകടനങ്ങളുടെ പേരിൽ വിമർശനങ്ങളും പ്രശംസകളും ഒരുപോലെ ലഭിച്ച ഏക താരമായിരിക്കാം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ടീമിനുവേണ്ടി കൂടുതൽ റൺസ് കണ്ടെത്തുന്നതിനു പകരം നിർണായക ഇന്നിംഗ്സുകൾ കളിക്കുന്നത് പതിവാക്കിയ സഞ്ജു സാംസന്റെ കഴിവിനെ ക്രിക്കറ്റ് ലോകം പ്രശംസിക്കുന്നു. എന്നാൽ, മോശം ഷോട്ടുകളിലൂടെ തുടർച്ചയായ മത്സരങ്ങളിൽ പുറത്താകുന്നതിലൂടെ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്ക് സഞ്ജു വിധേയനാകുന്നു. 

ഏറ്റവുമൊടുവിൽ ഐപിഎൽ 2022-ലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ 26 പന്തിൽ 47 റൺസെടുത്ത രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നിരുന്നാലും, സ്പിന്നർ സായ് കിഷോറിന്റെ ബൗളിന് നേരെ മോശം ഷോട്ടെടുത്ത സഞ്ജുവിനെ ലോംഗ് ഓണിൽ അൽസാരി ജോസഫ് ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ പ്രതികരിച്ചിരിക്കുകയാണ്. 

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ രാജസ്ഥാൻ റോയൽസ് ഇന്നിംഗ്‌സിനെ അതിവേഗം മുന്നോട്ടു നയിച്ചതിൽ, സഞ്ജുവിന്റെ ജ്വലിക്കുന്ന തുടക്കത്തിനെ ആകാശ് ചോപ്ര പുകഴ്ത്തിയെങ്കിലും, ശേഷം സഞ്ജു തന്റെ അൾട്രാ അറ്റാക്കിംഗ് സമീപനത്തിന് ഇരയായെന്ന് ചോപ്ര എടുത്തുകാണിച്ചു. “യശസ്വി ജയ്‌സ്വാളിനെ യാഷ് ദയാൽ പുറത്താക്കി. അതിന് ശേഷം ജോസ് ബട്ട്‌ലറിനൊപ്പം സഞ്ജു സാംസൺ എത്തി. പറക്കാൻ കഴിയുന്ന കുതിരപ്പുറത്താണ് സഞ്ജു വന്നത്. അവൻ ഒരു സിക്‌സിലൂടെ അക്കൗണ്ട് തുറന്നു,” ആകാശ് ചോപ്ര പറയുന്നു.

“മറ്റ് ആർക്കാണ് അങ്ങനെ കളിക്കാൻ സാധിക്കുക?  സഞ്ജു ഇങ്ങനെ തുടങ്ങുമ്പോൾ ബാറ്റിംഗ് വളരെ എളുപ്പമാണെന്ന് തോന്നുന്നു. എന്നാൽ, പിന്നീട് അദ്ദേഹം ഒരു മോശം ഷോട്ടിന് ശ്രമിച്ച് പുറത്തായി. ഇത്‌ ഒന്നിലധികം തവണയായിയുള്ള സഞ്ജു സാംസണിന്റെ ആവർത്തന കഥയാണ്. മറുവശത്ത് 37 പന്തിൽ 37 റൺസുമായി ജോസ് ബട്ട്‌ലർ കളിക്കുകയായിരുന്നു. അദ്ദേഹം റൺസ് കണ്ടെത്താൻ പാടുപെടുകയായിരുന്നു, പക്ഷേ തന്റെ ക്ഷമ കൈവിടാതെ അവസാനം വരെ നിന്നു. അവിശ്വസനീയമായ ഒരു ഇന്നിംഗ്സ് കാഴ്ചവെച്ചു,” മുൻ കെകെആർ താരം പറഞ്ഞു.