❝ആളുകൾ കരുതുന്നത്ര എളുപ്പമല്ല ലിഗ് 1❞ ; പിഎസ്ജിയിൽ ചേർന്ന മെസ്സിക്ക് മുന്നറിയിപ്പ് നൽകി മുൻ സഹ താരം

21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി ചൊവ്വാഴ്ച പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.നികുതി കഴിഞ്ഞ് ഓരോ സീസണിലും 35 മില്യൺ ഡോളറാണ് മെസ്സിക്ക് വേതനമായി ലഭിക്കുക.ബാഴ്സലോണയിലെ തന്റെ ആദ്യ കിറ്റ് നമ്പറായ 30 ആണ് മെസ്സിക്ക് പാരിസിൽ തെരഞ്ഞെടുത്തത്. മെസ്സിയുടെ വരവോട് കൂടി ഫ്രഞ്ച് ലീഗിൽ വലിയ മാറ്റം കൊണ്ട് വരും എന്നാണ് വിശ്വാസം.

എന്നാൽ ഫ്രഞ്ച് ഫുട്ബോൾ അത്ര എളുപ്പമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായിരുന്ന സ്പാനിഷ് മിഡ് ഫീൽഡർ സെസ്ക് ഫാബ്രിഗാസ്. 34 കാരനായ മുൻ ആഴ്സണൽ, ചെൽസി മിഡ്ഫീൽഡർ നിലവിൽ ഫ്രഞ്ച് ക്ലബ് മൊണാക്കോയുടെ താരമാണ്. കഴിഞ്ഞ സീസണിൽ പിഎസ്ജിയെക്കാൾ തൊട്ടു തഴയാണ് മൊണോക്കോ ലീഗിൽ ഫിനിഷ് ചെയ്തത്. ലില്ലെയുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് പാരീസ് ക്ലബിന് കിരീടം നഷ്ടമായത്. ബാഴ്‌സലോണ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഫാബ്രിഗാസ് മെസ്സിയുമായി പതിവായി അവധി ദിവസങ്ങളിൽ ഒരുമിച്ചു പങ്കിട്ടിരുന്നു.

“തീർച്ചയായും പി എസ്ജി ലീഗ് ജയിക്കാത്തപ്പോൾ, എല്ലാവരും അത് ഒരു ദുരന്തമായി കാണുന്നു, കാരണം അവർ ധാരാളം പണം ചെലവഴിക്കുന്നു. എല്ലാവരും ഇത് ഒരു ടീം ലീഗായി കാണുന്നു, എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മൊണാക്കോയും ലില്ലിയും ആ പതിവു തെറ്റിച്ചു” സ്പാനിഷ് താരം പറഞ്ഞു.”ആളുകൾ കരുതുന്നത് പോലെ എളുപ്പമല്ല ഫ്രഞ്ച് ലീഗ് വളരെ തീവ്രവും ,ആക്രമണാത്മകവും വേഗതയേറിയതും ശക്തമേറിയതുമായ കളിക്കാരാൽ നിറഞ്ഞതാണ്.അവർ നാണായി പ്രതിരോധിക്കുകയും ചെയ്യും ” താരം കൂട്ടിച്ചേർത്തു.

പേപ്പറിൽ പിഎസ്ജി മികച്ച ടീമാണെങ്കിലും പക്ഷേ അത് ഒന്നും ഉറപ്പുനൽകുന്നില്ല. യുവ താരങ്ങൾ അടങ്ങിയ മൊണോക്കോ പാരിസിന് ശക്തതമായ വെല്ലുവിളി ഉയർത്തുമെന്നും ഫാബ്രിഗാസ് പറഞ്ഞു .ഫ്രഞ്ച് ലീഗിലെ താരങ്ങൾ മുന്നേറ്റത്തിൽ വളരെ കഴിവുള്ളവരായിരുന്നില്ല, പക്ഷേ അവർ മെച്ചപ്പെടുന്നു. പുതിയ വിദേശ, ആധുനിക കോച്ചുകൾ വരുന്നു, ഇത് പരിശീലകരുടെയും കളിക്കാരുടെയും തലമുറയുമായി ഉയരുന്ന ഒരു ലീഗാണ്. മുമ്പ് ‘ഫാർമേഴ്സ് ലീഗ്’ എന്ന് ബ്രാൻഡ് ചെയ്തിരുന്ന ലീഗ് 1 മെസ്സിയുടെ വരവോടെ കൂടുതൽ മൂല്യം ഉയരുകയും ചെയ്തു.മെസ്സി ‘ബാഴ്സലോണയിൽ എക്കാലവും നിലനിൽക്കുമെന്ന്’ പ്രതീക്ഷിച്ചിരുന്നതായി ഫാബ്രിഗാസ് സമ്മതിക്കുന്നു.

ലിഗ് 1 ൽ മെസ്സിയുടെ വരവ് ഫ്രഞ്ച് ഫുട്ബോളിനെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് മൊണോക്കോ ക്യാമ്പിലെ നിലവിലെ മാനസികാവസ്ഥ ഫാബ്രിഗാസ് വിവരിച്ചു.മെസ്സിയുടെ പിഎസ്ജിക്കെതിരായ മോനോക്കയുടെ ആദ്യ മത്സരം ഡിസംബർ പകുതിയോടെയാണ്.’ലയണൽ മെസ്സിക്കെതിരെ കളിക്കുന്നുണ്ടെന്നറിഞ്ഞ് എല്ലാ താരങ്ങളും ആവേശത്തിലാണ്,അവരിൽ ചിലർ അത് സ്വപ്നം കാണുകയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല കാര്യമാണ്. അവർ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുന്നില്ല, എല്ലാവര്ക്കും മെസ്സിയുടെ ജേഴ്‌സി വേണം ഫാബ്രിഗാസ് പറഞ്ഞു.