“ആരാധകരെ ആവേശത്തിലാക്കുന്ന വാർത്ത പുറത്തുവിട്ട് ആർസിബി,എബി ഡിവില്ലിയേഴ്‌സ്‌ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു”| IPL 2022

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരമായിട്ടാണ് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡിവില്ലിയേഴ്‌സിനെ ക്രിക്കറ്റ്‌ ലോകം കണക്കാക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടും ഇന്നും എബി ഡിവില്ലിയേഴ്‌സ്‌ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ ആരാധകരുടെ പ്രിയങ്കരനായി തുടരുന്നു. അന്താരാഷ്ട്ര സർക്യൂട്ടിലെ അദ്ദേഹത്തിന്റെ വൻ ജനപ്രീതിക്ക് പുറമേ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാമ്പിലെ മുൻ‌നിര മുഖങ്ങളിലൊന്നായിരുന്നതുക്കൊണ്ട് തന്നെ 38-കാരനായ താരം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കും ഏറെ പ്രിയങ്കരനാണ്.

മുൻ ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്‌ലി പ്രോട്ടീസ് താരവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരങ്ങളിൽ ഒരാളാണ്. ഐപിഎൽ 2022-ന്റെ തുടക്കത്തിൽ, തങ്ങൾ ഇനി എന്നെങ്കിലും കിരീടം നെടുമ്പോൾ തന്റെ മനസ്സിൽ ആദ്യം ഓർക്കപ്പെടുന്ന മുഖം ഡിവില്ലിയേഴ്‌സിന്റേതായിരിക്കും എന്ന് കോഹ്‌ലി പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, മുൻ ആർ‌സി‌ബി ക്യാപ്റ്റൻ ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് പങ്കുവെച്ചു.

സോഷ്യൽ മീഡിയയിൽ ആർ‌സി‌ബി പങ്കിട്ട ഒരു വീഡിയോയിൽ, തനിക്ക് ഡിവില്ലിയേഴ്‌സിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും സന്ദേശങ്ങളിലൂടെ സമ്പർക്കം പുലർത്താറുണ്ടെന്നും കോഹ്‌ലി വെളിപ്പെടുത്തി. സംസാരത്തിനിടയിൽ, മുൻ പ്രോട്ടീസ് ക്രിക്കറ്റ് താരം സമീപഭാവിയിൽ ആർ‌സി‌ബിയിലേക്ക് മടങ്ങിവരുമെന്ന് ഇന്ത്യൻ ബാറ്റർ സൂചിപ്പിച്ചു. “ഞാൻ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു. ഞാൻ അദ്ദേഹത്തോട് പതിവായി സംസാരിക്കാറുണ്ട്, അദ്ദേഹം എനിക്ക് മെസേജ് അയക്കാറുമുണ്ട്,” ഡിവില്ലിയേഴ്‌സുമായി തുടരുന്ന ബന്ധത്തെ കുറിച്ച് കോഹ്‌ലി വീഡിയോയിൽ പറഞ്ഞു.

“അദ്ദേഹം അടുത്തിടെ യുഎസിൽ ഗോൾഫ് കാണാൻ പോയിരുന്നു. അഗസ്റ്റ മാസ്റ്റേഴ്‌സ് എന്നാണ് ഞാൻ കേട്ടത്, തന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം അദ്ദേഹം അവിടെ ആസ്വദിക്കുകയാണെണ് എന്നോട് പറഞ്ഞു. അവിടെ നിന്ന് ഞങ്ങൾ ബന്ധപ്പെട്ടിരുന്നു, അദ്ദേഹം ആർ‌സി‌ബിയെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു എന്നും അടുത്ത വർഷം എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ഇവിടെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നോട് പങ്കുവെച്ചു,” കോഹ്‌ലി കൂട്ടിച്ചേർത്തു.