“ഹൈദരാബാദിന്റെ കന്നി കിരീട നേട്ടത്തിനും റബീഹിന്റെ കണ്ണുനീർ മായ്ക്കാനായില്ല ” | ISL Final

ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ഹൈദരാബാദിന്റെ ഏക മലയാളി സാനിധ്യനായിരുന്നു അബ്ദുല്‍ റബീഹ് .എന്നാൽ തന്റെ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി കിരീടം ഉയർത്തിയപ്പോൾ മനസ്സു തുറന്നു സന്തോഷിക്കാവുന്ന മാനസിക അവസ്ഥയിലായിരുന്നില്ല റബീഹ് .

കാരണം മലപ്പുറത്ത് നിന്നും കളി കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാര്‍ വഴിമധ്യേ അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത റബീഹിനെ ഫൈനലിന് മുമ്പേ തേടിയെത്തിയിരുന്നു. റബീഹിന്റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് ഷിബിലും അയല്‍വാസിയായ ജംഷീര്‍ മുഹമ്മദുമാണ് കളിക്കുമുമ്പേ കൊഴിഞ്ഞുപോയത്.

ഹൈദരാബാദിന്റെ കിരീട ആഘോഷങ്ങളിൽ ഒന്നും റബീഹ് പങ്കെടുത്തിരുന്നില്ല. അവസാനം ഇരുവരുടെയും പേരുകൾ എഴുതിയ ജേഴ്സിയും പിടിച്ച് ഐഎസ്എൽ കിരീടത്തിനൊപ്പമുള്ള ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ അവര്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു.ഈ കിരീടം നിങ്ങള്‍ക്കുള്ളതാണെന്ന് റബീഹ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സും തന്‍റെ ടീമായ ഹൈദരാബാദും ഫൈനലിലെത്തിയതോടെ കൂട്ടുകാരും നാട്ടുകാരും വലിയ ആവേശത്തിലായിരുന്നു. ഗോവയിലേക്ക് വരാൻ അതിയായ ആഗ്രഹമുണ്ടായിരുന്നതിനാൽ താൻ തന്നെയാണ് അവർക്ക് ടിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നും വിധി ഇങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റബീഹ് പറഞ്ഞു.

പുലർച്ചെ അഞ്ചരയോടെ ഉദുമയ്‌ക്കടുത്ത് വച്ചാണ് ബൈക്കിൽ മിനിലോറിയിടിച്ച് ജംഷീറും മുഹമ്മദ്‌ ഷിബിലും മരണമടഞ്ഞത്. ഐഎസ്എൽ ഫൈനൽ കാണാൻ ​ഗോവിലേക്ക് പോകുകയായിരുന്ന സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. ബുള്ളറ്റ് ഹൈദരാബാദ് എഫ്‌സി താരം അബ്ദുൽ റബീഹിന്‍റേതാണ്.