അവസാന ബോളിൽ സിക്സർ പറത്തി ഹൈദരാബാദിന് വിജയം നേടികൊടുത്ത് അബ്ദുൽ സമദ്

അവസാന ഓവറിലെ അവസാന പന്ത് വരെ ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയല്‍സിനെ പരാജയപെടുത്തടി സൺറൈസേഴ്‌സ് ഹൈദരാബാദ്.അവസാന ഓവറിൽ 17 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന ഹൈദരാബാദിന് മുൻപിൽ റൺമല വിട്ടുനൽകിയാണ് രാജസ്ഥാൻ പരാജയം വഴങ്ങിയത്. 215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ എസ്ആര്‍എച്ച് നാല് വിക്കറ്റിന്‍റെ വിജയമാണ് നേടിയെടുത്തത്.

മത്സരത്തിന്റെ അവസാന ബോളിൽ 5 റൺസ് ആയിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ആ ബോളിൽ ഒരു തകർപ്പൻ സിക്സർ നേടി അബ്ദുൽ സമദ് ഹൈദരാബാദിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. രാജസ്ഥാന്റെ ശനിദശ തുടരുന്നതിന്റെ സൂചന തന്നെയാണ് മത്സരത്തിന്റെ അവസാന ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾക്കുപോലും മങ്ങലേറ്റിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാനായി മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്.

ആദ്യ ഓവറുകളിൽ ജയസ്വാളും ബട്ലറും രാജസ്ഥാനായി അടിച്ചുതകർത്തു. ജയസ്വാൾ മത്സരത്തിൽ 18 പന്തുകളിൽ 35 റൺസ് ആണ് നേടിയത്. ആദ്യ വിക്കറ്റിൽ 54 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രാജസ്ഥാന്റെ ഓപ്പണർമാർക്ക് സാധിച്ചു. ജയിസ്വാൾ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു സാംസനും അടിച്ച് തകർത്തതോടെ രാജസ്ഥാന്റെ സ്കോർ കുതിക്കുകയായിരുന്നു. ബട്ലർ മത്സരത്തിൽ 59 പന്തുകളിൽ 95 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. സഞ്ജു മത്സരത്തിൽ 38 പന്തുകളിൽ നാല് ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 66 റൺസ് നേടുകയുണ്ടായി.

ഇരുവരുടെയും ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 214 റൺസ് ആണ് രാജസ്ഥാൻ സ്വന്തമാക്കിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനും മികച്ച തുടക്കം തന്നെ ഓപ്പൺമാർ നൽകി. അൻമോൾ പ്രീത് സിംഗും അഭിഷേക് ശർമയും ആദ്യ ഓവറുകളിൽ ഹൈദരാബാദിന് പ്രതീക്ഷകൾ നൽകി. അൻമോൾ പ്രീറ്റ് 25 പന്തുകളിൽ 33 റൺസ് എടുത്തപ്പോൾ, 34 പന്തുകളിൽ 55 റൺസായിരുന്നു അഭിഷേക് ശർമയുടെ സമ്പാദ്യം. ഇരുവരും പുറത്തായശേഷമെത്തിയ രാഹുൽ ത്രിപാതിയും ക്രീസിൽ ഉറച്ചതോടെ ഹൈദരാബാദ് പ്രതീക്ഷകൾ വർദ്ധിച്ചു. ഒപ്പം ക്ലാസനും മധ്യ ഓവറുകളിൽ രാജസ്ഥാൻ ബോളർമാർക്ക് മേൽ ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിൽ ക്ലാസൻ 12 പന്തുകളിൽ 26 റൺസായിരുന്നു നേടിയത്.

അവസാന മൂന്ന് ഓവറില്‍ 44 റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. സമര്‍ദ്ദം കൂടിയ സാഹചര്യത്തില്‍ ചഹാല്‍ ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ രക്ഷനായപ്പോള്‍ 29 പന്തില്‍ 47 റണ്‍സുമായി ത്രിപാഠിക്ക് മടങ്ങേണ്ടി വന്നു. ഇതേ ഓവറില്‍ എസ്ആര്‍എച്ച് ക്യാപ്റ്റൻ ഏയ്ഡൻ മര്‍ക്രാമിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി ചഹാല്‍ സഞ്ജുവിന്‍റെ തുറുപ്പ് ചീട്ടായി മാറി. രണ്ടോവറില്‍ 41 റണ്‍സ് വേണമെന്ന നിലയിലേക്ക് ഇതോടെ കാര്യങ്ങള്‍ എത്തി.18ആം ഓവറിൽ മികച്ച ഒരു ബോളിംഗ് പ്രകടനം തന്നെയായിരുന്നു ചാഹൽ കാഴ്ചവച്ചത്. കുല്‍ദീപ് യാദവിന്‍റെ അടുത്ത ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി ഗ്ലെൻ ഫിലിപ്സ് വിജയ പ്രതീക്ഷ നൽകി.ഫിലിപ്സ് വിക്കറ്റ് നേടി കുല്‍ദീപ് ആശ്വാസം കണ്ടെത്തി.

മത്സരത്തിന്റെ അവസാന ഓവറിൽ 17 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്തിൽ സന്ദീപ് ശർമയെ സിക്സറിന് തൂക്കി അബ്ദുൽ സമദ് രാജസ്ഥാനെ ഭയപ്പെടുത്തി. അവസാനം ബോളിൽ 5 റൺസ് ആയിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. ശേഷം സന്ദീപ് ഒരു നോബോൾ എറിയുകയുണ്ടായി. അങ്ങനെ വിജയലക്ഷ്യം ഒരു ബോളിൽ നാല് റൺസായി ചുരുങ്ങി. ആ ബോളിൽ ഒരു തകർപ്പൻ സിക്സർ പറത്തി അബ്ദുൽ സമദ് ഹൈദരാബാദിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

3/5 - (1 vote)