❝ ഇബ്രയും റോണോയും 🤜⚽🤛 നേർക്കുനേർ
മുട്ടുമ്പോൾ ഇറ്റലി ഇന്ന് 🇮🇹🔥 നിന്നു കത്തും ❞

ഇറ്റാലിയൻ സിരി എ യിൽ ചാമ്പ്യന്മാരെ നിശ്ചയിച്ചെങ്കിലും പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല. യുവന്റസിന്റെ കിരീട പ്രതീക്ഷകൾ തല്ലിക്കെടുത്തി 2010 ന് ശേഷം ഇന്റർ മിലാൻ തങ്ങളുടെ ആദ്യ ലീഗ് കിരീടം നേടിയത്. ലീഗിൽ നാലു മത്സരം മാത്രം അവശേഷിക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള പോരാട്ടം മുറുകുകയാണ്. 34 മത്സരങ്ങളിൽ നിന്നും മൂന്നാമതുള്ള അറ്റലാന്റാക്കും ,യുവന്റസിനും ,എ സി മിലാനും 69 പോയിന്റാണുള്ളത്.ഇന്നലെ നടന്ന മത്സരത്തിൽ സ്പെസിയയെ പരാജയപ്പെടുത്തി നാപോളി രണ്ടാം സ്ഥാനത്തേക്കുയർന്നു.

ഇന്ന് നടക്കുന്ന നിർണായക പോരാട്ടത്തിൽ യുവന്റസ് എ സി മിലാൻ നേരിടുമ്പോൾ ഇതിലെ ജയാ പരാജയങ്ങൾ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന ടീമുകൾ ഏതാണെന്നു തീരുമാനിക്കപെടും. രണ്ടാമതുള്ള അറ്റലാന്റാക്ക് പാർമയുമായും അഞ്ചാമതുളള നാപോളിക്ക് ഉദിനീസുമായാണ്‌ മത്സരം. യുവന്റസ് മിലാൻ പോരാട്ടത്തിനുപരി ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു സ്‌ട്രൈക്കർമാരുടെ പോരാട്ടം കൂടിയാണ്. ജയം മാത്രം ലക്‌ഷ്യം വെച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. 27 ഗോളുമായി സിരി എയിലെ ടോപ് സ്കോററായ റൊണാൾഡോ കഴിഞ്ഞ ആഴ്ച ഉഡിനീസിനെതിരെ ഇരട്ട ഗോളുകൾ നേടി വിലപ്പെട്ട മൂന്ന് പോയിന്റുകൾ യുവന്റസിന് നേടികൊടുത്തിരുന്നു. കഴിഞ്ഞ ദശകത്തിൽ ചാമ്പ്യൻസ് ലീഗിൽ രണ്ടുതവണ ഫൈനലിസ്റ്റായ യുവന്റസിന് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാതിരിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.


സൂപ്പർ താരം റൊണാൾഡോയെ സംബന്ധിച്ച ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുക എന്നത് അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. തന്റെ 15 വർഷത്തിലധികം നീണ്ട സീനിയർ കരിയറിൽ ഒരിക്കൽ പോലും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാതിരിന്നിട്ടില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ ആ നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് റൊണാൾഡോ. ചാമ്പ്യൻസ് ലീഗിന് യോഗ്യതെ നേടിയാൽ മാത്രമേ റോണോ യുവന്റസിൽ തുടരുകയുള്ളു. പരിശീലകൻ പിർലോയുടെ പരിശീലക സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും വളരെ ബന്ധപ്പെട്ടിരിക്കുന്നുണ്ട്. യോഗ്യത നേടിയില്ലെങ്കിലും പിർലോയുടെ കസേര തെറിക്കുമെന്നുറപ്പാണ്. റൊണാൾഡോയും പോളോ ഡൈബാലയും യുവന്റസിന് വേണ്ടി 99 ഗോളുമായാണ് മത്സരത്തിനിറങ്ങുന്നത്. ആരായിരിക്കും ആദ്യം 100 ഗോൾ തികക്കുക എന്ന് ആരാധകർ ഉറ്റു നോക്കുന്നത്.

എ സി മിലാനുമായി ഒരു വർഷം കൂടി കരാർ പുതുക്കിയ ഇബ്രാഹിമോവിച്ചിന് അടുത്ത സീസണിൽ മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കേണ്ടത് ആതാവശ്യമാണ്. സിരി എ യിൽ 15 ഗോളുകളാണ് ഇബ്ര ഈ സീസണിൽ നേടിയിരിക്കുന്നത്.ലീഗിൽ ഇരുവരും ജനുവരിയിൽ സാൻ സിറോയിൽ ഏറ്റുമുട്ടിയപ്പോൾ 3-1 ന് മിലാൻ പരാജയപ്പെടുകയാണുണ്ടായത്. വിന്റർ ബ്രേക്കിന് പിരിയുമ്പോൾ ലീഗിൽ ഒന്നമതായിരുന്ന എ സി മിലാന് ജുവെ, ഇന്റർ, അറ്റലാന്റ, ലാസിയോ എന്നി വമ്പന്മാർക്കെതിരെയുളള തോൽവിയാണു തിരിച്ചടിയായത്.എട്ട് വർഷത്തിനിടെ ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് മിലാൻ.