Adrian Luna : അഡ്രിയൻ ലൂണ : ” കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ ഒറ്റയാൻ “

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളെയും ഒഴിവാക്കിയിരുന്നു. വലിയ വിലകൊടുത്തു വാങ്ങിയിട്ടും നിരാശ ആയിരുന്നു ഫലം. അത്കൊണ്ട് തന്നെ ഈ സീസണിൽ കരുതിയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് സൈനിംഗുകൾ നടത്തിയത്. അങ്ങനെ ബ്ലാസ്റ്റേഴ്സിൽ എത്തിയ ആദ്യ വിദേശ താരമായിരുന്നു അഡ്രിഡിന് ലൂണ എന്ന ഉറുഗ്വേൻ താരം .

ഈ ലൂണ ഒരു ചില്ലറക്കാരനല്ല എന്നായിരുന്നു ആ വിധിയെഴുത്ത്. മുമ്പും ഇത്തരം അവകാശവാദങ്ങൾ ഒട്ടേറെ കണ്ട ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതും അത്തരമൊന്നായെ കണ്ടുള്ളു. എങ്കിലും ഏതൊരു ബ്ലാസ്റ്റേഴ്സ് ആരാധകനുമുള്ള ആ പ്രതീക്ഷയ്ക്ക് ഒരു കുറവുമില്ലായിരുന്നു. പ്രീ സീസൺ, ഡ്യൂറാൻഡ് കപ്പ് ഇപ്പോൾ ഐഎസ്എല്ലിലെ ആദ്യ മത്സരങ്ങൾ ഇത്രയും കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പിച്ചുപറയാം ലൂണയിലുള്ള പ്രതീക്ഷ തെറ്റിയില്ല എന്ന്. ഇന്നലെ ഒഡിഷാക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആദ്യ വിജയം നേടിയപ്പോൾ താരമായത് ലൂണ ആയിരുന്നു. ഈ സീസൺ തുടക്കം മുതൽ ലൂണ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ കളി നിയന്ത്രിച്ച് പോന്നിരുന്നത്.

ഇതിനു മുന്നെയുള്ള മത്സരങ്ങളിൽ ലൂണ സൃഷ്ടിച്ച അവസരങ്ങൾ മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ലൂണയുടെ മികവിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകളും നേടിയത്. ലൂണ നൽകിയ ആദ്യ ഗോളിനായുള്ള പാസ് ലോക നിലവാരമുള്ളതായിരുന്നു. ലൂണ ഗാർസിയയെ കണ്ടെത്തിയത് അത്ര മനോഹരമായായിരുന്നു. ഒഡീഷ ഒരുക്കിയ ഓഫ് സൈഡ് ട്രാപ് വരെ ആ പാസിൽ തകർന്നു.പ്രശാന്തിന് നൽകിയ രണ്ടാം പാസ് അനായാസമായി തോന്നും എങ്കിൽ ആ പാസ് സ്വീകരിച്ച പ്രശാന്തിന് അത് വലയിലേക്ക് തൊടുക്കേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ. ലൂണയുടെ പാസ് അത്ര നല്ല ടൈമിങോട് കൂടിയുള്ളതായിരുന്നു. ഇന്നത്തെ പ്രകടനം ലൂണയെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിനും അർഹനാക്കി.

ഇനിയും ലൂണയുടെ വലിയ പ്രകടനങ്ങൾ ഈ സീസണിൽ കാണാൻ ആകും എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നു.മുൻ മത്സരങ്ങളിൽ ടീമിൻറെ മൊത്തത്തിലുള്ള പ്രകടനം ശരാശരി ആയിപ്പോയി എന്ന് പറഞ്ഞാലും അവിടെ ലൂണയുടെ പ്രകടനം മാത്രം വേറിട്ടുനിൽക്കുന്നു. ജീവൻ പോയാലും ഒരു ഗോൾ അവസരത്തിനു വേണ്ടി എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം മുന്നിൽനിൽക്കുന്ന സ്ട്രൈക്കർക്ക് ഏതുവിധേനയും പന്ത് എത്തിച്ചു കൊടുക്കുവാൻ സദാ സന്നദ്ധനാണ്.

പ്രധാന സ്ട്രൈക്കറിന് പിന്നിലായി ക്രിയേറ്റീവ് റോളാണ് ലൂണയ്ക്ക്. പക്ഷെ ലൂണ എന്തും ചെയ്യും. ​ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിർമുന്നേറ്റം തടയാനും ലൂണ തയ്യാറാണ്. പന്ത് റിക്കവർ ചെയ്യാനായി പലതവണ ലൂണ പിന്നിലേക്കിറങ്ങിവന്നു. എതിരാളികളെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിന്റെ സഹതാരങ്ങളെ സഹായിക്കാൻ ലൂണ ഒടിയെത്തി.കരുത്തരായ ഒഡിഷയ്ക്കെതിരെ നടത്തിയ തകർപ്പൻ പ്രകടനം ലൂണയുടെയും ബ്ലാസ്റ്റേഴ്സിന്റെയും അത്മവിശ്വാസവുമുയർത്തിയെന്നുറപ്പാണ്. ഈ ആവേശത്തിൽ ഇനിയും ഉജ്ജ്വലപ്രകടങ്ങൾ ലൂണയിൽ നിന്നുണ്ടാകുമെന്നാണ് ആരാധകപ്രതീക്ഷ.ആക്രമണം നിരയിലെ യൂട്ടിലിറ്റി പ്ലെയർ ആയി വിളിക്കപ്പെടുന്ന അഡ്രിയാൻ ലൂണ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ നയിക്കും എന്നതിൽ തർക്കമില്ല.