കണ്ണിന് കുളിർമയേകുന്ന എന്നെന്നും ഓർമിക്കപ്പെടുന്ന മനോഹര ഗോളുമായി അഡ്രിയാൻ ലൂണ |Adrian Luna

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ ഉജ്ജ്വല വിജയം നേടി കേരളാ ബ്ലാസ്റ്റേഴ്സ്. ജെംഷ്ദ്പുർ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും മൂന്നാമതെത്തി.ജിയാനു, ദിമി, ലൂണ എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയപ്പോൾ ജംഷഡ്‌പൂറിന്റെ ആശ്വാസഗോൾ ചിമയാണ് സ്വന്തമാക്കിയത്.

മത്സരത്തിൽ വിജയം നേടിയതോടെ എടികെ മോഹൻ ബഗാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതിനൊപ്പം അടുത്ത മത്സരത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്കെതിരെ ആത്മവിശ്വാസത്തോടെ ഇറങ്ങാനും ബ്ലാസ്റ്റേഴ്‌സിന് കഴിയും.മനോഹരമായ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുറത്തെടുത്തത്. മികച്ച ഗോളുകളും നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളം നിറഞ്ഞു കളിച്ചപ്പോൾ കൊച്ചിയിൽ കളി കാണാനെത്തിയെ ആയിരകണക്കിന് ആരാധകർക്ക് മനോഹരമായ ഫുട്ബോളിന്റെ വിരുന്നൊരുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേടിയ രണ്ടു ഗോളുകൾ ലോകോത്തര നിലവാരം ഉള്ളതായിരുന്നു.

എതിരാളിയെ ചുവടുറപ്പിക്കാൻ സമ്മതിക്കാതെ തുടക്കം മുതൽ തന്നെ വേഗതയേറിയ ആക്രമണങ്ങൾ സംഘടിപ്പിച്ച് ഗോൾ നേടുകയെന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം. അതിൽ വിജയിച്ച അവർ ഒൻപതാം മിനുട്ടിൽ തന്നെ ലീഡ് നേടി. വിങ്ങിലൂടെ മുന്നേറി ഡയമെന്റക്കൊസ് നൽകിയ പാസിൽ മനോഹരമായ ബാക്ക്ഹീൽ ഫ്ലിക്കിലൂടെ ജിയാനുവാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയത്.അതിലേറെ മനോഹരമായ ഗോളായിരുന്നു ലൂണയുടെ ബൂട്ടിൽ നിന്നും പിറന്ന മൂന്നാമത്തെ ഗോൾ.മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിലാണ് ഏറ്റവും മനോഹരമായ ഗോൾ പിറന്നത്.

സ്വന്തം ഹാഫിൽ നിന്നും ലൂണ തുടങ്ങിവെച്ച മുന്നേറ്റം മുന്നേറ്റനിരയിലെ സഹൽ, ദിമി, ജിയാനു എന്നിവർക്ക് വൺ ടച്ച് പാസിലൂടെ കൈമാറി വന്ന് ഒടുവിൽ ലൂണ തന്നെ ഗോൾ നേടുകയായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ തന്നെയാവും ഇത്.ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 25 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. അവസാന എട്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല.

Rate this post