പോൾ പോഗ്ബയ്ക്ക് പകരക്കാരനായി മറ്റൊരു ഫ്രഞ്ച് മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്|Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പുതിയ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു. ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്ന് ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റെഡ് ഡെവിൾസ്.യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് 27 കാരനായ റാബിയോട്ടുമായി സംസാരിച്ചതായും മാഞ്ചസ്റ്റർ യുണൈറ്റഡും യുവന്റസും ഇക്കാര്യത്തിൽ ധാരണയിലെത്തിയതായും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ബാഴ്‌സലോണയുടെ ഡച്ച് മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ നടത്തി. എന്നിരുന്നാലും, ഡച്ച് താരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഒരു കരാറിൽ എത്താൻ സാധിച്ചിരുന്നില്ല. ഈ കാരണം കൊണ്ടാണ് യുണൈറ്റഡ് അഡ്രിയൻ റാബിയോട്ടിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയത്.യുണൈറ്റഡ് 27 കാരനായ റാബിയോട്ടിനെ ദീർഘകാല കരാറിൽ ഒപ്പിടാനുള്ള ശ്രമത്തിലാണ്.

പിഎസ്ജിയുടെ യൂത്ത് അക്കാദമിയിൽ കളിച്ച് വളർന്ന റാബിയോട്ട് പിഎസ്ജിയിൽ തന്റെ സീനിയർ കരിയർ ആരംഭിച്ചു. 2012 മുതൽ 2019 വരെ പിഎസ്ജിക്ക് വേണ്ടി കളിച്ച റാബിയോട്ട് പിഎസ്ജി ജേഴ്സിയിൽ 150 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റാബിയോട്ട് പിഎസ്ജിക്കായി 13 ഗോളുകളും നേടിയിട്ടുണ്ട്. 2019-ൽ ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ റാബിയോട്ട് ചേർന്നു. യുവന്റസിനായി ഇതുവരെ 94 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ റാബിയോട്ട് നേടിയിട്ടുണ്ട്. 2016 മുതൽ ഫ്രാൻസ് ദേശീയ ടീമിനായി കളിക്കുന്ന റാബിയോട്ട് 29 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.

ഒരു മിഡ്ഫീൽഡറെ കൂടാതെ, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരു സ്‌ട്രൈക്കറെയും സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നു. ഇറ്റാലിയൻ ക്ലബ് ബൊലോഗന്റെ ഓസ്ട്രിയൻ സ്‌ട്രൈക്കർ മാർക്കോ അർനോടോവിച്ച്, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഡാനി വെൽബെക്ക് എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ റഡാറിലാണെന്ന് റിപ്പോർട്ട്.