Kerala Blasters : ” അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ തയ്യാറായി ഡയസ്”

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഫുട്ബോൾ ഇന്ത്യയിൽ ജനപ്രീതിയുടെ പുതിയ ഉയരത്തിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. തിരക്കേറിയ ഗാലറി സ്റ്റാൻഡുകൾ മാത്രമല്ല, സോഷ്യൽ മീഡിയയിൽ ആരാധകർ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ പിന്തുടരുന്നത് ഇന്ത്യൻ ഫുട്ബോളിനുള്ള അംഗീകാരത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ടീമുകളെ മാത്രമല്ല താരങ്ങളെയും ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നു. എന്നാൽ ടീമിനായി ഒരു മത്സരം പോലും കളിക്കുന്നതിന് മുമ്പ് കരാർ ഒപ്പിട്ട വാർത്ത മാത്രം അറിഞ്ഞാൽ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ കിട്ടുന്ന ഒരു ടീമും താരങ്ങളുമുണ്ട്-നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.

ഐ എസ് എൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. അതിന് പിന്നിൽ നിർണായക പങ്ക് വഹിക്കുന്ന കളിക്കാരിൽ ഒരാളാണ് അർജന്റീനക്കാരനായ ജോർജ് പെരെയ്ര ഡയസ്. 13 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റും നേടിയ ഡയസ് വസ്ക്വസ് -ലൂണ എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കിങ് പാർട്നെർസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയസും വാസ്ക്കസും തന്നെയാണ്. ഇരുതലമൂർച്ചയുള്ള ഈ ആയുധങ്ങളെ തടയാൻ ഏത് പ്രതിരോധ നിരയും ശരിക്കും വിഷമിക്കുണ്ട്. പലപ്പോഴും അൽവാരോയുടെ സ്‌ട്രൈക്കർ പൊസിഷനിൽ ഡയസിനെയാണ് കാണാൻ സാധിക്കുന്നത്. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കളിശൈലിയിൽ ഏറ്റവും പ്രധാനഘടകവും ഡയസാണ്.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ ഡയസ് വരും സീസണിലും ക്ലബ്ബിൽ തുടരണമെന്ന ആഗ്രഹം ആരാധകർക്കുണ്ട്‌. സമൂഹ മാധ്യമങ്ങളിലൂടെ അവർ ഇക്കാര്യം പറയുന്നുമുണ്ട്. അർജന്റീനിയൻ ക്ലബ്ബായ പ്ലാറ്റൻസിൽ നിന്ന് ഒരു വർഷ ലോൺ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരം പക്ഷേ ടീമിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയൊന്നും വന്നിട്ടില്ല. എന്നാൽ അതിനിടെ ഇപ്പോളിതാ ബ്ലാസ്റ്റേഴ്സിൽ തുടരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഡയസ് തന്നെ രംഗത്തെത്തിയിരിക്കുന്നു. എടികെ മോഹൻ ബഗാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വരും സീസണിലും മഞ്ഞപ്പടയിൽ തുടരാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഡയസ് മനസ് തുറന്നത്.

ബ്ലാസ്റ്റേഴ്സിലായിരിക്കുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ട്, ക്ലബ് ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അടുത്ത സീസണിലും ഇവിടെ ഉണ്ടാകുമെന്നും ഡയസ് പത്രസമ്മേളനത്തിൽ പറഞ്ഞു. അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് ഡയസ് ലോണിലാണ് ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നത്. ഈ കരാർ പുതുക്കുന്ന കാര്യത്തിൽ ഇരുക്ലബുകളും ധാരണയിലെത്തിയാൽ തനിക്ക് സന്തോഷമെന്നും ഡയസ് കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ നിലവിലെ വിദേശികളും സ്വദേശികളുമായ എല്ലാ കളിക്കാരെയും നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും, തുടർന്ന് വരാനിരിക്കുന്ന സീസണുകളിൽ ഞങ്ങൾക്ക് ആവശ്യമായ ചില സവിശേഷതകളും മാനസികാവസ്ഥയും ഈ ഗ്രൂപ്പിൽ നടപ്പിലാക്കാൻ ഞങ്ങൾ ശ്രമിക്കും.ആധുനിക ഫുട്ബോളിൽ ഞങ്ങൾ ഒരു ആധുനിക ടീമിനെ സൃഷ്ടിക്കുകയും സ്ക്വാഡിനുള്ളിൽ യോജിപ്പും മാന്യവുമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ നല്ല അന്തരീക്ഷം വ്യക്തികൾ എന്ന നിലയിൽ സ്വാഭാവികമായും നമ്മളെ മെച്ചപ്പെടുത്തുകയും വരും സീസണുകളിൽ ലീഗിൽ ആധിപത്യം സ്ഥാപിക്കാൻ ആവശ്യമായ ആക്കം നേടുകയും ചെയ്യും” ടീമിലെ ഭൂരിഭാഗം താരങ്ങളേയും അടുത്ത സീസണിലേക്കും ടീമിൽ നിലനിർത്താൻ ശ്രമിക്കുമെന്ന സൂചന പരിശീലകൻ ഇവാൻ നൽകുകയും ചെയ്തു.

2008ൽ അർജന്റീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തിയ മുപ്പത്തൊന്നുകാരൻ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യൻ സൂപ്പർ ലീഗ് ടീം ജോഹോർ ദാറുൾ താസിം എഫ്സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിന്റെ, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു.