❝അവസാന നിമിഷം വിജയം കൈവിട്ട എഫ്സി ഗോവ ; നഷ്ടപെട്ടത് ചരിത്രത്തിന്റെ ഭാഗമായേക്കാവുന്ന വിജയം❞

ഇന്ത്യൻ ഫുട്ബോളിലെ ചരിത്ര രാവായി മാറേണ്ട ദിവസമായിരുന്നു ഇന്നലെ രാത്രി . എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽ റയ്യാനെ നേരിട്ട എഫ് സി ഗോവ 89ആം മിനുട്ട് വരെ മുന്നിട്ടു നിന്നിരുന്നു. പക്ഷെ എന്നിട്ടും ആദ്യ വിജയം സ്വന്തമാക്കാൻ ആയില്ല. അവസാന നിമിഷം വഴങ്ങിയ ഗോൾ കാരണം സമനിലയുമായി ഗോവ തൃപ്തിപ്പെടേണ്ടി വന്നു. ഗോവയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ ആകുമെന്ന പ്രതീക്ഷ നേരത്തെ അവസാനിച്ചിരുന്നു.

എ എഫ് സി ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ ഖത്തർ വമ്പന്മാരായ അൽറയ്യാൻ എസ് സിയെയാണ് ഗോവ സമനിലയിൽ തളച്ചത്. സ്കോർ 1-1. സ്വന്തം തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 89 മിനുറ്റ് വരെ മുന്നിട്ട് നിന്ന ഗോവ അപ്രതീക്ഷിത വിജയത്തിനടുത്ത് നിന്നാണ് സമനിലയിലേക്ക് വീണത്. മൂന്നാം മിനുറ്റിൽ ജോർജ് ഓർട്ടിസ് മെൻഡോസ ഗോവക്കായി വല കുലുക്കിയപ്പോൾ, നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനുറ്റ് മാത്രം ബാക്കി നിൽക്കെ അലി ഫെറിഡൂനിലൂടെയാണ് അൽ റയ്യാൻ സമനില പിടിച്ചു വാങ്ങിയത്.


തുടക്കത്തിൽത്തന്നെ ലീഡെടുത്ത മത്സരത്തിൽ ഏറെ ആത്മവിശ്വാസത്തോടെയായിരുന്നു ഗോവൻ സംഘം കളിച്ചത്. ധീരജ്‌സിംഗിന്റേയും, ബ്രാണ്ടൻ ഫെർണാണ്ടസിന്റേയും മികച്ച പ്രകടനങ്ങൾ ഗോവയ്ക്ക് കരുത്തായി. ഖത്തർ സംഘം ഗോൾ തിരിച്ചടിക്കാൻ പല തവണ ശ്രമങ്ങൾ നടത്തിയെങ്കിലും മികച്ച ഫോമിലുള്ള ധീരജ് അതിനെല്ലാം തടസമായി നിന്നു. എന്നാൽ 89-ം മിനുറ്റിൽ ധീരജിനെ കീഴടക്കി അലി ഫറിഡൂൻ അൽ റയ്യാന്റെ സമനില ഗോൾ നേടി. ഇതോടെ ചരിത്രജയം കാത്തിരിക്കുന്ന ഗോവ കടുത്ത നിരാശയിലേക്ക് വീണു.‌

ഈ മാസം 29 ന് യു എ ഇ ക്ലബ്ബായ അൽ വഹ്ദ എഫ് സിക്കെതിരെയാണ് ലീഗിൽ ഗോവയുടെ അടുത്ത പോരാട്ടം.ഗോവയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം സമനിലയാണിത്. ഇതോടെ ഗോവ 3 പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്‌. ഗ്രൂപ്പിൽ നിന്ന് പെർസെപൊലിസും അൽ വഹ്ദയും നോക്കൗട്ട് റൗണ്ട് യോഗ്യത ഇതിനകം തന്നെ ഉറപ്പിച്ചു.