“ഞാൻ സാധ്യമായതെല്ലാം ചെയ്തു” – കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപിച്ച് സെർജിയോ അഗ്യൂറോ

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് സെർജിയോ അഗ്യൂറോ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.ഹൃദയസംബന്ധമായ അസുഖമുള്ള അഗ്യൂറോ ഇനി കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് അപകടകരമാണെന്ന് വ്യക്തമാകുന്ന പരിശോധനാ ഫലം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ ബാഴ്സ താരമായ അഗ്യൂറോ 33 ആം വയസിൽ ബൂട്ടഴിച്ചത്.

തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബാഴ്‌സലോണ ടീമംഗങ്ങൾക്കും മുന്നിൽ വികാരനിർഭരമായ പത്രസമ്മേളനത്തിൽ അഗ്യൂറോസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും മനോഹരമായ കളിയോട് കണ്ണീരോടെ വിടപറയുകയും ചെയ്തു.അലാവസിനെതിരെ മൂന്ന് മാസം മുൻപ് നടന്ന ലാ ലിഗ മത്സരത്തിനിടെ ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് സെർജി അഗ്യൂറോയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഈ സീസണിലാണ് അർജന്റീന സൂപ്പർ താരം ബാഴ്സയിലേക്ക് ചേക്കേറിയത്. തുടക്കത്തിൽ പരിക്ക് കാരണം നിർണായക മത്സരങ്ങൾ നഷ്ടപ്പെട്ട അഗ്യൂറോ ഏറെ വൈകിയാണ് ബാഴ്സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ബാഴ്സ ജേഴ്സിയിൽ അഗ്യൂറോ നേടിയ ഏക ഗോൾ എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെതിരെയായിരുന്നു. റയോ വല്ലക്കാനോയ്ക്കെതിരെ ലാ ലിഗയിൽ നടന്ന മത്സരത്തിൽ മാത്രമാണ് അദ്ദേഹം 90 മിനിറ്റും കളിച്ചത്.

“പ്രൊഫെഷണൽ ഫുട്ബോളിൽ കളിക്കുന്നത് നിർത്താൻ ഞാൻ തീരുമാനിച്ചു എന്നു നിങ്ങളെ അറിയിക്കുന്നതിനാണിത്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണിത്.””ഒന്നാമതായി എന്റെ ആരോഗ്യമാണ്, ഒരു മാസത്തിനു മുൻപ് എനിക്കുണ്ടായ പ്രശ്‌നം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ. ഡോക്ടർമാരിൽ നിന്നും എനിക്ക് മികച്ച ചികിത്സയാണു ലഭിച്ചത്. അവർ എന്നോട് കളി നിർത്തുകയാണ് ഉചിതമെന്നു പറഞ്ഞതിനെ തുടർന്ന് ഒരാഴ്‌ചയോ പത്തു ദിവസമോ മുൻപാണ് ഞാനീ തീരുമാനം എടുത്തത്.” അഗ്യൂറോ പറഞ്ഞു.

“എനിക്ക് ലഭിച്ച കരിയറിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് അഞ്ച് വയസ്സ് മുതൽ ഫുട്ബോൾ കളിക്കണമെന്ന് ഞാൻ സ്വപ്നം കണ്ടു, യൂറോപ്പിൽ എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ സമയത്ത് എന്നെ ടീമിലെടുത്ത അത്ലറ്റിക്കോ മാഡ്രിഡിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് 18 വയസ്സായിരുന്നു, കൂടാതെ മാഞ്ചസ്റ്റർ സിറ്റിക്കും നന്ദി അറിയിക്കുന്നു ” അഗ്യൂറോ പറഞ്ഞു.മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും ടോപ് സ്‌കോററായ അഗ്യൂറോ 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകളാണ് അടിച്ചുകൂട്ടിയത്. സെർജിയോ അഗ്യൂറോയുടെ അഭാവം സീസണിൽ താളം കണ്ടെത്താനാകാതെ പതറുന്ന ബാഴ്സയ്ക്ക് കനത്ത തിരിച്ചടിയാണ്. അഗ്യൂറോയെ പോലെ തെളിയിക്കപ്പെട്ട മറ്റൊരു ഗോൾ സ്‌കോറർ ക്ലബിൽ നിലവിൽ ഇല്ലെന്നതാണ് വസ്തുത.

സിറ്റിക്കൊപ്പം അഞ്ച് പ്രീമിയർ ലീഗ് ട്രോഫികൾ നേടുകയും ചെയ്തു.കരിയറിൽ 666 മത്സരങ്ങളിൽ നിന്നും 379 ഗോളുകളും 146 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.പ്രൊഫഷണൽ ഫുട്ബോളിന് ശേഷമുള്ള ജീവിതം അഗ്യൂറോയ്ക്ക് എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു, എന്നാൽ ഇപ്പോൾ, അർജന്റീനൻ തന്റെ ആരോഗ്യസ്ഥിതിയിൽ നിന്ന് കരകയറുകയും തന്റെ മഹത്തായ കരിയറിന്റെ മഹത്വത്തിൽ ജീവിക്കുകയും ചെയ്യും.