❝ ഒരു കിരീടവും 🏆🔥ഒരു വിജയവും
❤️ ആരാധകർക്ക് മുകളിലല്ല ❞

ലോക ഫുട്ബോളിൽ വളരെ അസാധാരണമായ വർഷമാണ് കടന്നു പോയിരിക്കുന്നത്. ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാണ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗടക്കം യൂറോപ്പിലെ മികച്ച ലീഗുകൾ എല്ലാം അരങ്ങേറിയത്. അതിനിടയിൽ കഥകളെ അനുസ്മരിപ്പിക്കും വിധം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഡച്ച് ചാമ്പ്യന്മാരായ അയാക്സ്. കൊറോണ പാൻഡമിക് കാരണം സ്റ്റേഡിയത്തിൽ എത്താൻ കഴിയാതിരുന്ന സീസൺ ടിക്കറ്റുകൾ കയ്യിലുള്ള 42,000 ആരാധകർക്ക് ട്രോഫി ഉരുക്കിയാണ് അയാക്സ് ഗിഫ്റ്റ് നൽകുന്നത്.

ഡച്ച് ലീഗിൽ ജേതാക്കളായ അയാക്സ് തങ്ങൾക്ക് ലഭിച്ച ട്രോഫി ഉരുക്കി ചെറിയ സ്റ്റാറുകളാക്കി മാറ്റി 42,000 ആരാധകർക്കും അയച്ചു കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.3.45 ഗ്രാം തൂക്കമുള്ള ചെറിയ സ്റ്റാറുകളാണ് ആരാധകർക്ക് നൽകുക. അയാക്സിന് ലഭിച്ച കിരീടത്തിന്റെ ഒരു പങ്ക് എല്ലാമെല്ലാമായ ആരാധകർക്കും നൽകുകയാണെന്നാണ് ക്ലബ്ബ് അറിയിച്ചത്. മൊത്തം പ്രൊസസും ഉൾക്കൊള്ളുന്ന ഒരു വീഡിയോയും അയാക്സ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.


ഈ സീസണിൽ 34ൽ 30‌ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് അയാക്സ് കളിച്ചത്. അതുകൊണ്ട് തന്നെ ആരാധകർക്ക് ഒരു മികച്ച സർപ്രൈസാണ് അയാക്സ് ഒരുക്കിയത്. 55,000 പേർക്കിരിക്കാവുന്ന യോഹാൻ ക്രൈഫ് അറീനയാണ് അയാക്സിന്റെ ഹോം സ്റ്റേഡിയം. ഹോളണ്ടിൽ 35ആം ലീഗ് കിരീടം നേടിയ അയാക്സിന് ഡിസ്പ്ലേയ്ക്കായി മറ്റൊരു ട്രോഫി റിപ്ലിക്ക നൽകുമെന്ന് ഡച്ച് ഫെഡറേഷൻ അറിയിച്ചതായും അയാക്സ് ക്ലബ്ബ് അധികൃതർ അറിയിച്ചിരുന്നു.


“ഈ സീസണിൽ ഞങ്ങളുടെ ആരാധകരില്ലാതെ ഞങ്ങൾക്ക് കളിക്കേണ്ടി വന്നു പക്ഷെ ഓരോ ആഴ്ചയും അവരുടെ പിന്തുണ ഞങ്ങൾക്ക് അനുഭവപ്പെട്ടു, അവർക്ക് കുറഞ്ഞത് ഇതെങ്കിലും ചെയ്യണം .ഈ ചാമ്പ്യൻഷിപ്പ് വിജയത്തിൽ ഞങ്ങളുടെ ആരാധകർക്കും വലിയ പങ്കുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്” ക്ലബ് ജനറൽ ഡയറക്ടർ എഡ്വിൻ വാൻ ഡെർ സർ പറഞ്ഞു.

അടുത്ത മാസം നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ നാല് മത്സരങ്ങൾക്ക് യോഹാൻ ക്രൈഫ് അറീന ആതിഥേയത്വം വഹിക്കുമ്പോൾ സ്റ്റേഡിയത്തിൽ 12,000 കാണികളുണ്ടാകാൻ സാധ്യതയുണ്ട്. ഗ്രൂപ്പ് സിയിലെ ഉക്രെയ്ൻ, ഓസ്ട്രിയ, നോർത്ത് മാസിഡോണിയ എന്നിവയ്‌ക്കെതിരായ നെതർലൻഡിന്റെ മൂന്ന് ഗെയിമുകളും അവയിൽ ഉൾപ്പെടുന്നു.