
അടുത്ത 90 ദിവസത്തിനുള്ളിൽ ഈ രണ്ടു താരങ്ങളും ഇന്ത്യൻ ടീമിലെത്തുമെന്ന് ആകാശ് ചോപ്ര
യുവ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ 2023ലെ ഐപിഎൽ 13 മത്സരങ്ങളിൽ നിന്ന് 575 റൺസ് നേടിയിട്ടുണ്ട്. ആഭ്യന്തര സർക്യൂട്ടിൽ മുംബൈയ്ക്ക് വേണ്ടി റൺസ് അടിച്ചു കൂട്ടിയ താരങ്ങളിൽ ഒരാളുമാണ് റോയൽസ് ഓപ്പണർ.21-കാരന് ഉടൻ തന്നെ തന്റെ ഇന്ത്യൻ അരങ്ങേറ്റം നടത്താനാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര വിശ്വസിക്കുന്നു.
റിങ്കു സിംഗ് ഉടൻ തന്നെ ദേശീയ ടീമിൽ ഇടം പിടിക്കുന്ന മറ്റൊരു പ്രതിഭയാകുമെന്നും ചോപ്ര കൂട്ടിച്ചേർത്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളിക്കാരനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.യഷ് ദയാലിനെതിരെ അഞ്ചു സിക്സുകൾ നേടിയതിനെക്കുറിച്ചും ചോപ്ര പ്രതിപാദിച്ചു.“യശസ്വിക്ക് വേണ്ടി, ഞാൻ ഒരു ടൈംലൈൻ സൂക്ഷിച്ചിട്ടുണ്ട്. അടുത്ത 90 ദിവസത്തിനുള്ളിൽ അദ്ദേഹം ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. എനിക്ക് തോന്നുന്ന മറ്റൊരാൾ റിങ്കു സിംഗ് ആണ്, അദ്ദേഹത്തെ കൂടുതൽ ഗൗരവമായി കാണേണ്ട സമയമാണിത്. ആ അഞ്ച് സിക്‌സറുകൾ ഒരു ഫ്ലൂക്ക് ആയിരുന്നില്ല.അദ്ദേഹം 400-ഓ അതിലധികമോ റൺസ് നേടിയിട്ടുണ്ട് “ചോപ്ര പറഞ്ഞു.

“ഓർക്കുക, ഇവ രണ്ടും ഒരു ടി20 പ്രതിഭാസമല്ല. റിങ്കുവിന്റെ ഫസ്റ്റ് ക്ലാസ് ശരാശരി 60 ആണ്, അതേസമയം യശസ്വി ഇതുവരെ തന്റെ ചെറിയ ആഭ്യന്തര കരിയറിൽ 1000 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്. അതിനാൽ അവർ മറ്റ് ഫോർമാറ്റുകളിലും പ്രകടനം നടത്തുന്നുണ്ട്, ഐപിഎല്ലിൽ അത് സംഭവിക്കുമ്പോൾ ലോകം ഒരു കളിക്കാരനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ജയ്‌സ്വാളിനും റിങ്കുവിനും വളരെ ബുദ്ധിമുട്ടാണ്.രാജസ്ഥാൻ റോയൽസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും 13 കളികളിൽ നിന്ന് 12 പോയിന്റുണ്ട്, ഒരു വിജയത്തോടെ ലീഗ് ഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞാലും, നെറ്റ് റൺ റേറ്റ് മത്സരത്തിലെ അവരുടെ വിധി നിർണ്ണയിക്കും. നിലവിൽ ആർആർ ആറാം സ്ഥാനത്താണ്, ഐപിഎൽ പോയിന്റ് പട്ടികയിൽ കെകെആർ ഏഴാം സ്ഥാനത്താണ്.