” ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനം കവരുന്ന ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ “

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ കയ്യിൽ കിട്ടിയ വിജയമാണ് അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ട് പോയത് .വിജയമുറപ്പിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയം നഷ്ടപ്പെടുകയും ചെയ്തു.ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ച മത്സരത്തില്‍ രണ്ടാം പകുതിയില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല.

വിജയം കൈവിട്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ ക്യാപ്റ്റനും ബ്ലാസ്റ്റേഴ്‌സ് പ്ലെ മേക്കറുമായ അഡ്രിയാൻ ലൂണ നേടിയ രണ്ടു മനോഹരമായ ഗോളുകൾ ഫുട്ബോൾ ആരാധകരുടെ മനം കവർന്നു.ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെ എടികെ താരം മക്ഹ്യു ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുക്കാനെത്തിയത് ക്യാപ്റ്റൻ ലൂണ. നിരന്നുനിന്ന എടികെ താരങ്ങൾക്കു മുകളിലൂടെ ലൂണയുടെ കിക്ക് വലയിലെത്തി. ഈ സമയം എടികെ ഗോളി അമരീന്ദർ സിങ് നിസ്സഹായനായി നോക്കിനിന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ പിറന്ന ഏറ്റവും മികച്ച ഫ്രീകിക്ക് ഗോളുകളിൽ ഒന്ന് തന്നെയായിരുന്നു ഇത്.

മിനിട്ടുകൾക്ക് ശേഷം ഡേവിഡ് വില്യംസിന്‍റെ ഗോളിലൂടെ എടികെ സമനില കണ്ടെത്തി. 64 ആം മിനുട്ടിൽ ലൂണയുടെ മനോഹരമായ രണ്ടാം ഗോളും പിറന്നു.ബോക്സിനു വെളിയിൽനിന്ന് പ്യൂട്ടിയ ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് അഡ്രിയാൻ ലൂണ മനോഹരമായ വലം കാൽ കാർവിങ് ഷോട്ടിലൂടെ ബഗാന്റെ ഗോൾ വലയുടെ വലതു മൂലയിലേക്കു പന്തിനെ എത്തിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. എന്നാൽ ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് ഹൃദയം തകർത്തു കൊണ്ട് മോഹൻ ബഗാൻ സമനില ഗോൾ നേടി. ബോക്സിനു പുറത്തു നിന്നും ജോണി കൗക്കോ തൊടുത്ത ഷോട്ട് ഗോൾ കീപ്പർ ഗില്ലിനെ മറികടന്നു വലയിലായി .

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് തന്നെയാണ് ലൂണ.ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിലും ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു.16 മത്സരങ്ങളിൽ നിന്ന് 4 ഗോളും 6 അസിസ്റ്റുമായി മികച്ച് നിൽക്കുന്ന താരത്തിന് വ്യക്തികത നേട്ടങ്ങളെക്കാൾ ബ്ലാസ്റ്റേഴ്സ് വിജയങ്ങളാണ് പ്രാധാന്യം.വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഒരു മികച്ച പാക്കേജാണ് ലൂണ.