‘സെൻസേഷണൽ ഗാർനാച്ചോ’ : മാഞ്ചസ്റ്റർ യൂണൈറ്റഡിനായി തകർപ്പൻ പ്രകടനം തുടർന്ന് അർജന്റീനിയൻ കൗമാര താരം |Alejandro Garnacho

അർജന്റീന കൗമാര താരം അലജാൻഡ്രോ ഗാർനാച്ചോ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി തകർപ്പൻ പ്രകടനം നടത്തുന്നത് തുടരുകയാണ്. ഇന്നലെ EFL കപ്പിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരായ റെഡ് ഡെവിൾസിന്റെ നാടകീയമായ 4-2 വിജയത്തിൽ പകരക്കാരനായി ഇറങ്ങിയ 18 കാരൻ നിർണായക പങ്കു വഹിക്കുകയും ചെയ്തു.യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരായ മത്സരത്തിലും ഗാർനാച്ചോ ഗോൾ നേടുകയും യുണൈറ്റഡ് വിജയത്തിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.

സ്പാനിഷ് വംശജനായെങ്കിലും തന്റെ കുടുംബ പാരമ്പര്യത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ അര്ജന്റീനക്കായി കളിക്കാൻ തീരുമാനിച്ച 18 കാരൻ അവരുടെ ഭാവി താരമായാണ് കണക്കാക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് 2-1ന് പിന്നിലായപ്പോൾ ഗാർനാച്ചോ ബെഞ്ചിൽ നിന്ന് ഇറങ്ങുന്നത്.ബ്രൂണോ ഫെർണാണ്ടസിനും സ്കോട്ട് മക്‌ടോമിനയ്ക്കും വേണ്ടി ഗോളുകൾ സൃഷ്ടിച്ചുകൊണ്ട് 18-കാരനായ ഗാർനാച്ചോ രണ്ട് അസിസ്റ്റുകൾ നേടി യുണൈറ്റഡിനെ വിജയത്തിലെത്തിച്ചു.

൭൮ ആം മിനുട്ടിൽ ഇടതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തിലൂടെയാണ് ഗാർനാച്ചോ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിനുള്ള അസ്സിസ്റ്റ് നൽകിയത്. നിരന്തരം ഇടതു വിങ്ങിലൂടെ വില്ല പ്രതിരോധത്തിന് തലവേദന സൃഷ്‌ടിച്ച താരം ഇറങ്ങിയതിനു ശേഷമാണ് യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഇഞ്ചുറി ടൈമിൽ മക്‌ടോമിനക്ക് ഗോൾ നേടാൻ കൊടുത്ത പാസ് അര്ജന്റീന താരത്തിന് വലിയ കയ്യടി നേടിക്കൊടുത്തു. ഇടതു വിങ്ങിൽ നിന്നും വലതു കാൽ കൊണ്ട് ബോക്സിലേക്ക് കൊടുത്ത അളന്നു മുറിച്ച പാസ് മക്‌ടോമിന വലയിലാക്കുകയായിരുന്നു.

ലയണൽ മെസ്സിയുടെ നാട്ടിൽ നിന്നും വന്ന് ക്രിസ്ത്യാനോയെ ആരാധിക്കുന്ന ഗാർനച്ചോയെ യൂണൈറ്റഡിന്റേയും അര്ജന്റീനയുടെയും ഭാവി താരമായാണ് കണക്കാക്കുന്നത്. റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഒപ്പം പരിശീലനം നേടിയ അപൂർവ യുവ താരങ്ങളിൽ ൽ ഒരാൾ കൂടിയാണ് 18 കാരൻ.

യൂറോപ്പ ലീഗിൽ ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ അനുകരിക്കുകയും ചെയ്തു.യുണൈറ്റഡിന്റെ അക്കാദമിയിൽ നിന്ന് വളർന്ന ഗാർനാച്ചോ തന്റെ ഉയർന്ന നിലവാരം മത്സരത്തിൽ കാണിച്ചു തരുകയും ചെയ്തു. യുണൈറ്റഡ് ടീമിൽ തനിക്കൊരു സ്ഥാനം ഉണ്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് 18 കാരൻ പുറത്തെടുത്തത്.

Rate this post