❝ 🇸🇪💛💙 സ്വീഡിഷ് ഫുട്ബോളിൽ
🇸🇪👑 ഇബ്രയുടെ ⚽🔥 പിൻഗാമി
എന്നറിയപ്പെടുന്ന അലക്സാണ്ടർ ഐസക് ❞

സ്വീഡിഷ് ഫുട്ബോൾ ജന്മം കൊടുത്തതിൽ വെച്ച് ഏറ്റവും മികച്ച താരമാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. 39 ആം വയസ്സിലും ഉജ്ജ്വല ഫോമിൽ കളിക്കുന്ന ഇതിഹാസ താരമാണ് പരിക്ക് മൂലം വിട്ടുനിന്നെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സ്വീഡൻ പ്രീ ക്വാർട്ടറിൽ ഇടം നേടിയത്. എന്നാൽ ഇബ്രാഹിമോവിച്ചിന്റെ അഭാവത്തിലും ടീമിനെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ പ്രധാന പങ്കു വഹിച്ച താരമാണ് അലക്സാണ്ടർ ഐസക്. ഇബ്രാഹിമോവിച്ചിന്റെ സ്ഥാനം തന്നിൽ ഭദ്രമെന്നു തെളിയിക്കുന്നതായിരുന്നു ഐസക്കിന്റെ പ്രകടനം. ഇബ്രാഹിമോവിച്ചിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കുന്ന 21 കാരൻ ഭാവിയിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും അതികം ഉയർന്നു കേൾക്കുന്ന നാമമായിരുക്കും.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വീഡനുവേണ്ടിയുള്ള റിയൽ സോസിഡാഡ് താരത്തിന്റെ പ്രകടനം കണക്കിലെടുക്കുമ്പോൾ അത് അത്ര വിദൂരമല്ല എന്ന് മനസിലാക്കാം. ഈ ചെറു പ്രായത്തിൽ തന്നെ സ്കാൻഡിനേവിയക്കാർക്കായി 24 മത്സരങ്ങളിൽ നിന്നും 6 ഗോളുകൾ താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ ഒരു സെൻസേഷൻ തന്നെയായിരുന്നു സ്വീഡിഷ് താരം . ഈ സീസണിൽ ലാ ലീഗയിൽ 34 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും രണ്ടു അസിസ്റ്റും സംഭാവന ചെയ്തു. ഈ പ്രകടനത്തിന്റെ ബലത്തിൽ യൂറോപ്പിലെ വലിയ ക്ലബ്ബുകളിലെ നോട്ടപ്പുള്ളിയായി താരം മാറി.

റൊണാൾഡോ നസാരിയോയ്ക്ക് ശേഷം ഒരു സീസണിൽ തുടർച്ചയായ ഏഴ് കളികളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഐസക് മാറി. യൂറോ കപ്പിൽ സ്ലോവാക്കിയക്കെതിരെയുള്ള മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനത്തോടെ ഏവരുടെയും ശ്രദ്ധ ആകർഷിക്കാനും ഐസക്കിനായി. ചെൽസിയാണ് താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുന്നിൽ നിൽക്കുന്നത്. എന്നാൽ 60 മില്യൺ ഡോളറിൽ താഴെ വിലയ്ക്ക് വിൽക്കില്ലെന്ന് സോസിഡാഡ് ഉറച്ചുനിൽക്കുന്നു.


എറിത്രിയൻ മാതാപിതാക്കളിൽ സ്റ്റോക്ക്ഹോമിൽ ജനിച്ച ഐസക് ഫുട്ബോൾ ജീവിതം ആരംഭിക്കുമ്പോൾ വെറും ആറുവയസ്സായിരുന്നു. ബാല്യകാല ക്ലബ്ബായ എ.ഐ.കെയിലൂടെ വളർന്ന ഐസക് 2017 ൽ ബൊറൂസിയ ഡോർട്മുണ്ടിലെത്തി. 2017 ൽ 18 ആം വയസ്സിൽ സ്വീഡൻ ദേശീയ ടീമിന്റെ വിളി വന്ന ഐസക് ഐവറി കോസ്റ്റിനെതിരായ സൗഹൃദ മത്സരത്തിലാണ് ആദ്യമായി ജേഴ്സിയണിഞ്ഞത്.യൂറോപ്പിലെ ഏറ്റവും ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായിട്ടും ഡോർട്മുണ്ടിൽ താരത്തിന് ശോഭിക്കാനായില്ല. അതോടെ അടുതെ സീസണിൽ ഡച്ച് ക്ലബ് വില്ലെം II ൽ ലോണിൽ പോയി. ടിച്ച് തിളങ്ങിയ ഐസക്ക് ആദ്യ സീസണിൽ തന്നെ 18 കളികളിൽ നിന്ന് 14 ഗോളുകൾ നേടി, കൂടാതെ ഏഴ് അസിസ്റ്റുകളും നേടി.

ഡച്ച് ലീഗിലെ പ്രകടനങ്ങൾ റയൽ സോസിഡാഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി, അദ്ദേഹത്തെ 2019 ജൂണിൽ അഞ്ച് വർഷത്തെ ഇടപാടിൽ ലാ ലീഗയിലെത്തി. സ്പെയിനിലെ ആദ്യ സീസണിൽ മത്സരങ്ങളിലും 16 ഗോളുകൾ നേടിയെങ്കിലും ലാ ലീഗയിൽ 9 ഗോളുകൾ മാത്രമാണ് നേടാനായത്.എന്നാൽ ഈ സീസണിൽ അതിനെയെല്ലാം കടത്തി വെട്ടുന്ന പ്രകടനമാണ് പുറത്തെടുത്തത്. ക്ലബ്ബിലെന്ന പോലെ ദേശീയ ടീമിന് വേണ്ടിയുള്ള താരത്തിന്റെ പ്രകടനം കൂടുതൽ ശ്രദ്ദിക്കപ്പെടുകയും ചെയ്തു.