എമി മാർട്ടിനെസ് ആവാൻ നോക്കിയ ചെൽസി ഗോളി കെപ അരിസാബലാഗയെ കീഴടക്കിയ ജൂലിയൻ അൽവാരസ്‌

2022 ലോകകപ്പിൽ അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആധിപത്യം സ്ഥാപിക്കുന്നത് നമ്മൾ കണ്ടതാണ്.പെനാൽറ്റി ഷോട്ടുകൾ സേവ് ചെയ്യുന്നതിൽ പ്രത്യേക കഴിവുള്ള എമി ഷോട്ടുകൾ എടുക്കാൻ വരുന്ന എതിരാളികളെ മാനസികമായി തകർക്കുന്നതിലും ശ്രദ്ധ തിരിക്കുന്നതിലും സമർത്ഥനാണ്.

ഖത്തർ ലോകകപ്പിൽ നെതർലൻഡ്‌സിനും ഫ്രാൻസിനുമെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് എമിലിയാനോ മാർട്ടിനെസ് തന്റെ കഴിവ് പുറത്തെടുത്തത്. ഇതിനുമുമ്പ്, 2021 കോപ്പ അമേരിക്കയിൽ അർജന്റീന കിരീടം നേടിയപ്പോഴും പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനെസ് തന്റെ മിടുക്ക് കാണിച്ചു.ഇന്നലെ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന എഫ്എ കപ്പ് മത്സരത്തിൽ എമിലിയാനോ മാർട്ടിനെസിന്റെ രീതി പരീക്ഷിച്ച് ചെൽസി ഗോൾകീപ്പർ കെപ അരിസാബലാഗക്ക് വിജയിക്കാനായില്ല.

ചെൽസി ഫോർവേഡ് ഹാവേർട്‌സിന്റെ കയ്യിൽ തട്ടിയതിനു മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുക്കാനെത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീന താരം ജൂലിയൻ അൽവാരസുമായി ചെൽസി ഗോൾകീപ്പർ കെപ മൈൻഡ് ഗെയിം കളിക്കുകയായിരുന്നു. അൽവാരസ് പന്തുമായി വന്നപ്പോൾ കളിക്കാരന്റെ അടുത്തേക്ക് ചെന്ന കെപ എന്തോ പറയുന്നുണ്ടായിരുന്നു.അൽവാരസിന്റെ ആത്മവിശ്വാസം തകർക്കാനാണ് കെപ അത് ചെയ്തതെന്ന് വ്യക്തമായിരുന്നു. എന്നാൽ അൽവാരെസ് അതിനെ ഒരു നല്ല പുഞ്ചിരിയോടെ നേരിട്ടു. ഒടുവിൽ റഫറി വന്ന് കെപ്പയോട് ഗോൾ പോസ്റ്റിനടുത്തേക്ക് പോകാൻ പറയേണ്ടി വന്നു.

അൽവാരസ് എടുത്ത പെനാൽറ്റിക്ക് കെപ ശരിയായ ദിശയിലേക്ക് കുതിച്ചെങ്കിലും മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ അത് ഗോളാക്കി മാറ്റുകയായിരുന്നു. എമിലിയാനോ മാർട്ടിനെസ് നിൽക്കുന്ന ഗോൾ പോസ്റ്റിൽ പെനാൽറ്റി ഷോട്ടുകൾ പരിശീലിക്കുന്ന ജൂലിയൻ അൽവാരസുമായി മൈൻഡ് ഗെയിം കളിക്കുന്ന കെപയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അർജന്റീന ആരാധകർ ചർച്ച ചെയ്യുന്നത്.മത്സരശേഷം ചെൽസി ഗോൾകീപ്പറുടെ മൈൻഡ് ഗെയിമിനെക്കുറിച്ച് ജൂലിയൻ അൽവാരസ് സംസാരിച്ചു.

ഗോൾകീപ്പർമാർ അവരുടെ ജോലി ചെയ്യാൻ ശ്രമിക്കും, പക്ഷേ എന്റെ ചുമതല പതറാതെ സ്വന്തം ജോലി ചെയ്യുകയാണ്, ജൂലിയൻ അൽവാരസ് പറഞ്ഞു. എവിടെ ഷൂട്ട് ചെയ്യണമെന്ന് താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും അതാണ് താൻ ചെയ്തതെന്നും മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ കൂട്ടിച്ചേർത്തു. അൽവാരസിന്റെ പെനാൽറ്റിക്ക് പുറമെ റിയാദ് മഹ്‌റസ് നേടിയ രണ്ട് ഗോളുകളും ഫിൽ ഫോഡൻ നേടിയ ഒരു ഗോളും മാഞ്ചസ്റ്റർ സിറ്റിക്ക് 4-0 വിജയം സമ്മാനിച്ചു.

Rate this post