എമി മാർട്ടിനെസ് !! ഹോളണ്ടിനെ ഷൂട്ടൗട്ടിൽ കീഴടക്കി അർജന്റീന സെമിയിലേക്ക് |Qatar 2022

അത്യന്ത്യം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഹോളണ്ടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി സെമിയിൽ സ്ഥാനം ഉറപ്പിച്ച് അര്ജന്റീന. രണ്ടു പെനാൽറ്റി കിക്കുകൾ തടുത്തിട്ട ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. വാൻ ഡൈക്ക് ,സ്റ്റീവൻ ബെർഗൂയിസ് എന്നിവരുടെ കിക്കുകളാണ് മാർട്ടിനെസ് തടുത്തിട്ടത്. നിശ്ചത സമയത്ത് 2 -2 സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയത് .സെമിയിൽ ക്രോയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ

സൂപ്പർ താരം ഏഞ്ചല്‍ ഡി മരിയ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ ഇല്ലാതെയാണ് അർജന്റീന ഇന്നിറങ്ങിത്.മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ ആദ്യ ഇരുപത് മിനിറ്റില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. പ്രതിരോധത്തില്‍ ഇരുടീമുകളും ശ്രദ്ധ ചെലുത്തിയതിനാല്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. 22-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെത‍ര്‍ലന്‍ഡ്‌സ് മുന്‍നിര ഇടയ്ക്കിടയ്ക്ക് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു.എന്നാല്‍ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മോളിന അർജന്റീനയെ മുന്നിലെത്തിച്ചത്. നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തിനിടയിലൂടെ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച മൊളീന ഡിഫെൻഡറെയും ഗോൾ കീപ്പറെയും മറികടന്ന് വലയിലാക്കി.ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിൽ ഹോളണ്ട് മുന്നേറ്റം നടത്തിയെങ്കിലും അർജന്റീനിയൻ പ്രതിരോധത്തിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ഹോളണ്ട് പരിശ്രമിച്ചു കൊണ്ടേയിരുന്നു. 62 ആം മിനുട്ടിൽ മികച്ചൊരു പൊസിഷനിൽ നിന്നും അർജന്റീനക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോയി. 70 ആം മിനുട്ടിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ലെഫ്റ്റ് ബാക്ക് അക്ക്യൂനയെ ഡച്ച് താരം ഡുംഫ്രിസ് വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത മെസ്സി ഡച്ച് ഗോൾ കീപ്പറെ കീഴ്പെടുത്തി വലയിലാക്കി സ്കോർ 2 -0 ആക്കി ഉയർത്തി. ഈ ഗോളോടെ മെസ്സിയുടെ വേൾഡ് കപ്പിലെ ഗോളുകളുടെ 10 ആയി ഉയരുകയും ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയുടെ ഗോളുകൾക്ക് ഒപ്പമെത്തുകയും ചെയ്തു.

82 ആം മിനുട്ടിൽ ഹോളണ്ട് ഒരു മടക്കി . വലതു വിങ്ങിൽ നിന്നും സ്റ്റീവൻ ബെർഗൂയിസ് കൊടുത്ത ക്രോസിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ പകരക്കാരനായ വൗട്ട് വെഗോർസ്റ്റാണ് ഗോൾ നേടിയത്. 85 ആം മിനുട്ടിൽ ഡി ജോങിന്റെ ഷോട്ട് പുറത്തേക്ക് പോയി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഹോളണ്ട് കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. അവസാന മിനുട്ടിൽ സ്റ്റീവൻ ബെർഗൂയിസ് എടുത്ത ഫ്രീകിക്ക് പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. അര്ജന്റീന വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച അവസാന നിമിഷത്തിൽ ഹോളണ്ട് സമനില പിടിച്ചു.ട്യൂൺ കൂപ്മേനേഴ്സ് എടുത്ത് ഫ്രീകിക്കിൽ നിന്നും വൗട്ട് വെഗോർസ്റ്റാണ് ഗോൾ നേടിയത്. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിന്റെ അടുത്തെത്തി. ഹോളണ്ടിന്റെ ലൂക്ക് ഡി ജോർജും അർജന്റീനയുടെ ലാറ്റൂരോ മാർട്ടിനെസിനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 116 ആം മിനുട്ടിൽ ജർമ്മൻ പെസെല്ലയുടെ ഹെഡ്ഡർ പുറത്തേക്ക് പോയി. 119 ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനെസിന്റെ മികച്ചൊരു ഷോട്ട് ആൻഡ്രീസ് നോപ്പർട്ട് സേവ് ചെയ്തു. അവസാന നിമിഷം എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി.

Rate this post