❝ പിർലോയെ 🤍🖤 യുവന്റസ് 👔💔
പുറത്താക്കി പുതിയ പരിശീലകനായി
എത്തുന്നത് മുൻ യുവന്റസ് ആശാൻ തന്നെ ❞

യൂറോപ്യൻ ലീഗുകൾ സമാപിച്ചതിനു ശേഷം പ്രധാന ക്ലബ്ബുകളെല്ലാം പരിശീലകരെ മാറ്റുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ റയൽ മാഡ്രിഡ് പരിശീലകൻ സിദാനും ,ഇന്റർ മിലൻറെ കോണ്ടയും സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് പരിശീലക സ്ഥാനത്ത് നിന്ന് ആന്ദ്രെ പിര്‍ലോയെ പുറത്താക്കി. പിര്‍ലോയ്ക്ക് പകരം ക്ലബിന്റെ മുന്‍ പരിശീലകന്‍ കൂടിയായ മാസിമിലിയാനോ അല്ലെഗ്രിയെ തിരികെ വീണ്ടും നിയമിക്കാന്‍ തീരുമാനിച്ചു. വരുന്ന മണിക്കൂറുകളില്‍ പിര്‍ലോയെ പുറത്താക്കിയ കാര്യം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സീസണില്‍ പറയത്തക്ക നേട്ടങ്ങളൊന്നും പിര്‍ലോയ്ക്ക് കീഴില്‍ ടീമിന് സ്വന്തമാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ക്ലബിന്റെ മുന്‍ ഇതിഹാസ താരം കൂടിയായ പിര്‍ലോയുടെ സ്ഥാനം തെറിപ്പിച്ചത്.സൂപ്പർകോപ്പ ഇറ്റാലിയാനയിലും കോപ്പ ഇറ്റാലിയ അടക്കം രണ്ടു കിരീടങ്ങൾ നേടിയെങ്കിലും ഇത്തവണ സീരി എ കിരീടം നേടാന്‍ സാധിക്കാതെ പോയതും യുവന്റസിന് ക്ഷീണമായി മാറിയിരുന്നു. പിന്നാലെയാണ് പിര്‍ലോയ്ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നത്. എന്നാൽ കോപ്പ ഇറ്റാലിയ കിരീടം നേടിയതും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയപ്പോഴും പിർലോയെ നിലനിർത്തും എന്ന പ്രതീക്ഷയുണ്ടായിയുന്നു.


മുന്‍ നാപോളി, ചെല്‍സി പരിശീലകനായിരുന്ന മൗറീസിയോ സരിയുടെ പിന്‍ഗാമിയായാണ് പിര്‍ലോ യുവന്റസിന്റെ പരിശീലകനായത്. എന്നാല്‍ സീസണില്‍ സീരി കിരീടമില്ലാത്തതും ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതും തിരിച്ചടിയായി. ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കിയത് മാത്രമാണ് പിര്‍ലോയുടെ യുവന്റസിലെ നേട്ടം. തുടര്‍ച്ചയായി അഞ്ച് സീരി എ കിരീടങ്ങള്‍ ടീമിന് സമ്മാനിച്ച് 2019ലാണ് അല്ലെഗ്രി യുവന്റസില്‍ നിന്ന് പടിയിറങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ടീമുകളേയും അല്ലെഗ്രി പരിശീലിപ്പിക്കുന്നുണ്ടായിരുന്നില്ല. സിനദിന്‍ സിദാന്‍ റയല്‍ പരിശീലക സ്ഥാനം രാജി വച്ചതിന് പിന്നാലെ അല്ലെഗ്രി മാഡ്രിഡിലേക്കെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് യുവന്റസ് വീണ്ടും മുന്‍ കോച്ചിനെ ടീമിലെത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

53 കാരനിൽ ഇന്റർ മിലാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു . യുവന്റസിന്റെ ചരിത്രത്തില്‍ ടീമിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച പരിശീലകനായാണ് അല്ലെഗ്രി വിലയിരുത്തപ്പെടുന്നത്. വിജയ ശതമാനം 75 ആണ്. 142 വിജയങ്ങളും 28 സമനിലകളും നേടിയ അല്ലെഗ്രിയുടെ കീഴില്‍ ടീം 20 മത്സരങ്ങളില്‍ മാത്രമേ തോല്‍വി അറിഞ്ഞുള്ളു. രണ്ടാം വരവില്‍ അല്ലെഗ്രിക്ക് മൂന്ന് വര്‍ഷത്തെ കരാറാണ് ടീം നല്‍കാന്‍ ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവന്റസിനൊപ്പം അഞ്ചു സിരി എ കിരീടവും , നാല് കോപ്പ ഇറ്റാലിയയും ,രണ്ടു തവണ ചാമ്പ്യൻസ് ലീഗിൽ റണ്ണറപ്പായി ഫിനിഷും ചെയ്തു.