❝ഞാന്‍ രാജി വയ്ക്കില്ല❞ , യുവന്റസിൽ തന്നെ തുടരാൻ പരിശീലകന്‍ ആന്ദ്രെ പിര്‍ലോ

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ സീസണാണ് ഇത്തവണത്തേത്. ഇന്റർ മിലാന് മുൻപിൽ സീരി എ കിരീടം അടിയറവ് വെക്കേണ്ടി വന്ന നിലവിലെ ചാമ്പ്യന്മാർ ഇക്കുറി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന കാര്യവും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.എസി മിലാനോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് സ്വന്തം മൈതാനത്ത് തകര്‍ന്നടിഞ്ഞു ചാമ്പ്യന്മാര്‍. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള സാധ്യതകള്‍ക്കും മങ്ങലേറ്റു. ഈ സാഹചര്യത്തിലാണ് മുഖ്യ പരിശീലകനും മുന്‍ യുവന്റസ് താരവുമായ അന്ദ്രെ പിര്‍ലോ പ്രതികരണവുമായി രംഗത്തെത്തിയത്.

പിരശീലക സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം പിര്‍ലോയ്ക്ക് ഉണ്ടായിരുന്നു. “ഞാന്‍ ഈ ജോലി തിരഞ്ഞെടുത്തത് വളരെ ആവേശത്തോട് കൂടിയാണ്. ഒരുപാട് പ്രതിസന്ധികളുണ്ട്, പക്ഷെ ഞാന്‍ മുന്നോട്ട് പോവുകയാണ്. എനിക്ക് ഇതിലും മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടീമൊന്നായി അതിജീവിക്കും. എനിക്ക് അനുവാദം ഉള്ള കാലം വരെയും ജോലി തുടരും,” പിര്‍ലോ പറഞ്ഞു.

ലീഗില്‍ യുവന്റസിന് ആശ്വസമായി നിലനില്‍ക്കുന്നത് ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ പ്രകടനം മാത്രമാണ്. 27 ഗോളുകളുമായി ഗോള്‍ വേട്ടക്കാരില്‍ ഒന്നമതാണ് സൂപ്പര്‍ താരം. പക്ഷെ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട തിരിച്ചടിയില്‍ റൊണാള്‍ഡോയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പക്ഷെ താരത്തിന് പിന്തുണയുമായി പരിശീലകന്‍ പിര്‍ലോ രംഗത്തെത്തിയിരുന്നു.

മിലാനെതിരെ യുവന്റസ് പരാജയപ്പെട്ടതിന് പിന്നാലെ ക്ലബ്ബിന്റെ കടുത്ത ആരാധകർ അടക്കമുള്ളവർ പരിശീലകനായ ആന്ദ്രെ പിർലോക്കെതിരെ രംഗത്തെത്തി. പിർലോയെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ഭൂരിഭാഗത്തിന്റേയും ആവശ്യം. എന്നാൽ അദ്ദേഹം ഈ സീസൺ അവസാനം വരെ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ക്ലബ്ബുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേ സമയം കഴിഞ്ഞ‌ സമ്മറിൽ യുവന്റസിന്റെ പരിശീലകനായി ചുമതലയേറ്റ ആന്ദ്രെ പിർലോക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ക്ലബ്ബിന്റെ പ്രകടനങ്ങൾ ഉയർത്താൻ കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇക്കുറി വളരെ നേരത്തെ പുറത്തായ ടീം നിലവിൽ സീരി എ യിൽ അഞ്ചാം സ്ഥാനത്താണുള്ളത്.നിലവില്‍ ലീഗ് കിരീടം ഇന്‍റര്‍ മിലാന്‍ ഉറപ്പിച്ചിരിക്കുകയാണ്. 35 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റാണ് ഇൻ്ററിനുള്ളത്. മൂന്ന് മത്സരം മാത്രം ബാക്കി നില്‍ക്കെ രണ്ടാമതുള്ള അറ്റലാന്റയക്ക് 74 പോയിന്റ് മാത്രമാണ് നേടാനായത്. യുവന്റസിനെ കീഴടക്കി എസി മിലാന്‍ മൂന്നാം സ്ഥാനത്തേക്കെത്തി. നാപോളിയാണ് നാലാമത്.