❝ ഈ വർഷത്തെ എൽ ക്ലാസിക്കോ എന്നത്തേക്കാളും പ്രാധാന്യമർഹിക്കും❞ ; ഇനിയേസ്റ്റ

ലാലിഗ ടൈറ്റിൽ റേസ് ചൂടുപിടിക്കുമ്പോൾ ഈ വർഷത്തെ എൽ ക്ലാസിക്കോ മുമ്പത്തേക്കാളും പ്രാധാന്യമർഹിക്കുമെന്ന് ഒമ്പത് തവണ ലാലിഗ ചാമ്പ്യനും ബാഴ്‌സ ഇതിഹാസ താരവുമായ ആൻഡ്രെസ് ഇനിയേസ്റ്റ അഭിപ്രായപ്പെട്ടു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എൽ ക്ലാസ്സിക്ക നാളെ രാത്രി മാഡ്രിഡിൽ വെച്ചാണ് നടക്കുന്നത്. ചിരവൈരികളായ റയലിനെതിരെയുള്ള മത്സരം ബാഴ്സ വിജയിക്കുമെന്ന് ഇനിയേസ്റ്റ പ്രത്യാശ പ്രകടിപ്പിച്ചു. ഈ മത്സരം വിജയിച്ചാൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് അന്തരം വർദ്ധിപ്പിക്കാൻ കഴിയും.

ലാലിഗ ടിവിയോട് സംസാരിക്കുന്നതിനിടെയാണ് ആൻഡ്രസ് ഇനിയേസ്റ്റ എൽ ക്ലാസിക്കോയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.നിലവിൽ ജെ 1 ലീഗ് ക്ലബ് വിസെൽ കോബിയിൽ ആണ് 36 കാരനായ മിഡ്ഫീൽഡർ കളിക്കുന്നത്.”ഈ വർഷത്തെ ക്ലാസിക്കോ എന്നത്തേക്കാളും പ്രാധാന്യമർഹിക്കും , ഈ ഗെയിം ടൈറ്റിൽ മൽസരത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല. മാഡ്രിഡിനെക്കാൾ ബാഴ്സ വിജയിക്കുകയും അവരുടെ നേട്ടം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അറ്റ്ലെറ്റിക്കോയ്ക്ക് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണും. ” ഇനിയേസ്റ്റ പറഞ്ഞു.


ബാഴ്സലോണയിൽ 16 വർഷത്തെ കരിയറിൽ 38 എൽ ക്ലാസിക്കോ മത്സരങ്ങളിൽ ഇനിയേസ്റ്റ കളിച്ചു. മൂന്ന് ഗോളുകൾ നേടിയ അദ്ദേഹം ആറ് അസിസ്റ്റുകൾ റെക്കോർഡ് ചെയ്തു. 2018 ൽ ബാഴ്‌സലോണ വിട്ട ഇനിയേസ്റ്റ ജാപ്പനീസ് ലീഗിൽ ചേർന്നു. ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോയുമായി ഒരു പോയിന്റ് വ്യത്യാസമാണ് ബാഴ്സയ്ക്കുള്ളത്. റയൽ മാഡ്രിഡിനെക്കാൾ രണ്ടു പോയിന്റ് വ്യത്യാസവും ഉണ്ട്.പരിക്കേറ്റ സെർജിയോ റാമോസ്, കൊറോണ വൈറസിന് പോസിറ്റീവ് ആയ റാഫേൽ വരാനെ എന്നിവരില്ലാതെയാണ് റയൽ ബാഴ്‌സയെ നേരിടുന്നത്. എന്നാൽ ജറാൾഡ് പിക്വെ കളിയ്ക്കാൻ ഇറങ്ങുമെന്ന വാർത്ത ബാഴ്സ ക്യാമ്പിൽ ശുഭ പ്രതീക്ഷ നൽകുന്നു.

ഇന്ത്യയിൽ, ലാലിഗ ഗെയിമിന്റെ തത്സമയ പ്രക്ഷേപണം ഉണ്ടാകില്ല. എന്നിരുന്നാലും, ആരാധകർക്ക് ഫേസ്ബുക്കിലെ ഔദ്യോഗിക ലാലിഗ പേജിൽ റയൽ മാഡ്രിഡ് vs ബാഴ്‌സലോണ തത്സമയ സ്ട്രീം കാണാൻ കഴിയും.