
ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ കോച്ച് ടിറ്റെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ താരങ്ങൾക്കും യുവതാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ടിറ്റെ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ തങ്ങളുടെ ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ബ്രസീലിനായി, നിലവിൽ മികച്ച ഫോമിലുള്ള കളിക്കാരെ മാത്രമാണ് ടിറ്റെ തിരഞ്ഞെടുത്തത്.
പ്രീമിയർ ലീഗിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ആന്റണി ബ്രസീലിന്റെ 26 അംഗ ലോകകപ്പ് ടീമിലും അംഗമാണ്. ഇതോടെ കരിയറിലെ ആദ്യ ലോകകപ്പിനൊരുങ്ങുകയാണ് 22കാരനായ ആന്റണി. കരിയറിലെ ആദ്യ ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ആന്റണിയുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കോച്ച് ടിറ്റെ ബ്രസീൽ ടീമിനെ ലൈവായി പ്രഖ്യാപിച്ചപ്പോൾ ആന്റണി തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആഹ്ലാദ നൃത്തം ചെയ്തു.

ബ്രസീൽ സ്ക്വാഡ് പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് ആന്റണി വീക്ഷിച്ചത്. പരിശീലകൻ തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ആന്റണിയുടെ സന്തോഷം വികാരത്തിനപ്പുറമായിരുന്നു. ആന്റണിയുടെ കുടുംബാംഗങ്ങളും സന്തോഷത്തിൽ പങ്കുചേർന്നു. പേരു കേട്ടപ്പോൾ ആന്റണി ചാടിയെഴുന്നേറ്റു കൂടെയുള്ളവരോടൊപ്പം നിലവിളിച്ചു. ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറലാണ്.
Por vocês!!! Obrigado, meu Deus!! Obrigado todo mundo… amigos, família, mãe, pai, irmãos!! Amo vocês!!! Emoção demais!! 🇧🇷🇶🇦 @CBF_Futebol pic.twitter.com/Da6aJkkoDx
— Antony Santos (@antony00) November 7, 2022
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന ആന്റണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്ന് 5 ഗോളും 2 അസിസ്റ്റും ആന്റണിയുടെ പേരിലുണ്ട്. 2021ൽ ബ്രസീൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ആന്റണി ഇതുവരെ 11 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ലോകകപ്പിന് തയ്യാറെടുക്കുന്ന ബ്രസീൽ ടീമിന് വലിയ പ്രതീക്ഷയാണ് ആന്റണിയിൽ ഉള്ളത്.