ഹൃദയ തകരാർ, ഇന്ത്യൻ ഫുട്ബോൾ താരം കളി നിർത്തുന്നു

ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ഇനി ആസ്വദിക്കരുതെന്നു പറഞ്ഞാൽ; അതു ജീവിതംതന്നെ നിലനിർത്താൻ വേണ്ടിയാണെങ്കിൽ! അണ്ടർ 20 ഫുട്ബോൾ താരം അൻവർ അലി വല്ലാത്തൊരു അവസ്ഥയിലാണ്.ജന്മനാ ഹൃദയത്തിനു തകരാറുള്ള ഇരുപതുകാരനോടു ഫുട്ബോൾ കളി ഉപേക്ഷിക്കാൻ ആവശ്യപ്പെടാനിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ.

2017 ലെ അണ്ടർ 17 ലോകകപ്പിലെ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായ അൻവർ കഴിഞ്ഞയാഴ്ച കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രക്തപരിശോധന, സിടി സ്കാൻ, എംആർഐ എന്നിവയ്ക്ക് വിധേയനായിരുന്നു, ഇതിന്റെ റിപ്പോർട്ടുകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് അയച്ചിരുന്നു. സ്പോർട്സ് മെഡിക്കൽ കമ്മിറ്റിയാണ് അൻവർ കളി തുടരുന്നത് അപകടമാണെന്നു നിർദേശം നൽകിയത്.കഴിഞ്ഞ വർഷം അപകടരമായ ഹൃദ്രോഗം കണ്ടെത്തിയതുമുതൽ സെന്റർ ബാക്കിന്റെ കരിയർ തുലാസിലായിരുന്നു .ഫ്രാൻസിലെയും മുംബൈയിലെയും മികച്ച ഡോക്ടർമാരുമായി കൂടിയാലോചിച്ചതിനെത്തുടർന്ന് ഐ‌എസ്‌എൽ ഫ്രാഞ്ചൈസിയായ മുംബൈ സിറ്റി എഫ്‌സിയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു

.ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിലെ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു അൻവർ.മുഹമ്മദൻസ് സ്പോർട്ടിങ് താരമായ അൻവർ അലിയുടെ കഴിവുകളിൽ മതിപ്പുളവാക്കിയ ദേശീയ പരിശീലകൻ ഇഗോർ സ്റ്റിമാക് അദ്ദേഹത്തെ ഒരു ക്യാമ്പിലേക്ക് വിളിപ്പിച്ചു, എന്നാൽ ഫുട്ബോളിലെ കരിയറിൽ വളരെയധികം അപകടസാധ്യതയുണ്ടെന്ന് മൂന്ന് കാർഡിയോളജിസ്റ്റുകൾ പറഞ്ഞതിനെത്തുടർന്ന് അൻവർ കളിയിൽ നിന്നും സ്വയം പിന്മാറി .