കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സലിനെ സ്വന്തമാക്കി ചിരവൈരികളായ ബെംഗളൂരു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്യാപ്റ്റൻ ജെസൽ കാർനെയ്‌റോ രണ്ട് വർഷത്തെ കരാറിൽ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയിലേക്ക് മാറിയിരിക്കുകയാണ്.2019 ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് ലെഫ്റ്റ് ബാക്കായ ജെസൽ കർനെയ്റോ. നിലവിൽ ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹവുമായി കരാർ ദീർഘിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടായിരുന്നുവെന്നും എന്നാൽ ഒരു വർഷത്തെ കരാർ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തത് എന്നതിനാൽ രണ്ട് വർഷ കരാറുമായി മുന്നോട്ടു വന്ന ബെംഗളൂരു എഫ് സിയിലേക്ക് ചേക്കേറാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ഡെംപോ സ്‌പോർട്‌സ് ക്ലബ്ബിൽ നിന്നാണ് ജെസൽ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഡിഫൻഡറിന് തുടക്കത്തിൽ ക്ലബ് ഒരു വർഷത്തെ കരാർ നൽകിയത് എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) അരങ്ങേറ്റ സീസണിൽ ലെഫ്റ്റ് ബാക്കായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിനൊപ്പം മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു.ബ്ലാസ്റ്റേഴ്സുമായുള്ള കരാർ നീട്ടാൻ പ്രാഥമിക ചർച്ചകൾ നടന്നെങ്കിലും ബെംഗളുരു എഫ്‌സിയുടെ രണ്ട് വർഷത്തെ ഓഫർ താരം സ്വീകരിച്ചു.

2019 ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ജെസൽ അതിവേഗമാണ് ക്ലബ്ബിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നായി മാറിയത്. ക്ലബ്ബിലെ ആദ്യ നാളുകളിൽ മാസ്മരിക പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഇത് ടീമിന്റെ നായക സ്ഥാനത്തേക്കും അദ്ദേഹത്തെ എത്തിച്ചു. 2021-22 സീസണിൽ ഗോവ ആതിഥേയത്വം വഹിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ‌ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുമ്പോൾ ജെസലായിരുന്നു ടീമിനെ നയിച്ചിരുന്നത്‌.

സെർജിയോ സിഡോഞ്ചയുടെ പരിക്കിനെത്തുടർന്ന് 2020-21 സീസണിൽ ജെസ്സൽ ടീമിന്റെ ക്യാപ്റ്റനായി. 2021-22 സീസണിന് മുമ്പ് സ്ഥിരം ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചു.ബ്ലാസ്റ്റേഴ്സിനായി 63 മത്സരങ്ങൾ കളിച്ച ജെസൽ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്താനുള്ള കഴിവുള്ള ലെഫ്റ്റ് ബാക്കാണ്.

Rate this post