❝ എന്നും 🇦🇷🏆 ഓർമ്മയിൽ സൂക്ഷിക്കുന്ന അർജന്റീനയുടെ 🏆❤️ അവസാന കോപ്പ കിരീടം ❞

അര്ജന്റീന പ്രധാനപ്പെട്ട ഒരു അന്തരാഷ്ട്ര കിരീടം നേടിയിട്ട് 28 വർഷമായി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. കാൽ നൂറ്റാണ്ടായിട്ടും ഒരു കിരീടത്തിനായുള്ള കാത്തിരിപ്പിലാണ് മറഡോണയുടെ പിൻഗാമികൾ.2004, 2008 ഒളിമ്പിക് ഗെയിംസിൽ അർജന്റീന സ്വർണ്ണ മെഡലുകൾ നേടിയിരുന്നുവെങ്കിലും അവസാനത്തെ സീനിയർ വിജയം നേടിയത് 1993 ലെ കോപ അമേരിക്കയിലാണ്.1986 ലെ മെക്സിക്കോയിൽ നടന്ന ലോകകപ്പ് നേടി ലാ അൽബിസെലെസ്റ്റെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ശക്തിയായി വളർന്നു. 1990 ൽ ഫൈനലിലെത്തിയെങ്കിലും പശ്ചിമ ജര്മനിയോട് ഫൈനലിൽ പരാജയപെടാനായിരുന്നു വിധി.എന്നാൽ 1991 ൽ 32 വർഷത്തിന് ശേഷം കോപ്പ കിരീടം നേടിയ അവർ 1992 ലെ കിംഗ് ഫഹദ് കപ്പിൽ ( കോൺഫെഡറേഷൻ കപ്പ് ) വിജയിച്ചു. 1993 ൽ കോപ്പ അമേരിക്കയിൽ കൂടി കിരീടം നേടി തങ്ങളുടെ മാന്ത്രിക റൺ അര്ജന്റീന തുടർന്നു.

ഇക്വഡോർ ആതിഥേയത്വം വഹിച്ച കോപ്പ അമേരിക്കയുടെ 36-ാമത്തെ പതിപ്പായിരുന്നു. 1991 ലെ കോപ്പ അമേരിക്കയിൽ സൂപ്പർ താരം മറഡോണയില്ലാതെയാണ് അര്ജന്റീന ചാമ്പ്യന്മാരായത്. വിലക്കിന് ശേഷം 1992 ൽ സ്പാനിഷ് ക്ലബ് സെവിയ്യയിൽ ചേർന്നെങ്കിലും തന്റെ മുൻ ഫോം തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടതോടെ ടൂർണമെന്റിനുള്ള ടീമിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല.മാനേജർ ആൽഫിയോ ബേസിൽ മറഡോണയുടെ പ്രിയപ്പെട്ട നമ്പർ 10 സെവില്ലയുടെ ഡീഗോ സിമിയോണിന് കൈമാറി.പ്രതിഭാധനനായ ഫെർണാണ്ടോ റെഡോണ്ടോ ആയിരുന്നു സിമിയോണിന്റെ മിഡ്‌ഫീൽഡ് പങ്കാളി. ഇരുവരും അർജന്റീനക്ക് കിരീടം നേടി കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

കൊളംബിയ, മെക്സിക്കോ, ബൊളീവിയ എന്നിവയ്‌ക്കൊപ്പം ഗ്രൂപ് സിയിൽ ആയിരുന്നു അർജന്റീനയുടെ സ്ഥാനം.ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളി മാത്രം ജയിക്കുകയും മറ്റ് രണ്ട് മത്സരങ്ങൾ സമനിലയിൽ ആവുകയും ചെയ്തു.തുറമുഖ നഗരമായ ഗ്വായാക്വിലിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ 1-0 ന് ജയിച്ചു, 53 ആം മിനുട്ടിൽ ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയാണ് ഗോൾ നേടിയത്.1991 ലെ കോപ്പ അമേരിക്കയിൽ ടോപ് സ്കോറർ ആയിരുന്ന ഫിയോറെന്റീന സ്‌ട്രൈക്കർ 1993 ലും ഫോം തുടർന്നു. രണ്ടാം മത്സരത്തിൽ മെക്‌സിക്കോക്കെതിരെ സമനിലയിൽ പിരിഞ്ഞു .ഇരു ടീമുകളും ഓരോ ഗോളുകൾ നേടി.അവസാന ഗ്രൂപ്പ് ഗെയിമിൽ കൊളംബിയയ്‌ക്കെതിരെയും അര്ജന്റീന സമനില വഴങ്ങി. സിമിയോനിയുടെ ഗോളിൽ മുന്നിലെത്തിയ അർജന്റീനയെ മിനിറ്റുകൾക്കുള്ളിൽ തന്നെ ഫ്രെഡി റിൻ‌കോൺ ഗോളിൽ സമനില നേടിക്കൊടുത്തു.


ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ തേടിയെത്തിയത് ചിരിവൈരികളായ ബ്രസീലായിരുന്നു. 37 ആം മിനുട്ടിൽ മുള്ളറുടെ ഗോളിലൂടേ ബ്രസീൽ ലീഡ് നേടി .69-ാം മിനിറ്റിൽ ലിയോനാർഡോ റോഡ്രിഗസ് അർജന്റീനക്ക് സമനില നേടിക്കൊടുത്തു.അർജന്റീനയുടെ തുടർച്ചയായ മൂന്നാമത്തെ 1-1 സമനിലയെ തുടർന്നു മത്സരം പെനാൽറ്റിയിലേക്ക് പോയി. പെനാൽറ്റി ഷൂട്ട് ഔട്ടിൽ അവസാന കിക്കെടുത്ത ബ്രസീലിയൻ താരം ബോയഡീറോയുടെ ഷോട്ട് ഗോൾകീപ്പർ സെർജിയോ ഗൊയ്‌കോച്ചിയ രക്ഷിച്ചതോടെ അര്ജന്റീന സെമിയിലേക്ക് കടന്നു.സെമിയിൽ അർജന്റീനയെ കാത്തിരുന്നത് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റുമുട്ടലിന്റെ ആവർത്തനമെന്നോണം കൊളംബിയയാണ്. നിശ്ചിത സമയത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം വീണ്ടും പെനാൽറ്റിയിലേക്ക് കടന്നു. ബ്രസീലിനെതിരെയുള്ള മത്സരത്തിന്റെ ആവർത്തനം എന്ന പോലെ അവസാന കിക്ക് തടുത്ത് ഗോൾ കീപ്പർ ഗോയ്‌കോച്ച അർജന്റീനയുടെ രക്ഷകനായി ഫൈനലിലേക്കുള്ള വഴി തെളിച്ചു.

ഫൈനലിൽ അർജന്റീനക്ക് നേരിടേണ്ടി വന്നത് മെക്സിക്കോയെയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ 11 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകളുമായി മത്സരം ചൂടുപിടിച്ചു. ആദ്യ മത്സരത്തിൽ ഗോൾ നേടിയെങ്കിലും പിന്നീടുള്ള തുടർച്ചയായ നാല് മത്സരങ്ങളിൽ ഗോൾ നേടാൻ സാധിക്കാതിരുന്ന സ്റ്റാർ സ്‌ട്രൈക്കർ ബാറ്റിസ്റ്റുട്ടയിലൂടെ അര്ജന്റീന മുന്നിലെത്തി. എന്നാൽ മെക്സിക്കോ ബെഞ്ചാമിൻ ഗാലിൻഡോയുടെ ഗോളിലൂടെ സമനില പിടിച്ചു .എന്നാൽ അതികം വൈകാതെ സിമിയോണിയുടെ പാസിൽ നിന്നും മെക്സിക്കൻ ഗോൾ കീപ്പർ ജോർജ്ജ് കാമ്പോസിനി മറികടന്നു ബാറ്റിസ്റ്റുട്ട വിജയ ഗോൾ നേടി.

ടൂർണമെന്റ് തുടങ്ങുമായത്‌ അര്ജന്റീന അത്ര മികച്ച ഫോമിൽ അല്ലായിരുന്നു .എന്നാൽ ആറ് കളികളിൽ നിന്ന് നാല് വിജയവും രണ്ടു സമനിലയുമായി അവരുടെ പതിനാലാമത്തെ കോപ്പ അമേരിക്ക കിരീടവും ഏഴ് വർഷത്തിനുള്ളിൽ മൂന്നാമത്തെ പ്രധാന ടൂർണമെന്റ് വിജയിച്ചു. അതിനു ശേഷം പലപ്പോഴും അര്ജന്റീന കിരീടത്തിനടുത്തെത്തിയെങ്കിലും നിർഭാഗ്യം മൂലം നേടാൻ സാധിച്ചില്ല.2014 ലോകകപ്പിലും 2007 , 2015 & 2016 കോപ അമേരിക്കയിലും ഫൈനലിൽ എത്തിയെങ്കിലും പരാജയപെടാനായിരുന്നു വിധി .രണ്ട് ഒളിമ്പിക് സ്വർണവും 12 വർഷത്തിനുള്ളിൽ അണ്ടർ 20 ലോകകപ്പിൽ അഞ്ച് വിജയങ്ങളും ദക്ഷിണ അമേരിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ അഞ്ച് വിജയങ്ങളും ഉൾപ്പെടെ ഇടക്കാലത്ത് ധാരാളം മെഡലുകൾ നേടിയെങ്കിലും സീനിയർ തലത്തിൽ ഒന്ന് മാത്രം നേടാനായില്ല .ഈ തുടങ്ങുന്ന കോപ്പയിൽ 28 വർഷത്തെ കാത്തിരിപ്പിന് അവസാനം ഉണ്ടാവും എന്നാണ് ആരാധകർ കരുതുന്നത്.