യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ സൗഹൃദ മത്സരത്തിനുള്ള തങ്ങളുടെ പ്ലേയിംഗ് ഇലവൻ അർജന്റീന പ്രഖ്യാപിച്ചു

ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തിൽ അർജന്റീന ദേശീയ ടീം യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ നേരിടാൻ ഒരുങ്ങുന്നു. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ രണ്ട് ദിവസമായി അബുദാബിയിൽ പരിശീലനത്തിലായിരുന്നു അർജന്റീന ടീം. ലോകകപ്പിന് മുമ്പ് അർജന്റീന കളിക്കുന്ന ഏക സൗഹൃദ മത്സരം യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെയാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ കളിക്കുന്ന അർജന്റീനയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. സൗഹൃദ മത്സരമായാലും ഫിഫയുടെ ഔദ്യോഗിക മത്സരമായതിനാൽ അൺലിമിറ്റഡ് സബ്സ്റ്റിറ്റ്യൂഷൻ മത്സരത്തിൽ അനുവദിക്കില്ല. സാധാരണയായി അനുവദിക്കുന്ന 5 സബ്സ്റ്റിറ്റ്യൂഷനുകൾ മാത്രമേ മത്സരത്തിൽ അനുവദിക്കൂ. അതുകൊണ്ട് തന്നെ സ്ക്വാഡിലെ എല്ലാ അംഗങ്ങൾക്കും സൗഹൃദ മത്സരത്തിൽ കളിക്കാനാകില്ല.

ക്യാപ്റ്റൻ ലയണൽ മെസ്സി ഉൾപ്പടെയുള്ള അർജന്റീനയുടെ പ്ലെയിംഗ് ഇലവനെ കോച്ച് ലയണൽ സ്‌കലോനി പ്രഖ്യാപിച്ചു. എമിലിയാനോ മാർട്ടിനെസാണ് അർജന്റീനയുടെ ഗോൾകീപ്പർ. പ്രതിരോധത്തിൽ ഫോയ്ത്ത്, ഒറ്റാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, അക്യുന എന്നിവരെയാണ് കോച്ച് അണിനിരത്തുന്നത്. ഡി പോൾ, പരേഡസ്, മാക് അലിസ്റ്റർ എന്നിവർ മധ്യനിരയിൽ കളിക്കും. ലയണൽ മെസ്സി, ഡി മരിയ, ജൂലിയൻ അൽവാരസ് എന്നിവർ മുന്നേറ്റ നിരയിൽ കളിക്കും. ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരമായതിനാൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ സൗഹൃദ മത്സരത്തെ അതീവ ഗൗരവത്തോടെയാണ് അർജന്റീന കാണുന്നത്.

അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ മത്സരത്തിനുള്ള ടീമിൽ പരിക്കിന് സാധ്യതയുള്ള താരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ഈ സൗഹൃദ മത്സരത്തിൽ റിസ്ക് എടുക്കില്ലെന്ന് പരിശീലകൻ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്നത്തെ മത്സരത്തിൽ പരിക്കേറ്റ് തിരിച്ചെത്തിയ പൗലോ ഡിബാല, ക്രിസ്റ്റ്യൻ റൊമേറോ, പപ്പു ഗോമസ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Rate this post