ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ക്ലബ്ബുകളോട് അഭ്യർത്ഥനയുമായി ലയണൽ സ്‌കലോനി |Qatar 2022

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രധാന താരങ്ങളുടെ പരിക്കാണ് പല പ്രമുഖ ടീമുകളെയും വലക്കുന്നത്.ക്ലബ്ബ് മത്സരങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്തതിനാൽ പല താരങ്ങൾക്കും ഇപ്പോൾ പരിക്കേൽക്കുന്നുണ്ട്. ഒരുപാട് മികച്ച താരങ്ങൾ വേൾഡ് കപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു. കിരീട പ്രതീക്ഷ ഏറെയുള്ള അര്ജന്റീനക്കും പരിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ഈയൊരു പശ്ചാത്തലത്തിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുമ്പുള്ള ലീഗ് മത്സരങ്ങളിൽ പൂർണ ഫിറ്റ്‌നല്ലാത്ത തന്റെ കളിക്കാരെ ഇറക്കരുതെന്ന് യൂറോപ്യൻ ക്ലബ്ബുകളോട് അർജന്റീന കോച്ച് ലയണൽ സ്‌കലോനി ആവശ്യപ്പെട്ടു. വിയ്യ റയലിന് വേണ്ടി കളിക്കുമ്പോൾ പരിക്കേറ്റ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോ വേൾഡ് കപ്പിന് ഉണ്ടവില്ല എന്ന സ്ഥിരീകരണം കഴിഞ്ഞ ദിവസം വന്നിരുന്നു. താരത്തിന്റെ അഭാവം അർജന്റീനക്ക് വലിയ ക്ഷീണമാവും എന്നുറപ്പാണ്.ക്ലബ്ബ് മത്സരങ്ങൾ ഇനിയും അവശേഷിക്കുന്നതിനാൽ പരിക്ക് ഭീതി ഇപ്പോഴും അർജന്റീനക്ക് വിട്ടൊഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം.

ബുധനാഴ്ച റയൽ സോസിഡാഡിനെതിരായ ലാലിഗ പോരാട്ടത്തിനായി സെവിയ്യയുടെ അർജന്റീനിയൻ കോച്ച് ജോർജ്ജ് സാമ്പവോളി അന്താരാഷ്ട്ര താരങ്ങളായ അലജാൻഡ്രോ ഗോമസിനെയും മാർക്കോസ് അക്യൂനയെയും വിളിച്ചില്ല. ഖത്തറിലേക്കുള്ള തന്റെ 26 അംഗ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്റെ കളിക്കാരുടെ “ശാരീരിക അവസ്ഥ” വിലയിരുത്തുമെന്ന് സ്‌കലോനി പറഞ്ഞു.“ഞങ്ങൾ ക്ലബ്ബുകളുമായി സംസാരിക്കുന്നു, അതിനാൽ 100% അല്ലാത്ത കളിക്കാർ അവരുടെ മത്സരം കളിക്കരുത്,” സ്‌കലോനി പറഞ്ഞു.

നവംബർ 22ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് അർജന്റീന ലോകകപ്പ് കാമ്പയിൻ ആരംഭിക്കുന്നത്. ഗ്രൂപ്പ് സിയിൽ മെക്‌സിക്കോ പോളണ്ട് എന്നിവരാണ് മറ്റു ടീമുകൾ.കോപ്പ അമേരിക്ക കിരീട ജേതാക്കളായ അർജന്റീനക്ക് മുമ്പിലുള്ള ഇപ്പോഴത്തെ ലക്ഷ്യം വേൾഡ് കപ്പ് കിരീടമാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒരു മത്സരം പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല.അത്രയേറെ മിന്നുന്ന ഫോമിലാണ് അർജന്റീന ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

Rate this post