എൽ ട്രാക്ടർ :❝അർജന്റീനയുടെ മിഡ്‌ഫീൽഡും ഡിഫെൻസും അടക്കി ഭരിച്ച ഓൾ റൗണ്ടർ❞|Javier Zanetti

അർജന്റീന ഫുട്ബോൾ ടീം എന്ന് കേൾക്കുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിൽ തെളിയുന്ന ആദ്യത്തെ രണ്ട് മുഖങ്ങൾ ഒന്ന് ഡീഗോ മറഡോണയും മറ്റൊന്ന് ലയണൽ മെസ്സിയുമാണ് .അർജന്റീനയിലെ എക്കാലത്തെയും ഇതിഹാസങ്ങളായ സ്‌ട്രൈക്കർമാരെക്കുറിച്ചാണ് ലോകം കൂടുതലും ചിന്തിക്കുന്നതും സംസാരിക്കുന്നതും.

അർജന്റീനയുടെ ഫുട്ബോൾ ചരിത്രം നോക്കുമ്പോൾ അവരുടെ എക്കാലത്തെയും മികച്ച പ്രതിരോധക്കാരനാക്കരനായി ഹാവിയർ സാനെറ്റിയെ കാണാൻ സാധിക്കും. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുൾ ബാക്ക് ആണ് ഹാവിയർ സാനെറ്റി.തന്റെ കാലഘട്ടത്തിലെ ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കും സനേറ്റി ആയിരുന്നു.1994-ൽ ദേശീയ ടീമിൽ ഹാവിയർ സാനെറ്റി അരങ്ങേറ്റം കുറിച്ചു.പിന്നീട് നീണ്ട 17 വർഷക്കാലം ഹാവിയർ സാനെറ്റി അർജന്റീന ടീമിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ നിലയുറപ്പിച്ചു.

2007-ൽ റോബർട്ട് അയാല വിരമിച്ചതിന് ശേഷം ദേശീയ ടീമിന്റെ ക്യാപ്ടനായിരുന്നു സനേറ്റി.അർജന്റീനയ്ക്ക് വേണ്ടി 145 മത്സരങ്ങൾ കളിച്ച ജാവിയർ സനെറ്റി ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ കളിക്കാരനാണ്. അർജന്റീനിയൻ ക്ലബ്ബായ ടാലേറസിലൂടെയാണ് ഹാവിയർ സാനെറ്റി തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. പിന്നീട് മറ്റൊരു അർജന്റീനിയൻ ക്ലബ്ബായ ബാൻഫീൽഡിനായി കളിച്ചു. എന്നിരുന്നാലും, ഹാവിയർ സാനെറ്റി തന്റെ ഫുട്ബോൾ കരിയറിന്റെ ഭൂരിഭാഗവും ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിൽ ചെലവഴിച്ചു.

1995-ൽ 22-ാം വയസ്സിൽ ഇന്റർ മിലാനിൽ ചേർന്നു. പിന്നീട് 19 വർഷത്തോളം സാനെറ്റി ഇന്റർ മിലാനിൽ തുടർന്നു. 2014-ൽ, 41-ാം വയസ്സിൽ, ഹാവിയർ സാനെറ്റി ഇന്റർ മിലാൻ വിടുകയും തന്റെ ഫുട്ബോൾ ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു.19 വർഷമായി തങ്ങളുടെ എല്ലാമായിരുന്ന ജാവിയർ സനെറ്റിയോടുള്ള ആദരസൂചകമായി ഇന്റർ മിലാനിൽ താൻ ധരിച്ചിരുന്ന നാലാം നമ്പർ ജേഴ്‌സി ഇന്റർ മിലാൻ പിൻവലിച്ചു.

ഇന്റർ മിലാന് വേണ്ടി 615 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹാവിയർ സനെറ്റി 12 ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ന് ഇന്റർ മിലാന്റെ വൈസ് പ്രസിഡന്റാണ് ഹാവിയർ സാനെറ്റി. അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം സാനെറ്റി സ്‌പെഷ്യൽ ഒളിമ്പിക്‌സിന്റെ ഗ്ലോബൽ അംബാസഡർ കൂടിയാണ്.സാനെറ്റിക്ക് മുമ്പോ സാനെറ്റിക്ക് ശേഷമോ അർജന്റീനയിൽ നിന്ന് സാനെറ്റിയെപ്പോലെ ഒരു റൈറ്റ് ബാക്ക് ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.