ലയണൽ മെസ്സിയെന്ന ക്യാപ്റ്റനെക്കുറിച്ച് അർജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോൾ |Lionel Messi

ഖത്തർ ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന കിരീടം സ്വന്തമാക്കിയത്.36 വർഷത്തിന് ശേഷം അർജന്റീന ഫുട്ബോൾ ടീമിനെ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് ക്യാപ്റ്റൻ ലയണൽ മെസ്സി മുഴുവൻ അര്ജന്റീനക്കാർക്കും സന്തോഷിക്കാനുള്ള വക നൽകിയിരിക്കുകയാണ്.

മെസ്സിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹതാരം റോഡ്രിഗോ ഡി പോൾ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ലയണൽ മെസ്സി എന്നതിൽ സംശയമില്ലെന്നും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻ ലയണൽ മെസിയാണെന്നും റോഡ്രിഗോ ഡി പോൾ പറഞ്ഞു. ” മെസ്സി രിത്രത്തിലെ ഏറ്റവും മികച്ചവനാണ്,അതിൽ സംശയമില്ല, ഗെയിമിൽ അദ്ദേഹം അത് കാണിച്ചു. ടൂർണമെന്റിലുടനീളം അദ്ദേഹം അത് കാണിക്കുകയും ചെയ്തു. ഈ പ്രായത്തിലും മെസ്സി തന്റെ കഴിവുകൾ കാണിച്ചു കൊണ്ടിരിക്കുകയാണ്.എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്യാപ്റ്റനെക്കുറിച്ചുള്ള സംതൃപ്തിയുടെ വാക്കുകൾ മാത്രമാണുള്ളത്.”റോഡ്രിഗോ ഡി പോൾ ടൈസി സ്‌പോർട്‌സിനോട് പറഞ്ഞു.

ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും വളരെ അടുത്ത സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കുന്നവരുമാണ്.കളിക്കളത്തിലും പുറത്തും എപ്പോഴും മെസ്സിയുടെ അരികിലായതിനാൽ റോഡ്രിഗോ ഡി പോളിനെ അർജന്റീന ആരാധകർ തമാശയായി ‘ലയണൽ മെസ്സിയുടെ ബോഡി ഗാർഡ് ‘ എന്ന് വിളിക്കുന്നു.എതിരാളികൾ ലയണൽ മെസ്സിയെ ഫൗൾ ചെയ്യുമ്പോൾ പലപ്പോഴും മത്സരങ്ങളിൽ വാക്കാലുള്ളതും കായികവുമായും ഡി പോൾ എതിരാളികൾക്കെതിരെ ആക്രമണാത്മകമായി പ്രവർത്തിക്കുന്നു. എപ്പോഴും ലയണൽ മെസിയെ അനുസരിക്കുന്ന കളിക്കാരൻ കൂടിയാണ് ഡി പോൾ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് പുറത്തുവന്ന ഒരു വീഡിയോ.

ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം ഇന്നലെ രാത്രി ഖത്തറിൽ നിന്ന് അർജന്റീനയിലേക്ക് മടങ്ങി. രാത്രി ഏറെ വൈകിയും ലയണൽ മെസ്സിക്കും സംഘത്തിനും അഭിവാദ്യം അർപ്പിക്കാൻ റോഡുകളിലും തെരുവുകളിലും വൻ ആരാധകരാണ് തടിച്ചുകൂടിയത്. എന്നാൽ, ഇന്ന് അർജന്റീനിയൻ താരങ്ങൾ വീണ്ടും തുറന്ന ബസിൽ ആരാധകരുടെ ഇടയിൽ ജൈത്രയാത്ര നടത്തി. ഇതിനിടെ ഡി പോൾ ആരാധകരുടെ ഇടയിലേക്ക് പോവാൻ സാധ്യതയുണ്ടെന്ന് കണ്ട മെസ്സി ഡി പോളിനോട് ഇരിക്കാൻ ആവശ്യപ്പെട്ടു. മെസ്സിയുടെ വാക്കുകൾ കേട്ട് ഡി പോൾ ഉടനെ ഇരുന്നു. അവർക്കിടയിൽ എത്രത്തോളം ധാരണയുണ്ടെന്ന് ഇത് വെളിപ്പെടുത്തുന്നു.

Rate this post