❝ഫൈനലിൽ അർജന്റീന വിജയത്തിൽ നന്ദി പറയേണ്ട രണ്ടു പോരാളികൾ ❞

ആവേശകരമായ കോപ്പ അമേരിക്ക ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ചിര വൈരികളായ ബ്രസീലിനെ തകർത്ത് അർജന്‍റീന കിരീടം ചൂടി. കരിയറിൽ ഒരു രാജ്യാന്തര കിരീടവുമില്ലാതെ മടങ്ങുന്ന ദുർഗതിക്ക് അന്ത്യം കുറിക്കാനായത് ലയണൽ മെസിക്ക് ആശ്വാസകരമായി. എന്നാൽ ഈ കോപ്പ അമേരിക്ക കിരീടധാരണത്തിന് അര്ജന്റീന ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ഡി മരിയയോടോ, ലയണല്‍ മെസ്സിയോടോ , എന്നാൽ ഇവരേക്കാൾ ഏറെ അർജന്റീന നന്ദി പറയേണ്ട രണ്ടു താരങ്ങളാണ് ടീമിന്റെ ഗോള്‍ വരയ്ക്കു മുന്നില്‍ ചോരാത്ത കൈകളുമായി നിന്ന എമിലിയാനൊ മാര്‍ട്ടിനെസും നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളും.

കൊളംബിയയ്ക്കെതിരായ സെമിഫൈനലിൽ ഷൂട്ടൌട്ടിൽ അർജന്‍റീനയെ കാത്ത എമിലിയാനോയുടെ കരങ്ങൾ ഫൈനലിൽ ബ്രസീലിനെയും ഒറ്റയ്ക്കു തടുത്തുനിർത്തി. ബ്രസീലിയൻ താരങ്ങളുടെ എണ്ണം പറഞ്ഞ ഷോട്ടുകൾ എമിലിയാനോ തട്ടിയകറ്റിയത് മത്സരത്തിൽ ഏറെ നിർണായകമായി. സെമിയിൽ ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ തടുത്തിട്ട മാര്‍ട്ടിനെസ് ടീമിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു. ബ്രസീലിനെതിരായ കലാശപ്പോരില്‍ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കേ ബ്രസീലിന്റെ ഉറച്ച രണ്ട് ഗോളവസരങ്ങള്‍ തട്ടിയകറ്റിയ മാര്‍ട്ടിനെസാണ് കാനറികളുടെ സ്വപ്‌നങ്ങള്‍ക്ക് തടയിട്ടത്. ഫൈനലിൽ അര്ജന്റീന ഒരു ഗോളിന് മുന്നിട്ട് നിൽക്കുമ്പോൾ ബോക്‌സിലേക്ക് റിച്ചാര്‍ലിസന്റെ അപകടകരമായ മുന്നേറ്റം. തൊട്ടുപിന്നാലെ താരത്തിന്റെ ഗോളെന്നുറച്ച ഷോട്ട് മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.

പിന്നീട് മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്രസീല്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം നിരന്തരം ആക്ര മിക്കുന്ന ഘട്ടത്തിലാണ് മാര്‍ട്ടിനെസിന്റെ രണ്ടാമത്തെ പ്രധാന സേവ് വരുന്നത്. പകരക്കാരനായി ടിറ്റെ കളത്തിലിറക്കിയ ഗബ്രിയേല്‍ ബാര്‍ബോസയുടെ 87-ാം മിനിറ്റിലെ ഗോളെന്നുറച്ച വോളിയാണ് ഇത്തവണ മാര്‍ട്ടിനെസ് അവിശ്വസനീയമായി തട്ടിയകറ്റിയത്. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർകുള്ള അവാർഡും സ്വന്തമാക്കിയാണ് മാർട്ടിനെസ് കളം വിട്ടത്.


ഇന്നത്തെ ഫൈനലിൽ അർജന്റീനയുടെ യഥാർത്ഥ പോരാളിയാണ് നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ. മുന്നേറ്റവും പ്രതിരോധവും ഒരുമിച്ചു നടപ്പിലാക്കിയ മിഡ്ഫീൽഡർ ഡി മരിയയുടെ ഗോളിലേക്കുള്ള പാസ് കൊടുത്ത് മത്സരത്തിൽ നിര്ണായകമാവുകയും ചെയ്തു.എണ്ണം പറഞ്ഞ, ക്ലീൻ ടാക്കിളുകൾ. അർജൻ്റൈൻ മുന്നേറ്റങ്ങളുടെ എഞ്ചിൻ റൂമും ഈ ഏഴാം നമ്പർ താരം തന്നെയായിരുന്നു. പ്രതിരോധത്തിലിറങ്ങി പന്ത് പിടിച്ചെടുക്കാനും മിഡ്‌ഫീൽഡിൽ നിന്ന് മുന്നേറ്റ നിരക്ക് പന്തെത്തിച്ചി കൊടുക്കുന്നതിൽ മിടുക്ക് കാണിച്ച മിഡിഫൻഡർ മെസ്സിയുമായി മികച്ച ധാരണ പുലർത്തുകയും ചെയ്തു.

മത്സരത്തിലുടനീളം നെയ്മറെ സമർത്ഥമായി മാർക്ക് ചെയ്ത ഡി പോൾ മുന്നേറ്റ നിറയും നെയ്മറുമായുള്ള ലിങ്ക് പ്ളേക്ക് തടസ്സമായി നിന്നു.മുന്നിൽ നിന്നും ഗോളവസരങ്ങൾ ഒരുക്കാനും,നിർണ്ണായക സംഭാവനകൾ നൽകാനും ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാൻ തിരികെയെത്താനും കഴിയുന്ന ഒരു മികച്ച ക്ലാസ് മിഡ്ഫീൽഡറെ ഡി പോളിൽ കാണാൻ കഴിഞ്ഞു.ഇറ്റാലിയൻ സിരി എ യിൽ ഉഡീനീസിനു വേണ്ടി ഗംഭീര പ്രകടനം നടത്തിയ 27 കാരനെ ലാ ലീഗ്‌ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് ടീമിലെത്തിച്ചിരിക്കുകയാണ്.