കൊളംബിയയോട് തോൽവി ,അണ്ടർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നിന്ന് അർജന്റീന പുറത്ത്

2022 ഫിഫ ലോകകപ്പ് അർജന്റീന നേടിയതിന്റെ ആഹ്ലാദം അർജന്റീന ആരാധകർക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നിരാശാജനകമായ പ്രകടനമാണ് അർജന്റീന U20 ടീം പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും അർജന്റീന തോറ്റിരുന്നു. നേരത്തെ പരാഗ്വെയ്‌ക്കെതിരെയും ബ്രസീലിനെതിരെയും തോറ്റ അർജന്റീന ഇന്ന് കൊളംബിയയ്‌ക്കെതിരെയും തോറ്റിരുന്നു.

എസ്റ്റാഡിയോ പാസ്‌ക്വൽ ഗുറേറോയിൽ നടന്ന മത്സരത്തിൽ കൊളംബിയ 1-0ത്തിന് അർജന്റീനയെ പരാജയപ്പെടുത്തി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കൊളംബിയ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ 75-ാം മിനിറ്റിൽ ജുവാണ്ട ഫ്യൂന്റസാണ് കൊളംബിയക്കായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ജുവാണ്ട ഫ്യൂന്റസിന്റെ ഗോളിൽ കൊളംബിയ അർജന്റീനയെ തോൽപ്പിച്ച് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി. 5 തവണ U-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ചാമ്പ്യൻമാരായ അർജന്റീന 2019-ൽ റണ്ണേഴ്‌സ് അപ്പായിരുന്നു. അന്ന് ഫൈനലിൽ അർജന്റീന ഇക്വഡോറിനോട് തോറ്റു.

അതേസമയം അർജന്റീന നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റിരുന്നു. അണ്ടർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാഗ്വേയോട് 2-1 ന് അർജന്റീന പരാജയപ്പെട്ടു, തുടർന്ന് ബ്രസീലിനെതിരെ 3-1 ന് തോൽവി. പെറുവിനെതിരെയായിരുന്നു ടൂർണമെന്റിൽ അർജന്റീനയുടെ ഏക വിജയം. അർജന്റീന ലൈനപ്പിൽ ഇഗ്നാസിയോ മാസ്ട്രോ പുച്ച്, മാക്സിമോ പെറോൺ, ജിനോ ഇൻഫാന്റിനോ, ബ്രയാൻ അഗ്യൂറെ, ലൗട്ടാരോ ഫെഡറിക്കോ ഡി ലോല്ലോ തുടങ്ങിയ കളിക്കാർ ഉണ്ടായിരുന്നിട്ടും, അർജന്റീന ഇതിഹാസം ഹാവിയർ മഷറാനോ പരിശീലിപ്പിച്ച ടൂർണമെന്റിലെ ടീമിന്റെ ഫലങ്ങൾ തികച്ചും നിരാശാജനകമായിരുന്നു.

എന്തായാലും 2026 ഫിഫ ലോകകപ്പിൽ അർജന്റീന എത്തുമ്പോൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന U-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നിരവധി താരങ്ങൾ അർജന്റീന ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഹാവിയർ മഷറാനോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നാണ് കരുതേണ്ടത്. അദ്ദേഹത്തിന് കീഴിൽ ടീം തീർച്ചയായും മികച്ച മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാം

Rate this post