ആരാധകരെ അത്ഭുതപ്പെടുത്തിയ ബാക്ക്ഹീൽ ഗോളുമായി അലക്‌സിസ് മാക് അലിസ്റ്റർ |Alexis Mac Allister
2022 ൽ ഖത്തറിൽ ലോകകപ്പ് നേടിയ അർജന്റീനയുടെ മികച്ച കളിക്കാരിൽ ഒരാളാണ് അലക്സിസ് മാക് അലിസ്റ്റർ.അർജന്റീനയുടെ ലോകകപ്പ് ടീമിൽ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ മിഡ്ഫീൽഡറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
ആദ്യത്തെ മത്സരത്തിൽ ബെഞ്ചിലായിരുന്ന താരം അടുത്ത മത്സരത്തിൽ സ്റ്റാർട്ട് ചെയ്‌തതിനു ശേഷം പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പോളണ്ടിനെതിരെ അർജന്റീനയുടെ ആദ്യ ഗോൾ നേടിയ താരം ഫൈനലിൽ ഡി മരിയ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. വേൾഡ് കപ്പിലെ മികച്ച ഫോം ക്ലബ്ബിലും തുടരുകയാണ് അര്ജന്റീന താരം. ഇന്നലെ എഫ് എ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ മിഡ്‌ഡിൽസ്ബ്രോക്കെതിരെ ബ്രൈറ്റൺ വിജയം സ്വന്തമാക്കിയിരുന്നു.പകരക്കാരനായി ഇറങ്ങി മാക് അലിസ്റ്റർ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രൈറ്റൻ വിജയം സ്വന്തമാക്കിയത്.

അതിലൊന്ന് മനോഹരമായ ബാക്ക് ഹീൽ ഗോൾ ആയിരുന്നു.ബ്രൈറ്റൻ നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ ബോക്സിൽ രണ്ടു മിഡിൽസ്ബറോ താരങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്ന മാക് അലിസ്റ്റർ പെർവീസ് എസ്‍തുപ്പിൻ നൽകിയ പാസ് ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ വലയിലാക്കി.മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഗ്രോസിന്റെ ഗോളിൽ ബ്രൈറ്റൻ മുന്നിലെത്തിയെങ്കിലും 5 മിനിറ്റുകൾക്ക് ശേഷം പതിമൂന്നാമത്തെ മിനുട്ടിൽ മിഡിൽസ്ബ്രൊ അക്പോമിലൂടെ സമനില ഗോൾ കണ്ടെത്തി, എന്നാൽ കളിയുടെ 29മത്തെ മിനിറ്റിൽ ലല്ലാന നേടിയ ഗോളിൽ ബ്രെയിട്ടൻ മുന്നിലെത്തി. രണ്ടാം പകുതിയിൽ തുടക്കത്തിലാണ് അർജന്റീന താരം കളത്തിലിറങ്ങിയത്.
A goal of @FIFAWorldCup winning quality from Alexis Mac Allister 🤯@OfficialBHAFC#EmiratesFACup pic.twitter.com/rrBFSLXo5l
— Emirates FA Cup (@EmiratesFACup) January 7, 2023
പകരക്കാരനായി ഇറങ്ങിയശേഷം പത്താമത്തെ മിനിറ്റിൽ ബ്രൈറ്റന്റെ ക്യാപ്റ്റൻ കൂടിയായ മാക് അലിസ്റ്റർ തകർപ്പൻ ഒരു ബാക് ഹീൽ ഗോളിലാണ് തങ്ങളുടെ ലീഡ് വർദ്ധിപ്പിച്ചത്. കളിയുടെ 80 മത്തെ മിനിറ്റിൽ താരം തന്റെ രണ്ടാം ഗോളും കണ്ടെത്തി.മാക് അലിസ്റ്റർ തന്നെയാണ് കളിയിലെ താരവും ആയത്.കളിയുടെ നിശ്ചിത സമയം അവസാനിക്കാൻ രണ്ടുമിനിറ്റ് മാത്രം ശേഷി ക്കെ 88 മത്തെ മിനിറ്റിൽ ഉണ്ടവ് നേടിയ ഗോളിൽ പട്ടിക പൂർത്തിയാക്കി അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കി ബ്രൈറ്റൻ. പ്രീമിയർ ലീഗിലും മികച്ച ഫോമിൽ കളിക്കുന്ന ബ്രൈറ്റൻ നിലവിൽ ഏഴാം സ്ഥാനത്താണ്.ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാക് അലിസ്റ്റർക്ക് ആവശ്യക്കാർ വർധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.