“തലയെ വീഴ്ത്താൻ ദൈവപുത്രൻ ഇറങ്ങുമോ , മുംബൈ ക്യാമ്പിൽ സസ്പെൻസ്” | IPL 2022

ഐപിഎൽ 2022 സീസൺ അവസാന ഘട്ട മത്സരങ്ങളിലേക്ക് കടക്കുമ്പോൾ രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസിന് ഇനി നഷ്ടപ്പെടാനൊന്നുമില്ല. പ്ലേ-ഓഫ് സാധ്യതകൾ നേരത്തെ അവസാനിച്ചതിനാൽ, അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ, വരാനിരിക്കുന്ന ഗെയിമുകളിൽ ഭാവിയിൽ കണ്ണുവെച്ചുകൊണ്ട് അവരുടെ ബെഞ്ച് ശക്തി പരീക്ഷിക്കാനായിരിക്കും തയ്യാറാകുക. യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള സന്നദ്ധതയ്ക്ക് പേരുകേട്ടവരാണ് മുംബൈ ഇന്ത്യൻസ്.

വർഷങ്ങളായി തുടർച്ചയായി യുവ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിന്റെ നേട്ടങ്ങൾ അവർ കൊയ്തിട്ടുമുണ്ട്. ഈ സീസണിൽ അവരുടെ മോശം പ്രകടനങ്ങൾക്കിടയിലും, മുംബൈ ഇന്ത്യൻസ് ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ഹൃത്വിക് ഷോക്കീൻ, കുമാർ കാർത്തികേയ എന്നിവരുൾപ്പെടെ ഭാവി വാഗ്ദാനങ്ങളായ യുവ പ്രതിഭകൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു. വിവിധ മത്സരങ്ങളിൽ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ മുതലെടുക്കാനും ടീമിന് സംഭാവന നൽകാനും യുവതാരങ്ങൾക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ഇന്ന് നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്ങ്സുനെതിരായ ഐപിഎൽ 2022ലെ മുംബൈ ഇന്ത്യൻസിന്റെ 12 മത്സരത്തിൽ ആശ്വാസ ജയമാണ് ലക്ഷ്യം വെക്കുന്നത്. രണ്ടു ജയങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ മുംബൈ കൊൽക്കത്തയോട് തോറ്റിരുന്നു , ടിം ഡേവിഡെന്ന ഫിനിഷാറിലാണ് മുംബൈയുടെ പ്രതീക്ഷ , ബൗളിങ്ങിൽ ജസ്പ്രീത് ബുമ്രയും മികച്ചു നിൽക്കുന്നുണ്ട് , പൊള്ളാർഡും നായകൻ രോഹിതും ഇതുവരെ സ്വതമായ ഫോമിലേക്കെത്തിയിട്ടില്ല , ഇഷാൻ കിഷനും പ്രതീക്ഷിച്ച നിലവാരം പുലർത്താത്ത തിരിച്ചടിയാണ് .സൂര്യകുമാർ യാദവ് പരിക്കേറ്റ പുറത്തായത് ടീമിന് തലവേദന സൃഷ്ട്ടിക്കും , മുരുഗൻ ആസ്വിനും , സാംസും തരക്കേടില്ലാതെ ബൗൾ ചെയ്യുന്നുമുണ്ട് , ബാറ്റിംഗ് യൂണിറ്റിന്റെ സ്ഥിരതയില്ലായ്മയാണ് ടീമിനെ വലയ്ക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് .

ഇന്നത്തെ മത്സരത്തിൽ അർജുൻ ടെണ്ടുൽക്കർ കളിക്കാനുള്ള സാധ്യത കൂടുതലാണ് “സ്ക്വാഡിലെ എല്ലാവരും പ്ലെയിങ് ഇലവൻ ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുന്നത് മത്സരങ്ങൾ എങ്ങനെ ജയിക്കാമെന്നതിനെക്കുറിച്ചും ആ മത്സരത്തിലെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള പ്ലാനിംഗിന്റെ അടിസ്ഥാനത്തിലാണ്. അർജുൻ അവരിൽ ഒരാളാണെങ്കിൽ, തീർച്ചയായും ഞങ്ങൾ പരിഗണിക്കും. പക്ഷേ, ഇതെല്ലാം അതാത് മത്സരങ്ങൾക്ക് ഞങ്ങൾ തിരഞ്ഞെടുക്കുന്ന കോമ്പിനേഷനെ ആശ്രയിച്ചിരിക്കുന്നു,” മഹേല ജയവർധന മത്സരത്തിന് മുൻപ് പറഞ്ഞു.