സച്ചിനെ സാക്ഷിയാക്കി ഐപിഎല്ലിലെ ആദ്യവിക്കറ്റും മുംബൈക്ക് വിജയവും നേടികൊടുത്ത് അർജുൻ ടെണ്ടുൽക്കർ |Arjun Tendulkar

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. ഐപിഎല്ലില്‍ തന്റെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ നിര്‍ണായകമായ 20ാമത്തെ ഓവര്‍ ബൗള്‍ ചെയ്യുകയും ഈ ഓവറില്‍ കന്നി വിക്കറ്റ് നേടുകയും ചെയ്തതാണ് അർജുൻ ഹീറോയാക്കിയിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ 14 റണ്‍സിന്റെ വിജയം കൊയ്ത മാച്ചില്‍ ഓപ്പണിങ് ഓവറടക്കം 2.5 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്താണ് അര്‍ജുന്‍ ഒരു വിക്കറ്റെടുത്തത്. ഹൈദരാബാദിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ നായകകന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച് അര്‍ജുന്‍ ആദ്യ വിക്കറ്റ് തന്റെ പേരില്‍ കുറിക്കകയായിരുന്നു.അവസാന ഓവറിൽ സൺറൈസേഴ്സിന് വിജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസായിരുന്നു.

സംശയം ഒന്നും കൂടാതെ ക്യാപ്റ്റൻ രോഹിത് ഏപ്രിൽ 16ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഐപിഎൽ അരങ്ങേറ്റം കുറിച്ച അർജുൻ ടെണ്ടുൽക്കറെ പന്തേൽപ്പിച്ചു.അർജുൻ സമ്മർദ ഘട്ടം നാണായി കൈകാര്യം ചെയ്യുകയും മുംബൈയെ വിജയത്തിലെത്തിക്കുകയും ചെയ്തു.ക്രീസിലുണ്ടായിരുന്നത് ഭുവനേശ്വര്‍ കുമാറും വമ്പനടിക്കാരനായ അബ്ദുള്‍ സമദുമായിരുന്നു ക്രീസില്‍.ആദ്യ ബോള്‍ ഒരു ഫുൾ ടോസ്സായിരുന്നു അത് സമദിന് അടിക്കാനായില്ല. രണ്ടാം പന്തിൽ ഡബിളിനായി ഓടിയ സമദിനെ റിത്വിക് ഷോക്കീന്റെ ത്രോയില്‍ ഇഷാന്‍ കിഷന്‍ റണ്ണൗട്ടാക്കി.അഞ്ചാമത്തെ ബോളില്‍ ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി അര്‍ജന്‍ ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ അക്കൗണ്ടും തുറന്നു

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ടോസ് നേടിയത് സൺറൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു. തെല്ലും മടിക്കാതെ തന്നെ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുത്തു. അടിച്ചു തൂക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് മുംബൈ ഓപ്പണർമാർ ആരംഭിച്ചത്. രോഹിത് ശർമയും ഇഷാൻ കിഷനും ആദ്യ ഓവറുകളിൽ തീ ഗോളങ്ങളായി മാറി. രോഹിത് ശർമ 18 പന്തുകളിൽ 28 റൺസ് ആയിരുന്നു നേടിയത്.

കിഷൻ 31 പന്തുകളിൽ 38 റൺസ് നേടി. എന്നാൽ പിന്നീടെത്തിയ ക്യാമറോൺ ഗ്രീനായിരുന്നു മുംബൈ ഇന്നിങ്സിന്റെ നെടുംതൂണായത്. ഇന്നിങ്സിലെ അവസാന ഓവർ വരെ മുംബൈയുടെ കാവലാളായി ഗ്രീൻ തുടർന്നു. മത്സരത്തിൽ 40 പന്തുകൾ നേരിട്ട ഗ്രീൻ 64 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ 17 പന്തുകളിൽ 37 റൺസ് നേടിയ തിലക് വർമയും, 11 പന്തുകളിൽ 16 റൺസ് നേടിയ ടീം ഡേവിഡും നിറഞ്ഞാടിയതോടെ മുംബൈ 192 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ക്രീസിലെത്തിയ ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചില്ല. വളരെ പ്രതീക്ഷയായിരുന്ന ഹാരി ബ്രുക്കും(9) ത്രിപാതിയും(7) തുടക്കത്തിൽ തന്നെ കൂടാരം കയറി. ശേഷം മായങ്ക് അഗർവാളും ക്യാപ്റ്റൻ മാക്രവും ചേർന്ന് ഹൈദരാബാദിന്റെ സ്കോർ ഉയർത്തുകയായിരുന്നു. മാക്രം 17 പന്തുകളിൽ 22 റൺസ് നേടി. മാക്രത്തിന് പിന്നാലെയേത്തിയ അഭിഷേക് ശർമ(1) സ്കോർബോർഡ് ചലിപ്പിച്ചില്ല. എന്നാൽ പിന്നീടെത്തിയ ക്ലാസൻ മയങ്ക് അഗർവാളിനൊപ്പം തുടർന്നു.മുംബൈ ബോളർമാരെ പഞ്ഞിക്കിട്ട ക്ലാസൻ 16 പന്തുകളിൽ 36 റൺസ് ആയിരുന്നു നേടിയത്. മായങ്ക് അഗർവാൾ 41 പന്തുകളിൽ 48 റൺസ് നേടി.

എന്നാൽ ഇരുവരും പുറത്തായതോടെ ഹൈദരാബാദ് പതറാൻ തുടങ്ങി. അവസാന ഓവറുകളിൽ മുംബൈ ഇന്ത്യൻസ് ബോളർമാർ പിടിമുറുക്കിയതോടെ ഹൈദരാബാദ് പതറി. അവസാന രണ്ട് ഓവറുകളിൽ 24 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടത്. എന്നാൽ 19ആം ഓവറിൽ കേവലം 4 റൺസ് മാത്രമാണ് ക്യാമറോൺ ഗ്രീൻ വഴങ്ങിയത്. ഒപ്പം അവസാന ഓവറിൽ ദൈവപുത്രൻ അർജുൻ ടെണ്ടുൽക്കർ കൃത്യത കാട്ടിയതോടെ മത്സരത്തിൽ മുംബൈ വിജയം നേടുകയായിരുന്നു. തന്റെ ഐപിഎൽ കരിയറിലെ ആദ്യ വിക്കറ്റും അർജുൻ അവസാന ഓവറിൽ നേടുകയുണ്ടായി.

Rate this post