ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ തകർപ്പൻ ജയത്തോടെ തുടങ്ങി

2020 -2021 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആഴ്‌സണൽ ഫുൾഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു. എല്ലാ രീതിയിലും കളിയിൽ പൂർണ ആധിപത്യം നേടിയാണ് ആഴ്‌സണൽ വിജയം സ്വന്തമാക്കിയത്. ഈ സീസണിലെ പുതിയ സൈനിംഗ് ആയ ഡിഫൻഡർ ഗബ്രിയേൽ ഒരു ഗോൾ നേടിയപ്പോൾ ചെൽസിയിൽ നിന്ന് എത്തിയ വില്ല്യൻ 3 അസിസ്റ്റുകളുമായാണ് തിളങ്ങിയത്.

(Image: Photo by Stuart MacFarlane/Arsenal FC via Getty Images

മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. വില്യന്റെ ഷോട്ടിൽ നിന്ന് ലഭിച്ച റീബൗണ്ട് വലയിലെത്തിച്ചായിരുന്നു ലകാസെറ്റ് ആദ്യ ഗോൾ നേടിയത്. 49ആം മിനുട്ടിൽ ആണ് ഗബ്രിയേൽ തന്റെ അരങ്ങേറ്റത്തിൽ തന്നെ ആഴ്സണലിനായി ഗോൾ നേടിയത്‌.വില്യന്റെ കോർണർ ഒരു ഫ്രീ ഹെഡറിലൂടെ ഗബ്രിയേൽ വലയിൽ എത്തിക്കുക ആയിരുന്നു. 59ആം മിനുട്ടിൽ ഒബാമയങ്ങിന്റെ വക ആയിരുന്നു ആഴ്സണലിന്റെ മൂന്നാം ഗോൾ. വില്യന്റെ പാസ് സ്വീകരിച്ച ഒബാമയങ്ങ് മികച്ച ഒരു ഫിനിഷിലൂടെ ആണ് മൂന്നാം ഗോൾ നേടിയത്.

ഈ ഗോളിന് ശേഷവും നിരവധി അവസരങ്ങൾ ആഴ്സണൽ സൃഷ്ടിച്ചു. എങ്കിലും നാലാം ഗോൾ പിറന്നില്ല.വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ഗണ്ണേഴ്‌സ്‌ എതിരാളികൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് നൽകുന്ന പ്രകടനമാണ് പുറത്തെടുത്തത്. 20 ആം തീയതി വെസ്റ്റ് ഹാമിനെതിരെയാണ് ആഴ്‌സനലിനെ അടുത്ത മത്സരം.