ക്വാർട്ടറിൽ സ്ഥാനം പിടിച്ച് ആഴ്സണലും ചെൽസിയും ; ജിറൂദിന്റെ ഗോളിൽ മിലാൻ ഇറ്റലിയിൽ ഒന്നാമത്

ലീഗ് കപ്പിൽ സൗത്താപ്റ്റണെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു ചെൽസി ക്വാർട്ടർ ഫൈനലിൽ.യുവ പ്രതിരോധത്തെ വിശ്വസിച്ചു കളിക്കാൻ ഇറങ്ങിയ ചെൽസി മുന്നേറ്റത്തിൽ ഹാവർട്സ്, സിയെച്ച്, ബാർക്കിലി എന്നിവരെയാണ് അണിനിരത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ഹക്കിം സിയെച്ചിന്റെ കോർണറിൽ നിന്നു കായ് ഹാവർട്സ് ഹെഡറിലൂടെ ആണ് ചെൽസിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിക്കുന്നത്.എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സൗത്താപ്റ്റൺ ഗോൾ മടക്കി. 47 മിനിറ്റിൽ ചെ ആദംസിലൂടെ ആയിരുന്നു ‘സെയിന്റസ്’ സമനില ഗോൾ കണ്ടത്തിയത്.

തുടർന്ന് വിജയഗോൾ നേടാൻ ഇരു ടീമുകളും പരിശ്രമിച്ചു എങ്കിലും 90 മിനിറ്റിൽ മത്സരം സമനിലയിൽ അവസാനിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. പെനാൽട്ടിയിൽ ചെൽസി അഞ്ചിൽ നാലു എണ്ണവും ലക്ഷ്യം കണ്ടപ്പോൾ സൗതാംപ്ടന് 3 എണ്ണം മാത്രമാണ് ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞത്. പെനാൽട്ടി ഷൂട്ട് ഔട്ടിൽ മേസൻ മൗണ്ടിന്റെ പെനാൽട്ടി ഫോസ്റ്റർ രക്ഷിച്ചു എങ്കിലും തിയോ വാൽകൊട്ടിന്റെ പെനാൽട്ടി പോസ്റ്റിൽ ഇടിച്ചു മടങ്ങിയതും വില്യം സ്മാൽബോൺ പെനാൽട്ടി പുറത്തേക്ക് അടിച്ചതും ചെൽസിക്ക് വിജയം സമ്മാനിക്കുകയായിരുന്നു .

ലീഗ് കപ്പിൽ ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണൽ. ലീഡ്‌സ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്‌സണൽ മുന്നേറിയത്. പകരക്കാരൻ ആയി ഇറങ്ങിയ കലം ചേമ്പേഴ്‌സ് ഇറങ്ങി ആദ്യ ടച്ചിൽ തന്നെ ഗോൾ നേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്മിത്ത് റോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ പെപെ നൽകിയ പാസ് ഹെഡ് ചെയ്തു വലയിലാക്കിയ ചേമ്പേഴ്‌സ് ആഴ്‌സണലിന് മത്സരത്തിൽ മുൻതൂക്കം നൽകി. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ലീഡ്സ് നായകൻ ലിയാം കൂപ്പർ പ്രതിരോധത്തിൽ വരുത്തിയ അബദ്ധം മുതലെടുത്ത എഡി നെകിതിയ ആഴ്‌സണൽ ജയം ഉറപ്പിച്ച ഗോൾ 69 മിനിറ്റിൽ നേടുക ആയിരുന്നു. പോസ്റ്റിനു മുന്നിൽ ഷോട്ട് ഉതിർക്കുമ്പോൾ നെകിതിയക്ക് പിഴച്ചു എങ്കിലും പന്ത് വലയിൽ എത്തുക ആയിരുന്നു. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ആഴ്‌സണൽ എമിറേറ്റ്‌സിൽ ഈ മത്സരത്തിനു ഇറങ്ങിയത്.

ജർമൻ കപ്പിൽ തോർഗം ഹസാഡ് നേടിയ ഇരട്ട ഗോളുകൾക്ക് ബൊറൂസിയ ഡോർട്ട്മുണ്ട് എഫ്‌സി ഇൻഗോൾസ്റ്റാഡ് പരാജയപ്പെടുത്തി. രണ്ടാം ഡിവിഷനിലെ ബോട്ടം ക്ലബിനെതിരെ 72-ാം മിനിറ്റിൽ ജൂലിയൻ ബ്രാൻഡ് നൽകിയ പാസിൽ നിന്ന് ഹസാഡ് ഗോൾ നേടിയത്.ഒമ്പത് മിനിറ്റിന് ശേഷം മറ്റൊരു ബ്രാൻഡ് ക്രോസ് നിന്നും ബെൽജിയൻ താരം വീണ്ടും ലക്‌ഷ്യം കണ്ടു. വിജയത്തോടെ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പിന്റെ മൂന്നാം റൗണ്ടിലെത്തി.

സീരി എയിൽ എ സി മിലാൻ അവരുടെ ഗംഭീര ഫോം തുടരുകയാണ്. സാൻസിരോയിൽ നടന്ന മത്സരത്തിൽ ടൊറീനോയ്ർ നേരിട്ട എ സി മിലാൻ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും കഴിയാതിരുന്ന മത്സരത്തിൽ ജിറൂദിന്റെ ഏക ഗോളാണ് മിലാന് ലീഡ് നൽകിയത്. കളി തുടങ്ങി 14ആം മിനുട്ടിൽ തന്നെ മിലാൻ മുന്നിൽ എത്തി‌. ക്രുണിചിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജിറൂദിന്റെ ഗോൾ.സീസണിലെ തന്റെ നാലാമത്തെ സീരി എ ഗോൾ നേടി. ലീഗിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുക ആണ് മിലാൻ. ഈ വിജയത്തോടെ 10 മത്സരങ്ങളിൽ 28 പോയിന്റുമായി മിലാൻ ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച നാപോളി 25 പോയിന്റുമായി പിറകിൽ ഉണ്ട്.