കുതിപ്പ് തുടർന്ന് ആഴ്‌സണൽ : ചെൽസിയെ വീഴ്ത്തി ന്യൂ കാസിൽ : സിറ്റിക്ക് തോൽവി ലിവർപൂളിന് ജയം : തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയത്തോടെ ലോകകപ്പിന്റെ ഇടവേളക്ക് മുൻപ് ഒന്നാം സ്ഥാനം നിലനിർത്തി ആഴ്‌സണൽ. ഇന്നലെ മോളിനക്സിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് ആഴ്‌സണൽ നേടിയത്.മാർട്ടിൻ ഒഡെഗാർഡിന്റെ ബൂട്ടിൽ നിന്നാണ് ആഴ്‌സനലിന്റെ രണ്ടു ഗോളുകളും പിറന്നത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ലീഡ് നേടാൻ ഇതോടെ ആഴ്സണലിനായി.

55 ആം മിനുട്ടിൽ പോർച്ചുഗീസ് താരം ഫാബിയോ വിയേരയുടെ പാസിൽ നിന്നും മാർട്ടിൻ ഒഡെഗാർഡ് ആഴ്സണലിന്റെ ആദ്യ ഗോൾ നേടി. 75 ആം മിനുട്ടിൽ മാർട്ടിനെല്ലിയും ഒലെക്‌സാണ്ടർ സിൻ‌ചെങ്കോ നടത്തിയ നീക്കത്തിനൊടുക്കിൽ ഒഡെഗാർഡ് ആഴ്‌സനലിന്റെ രണ്ടാം ഗോൾ നേടി. ഒഡേഗാർഡിന്റെ ആറാമത്തെ ഗോൾ ഇത്.14 ലീഗ് മത്സരങ്ങളിൽ നിന്നും ആഴ്‌സനലിനെ ൧൨ ആം വിജയമായിരുന്നു ഇത്.2003-04 ലെ തോൽവിയില്ലാത്ത സീസണിന് ശേഷം അവരുടെ ആദ്യ കിരീടം പിന്തുടരുന്ന ആഴ്‌സണൽ 2007-08 സീസണിന് ശേഷം ആദ്യമായി ക്രിസ്മസ് ദിനത്തിൽ പട്ടികയിൽ ഒന്നാമതെത്തും. ക്രിസ്മസിൽ ഒന്നാമതെത്തിയ അവസാന 13 ടീമുകളിൽ പത്തും കിരീടം നേടിയിട്ടുണ്ട്.

സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ചെൽസിയെ 1-0 ന് കീഴടക്കി കുതിപ്പ് തുടർന്ന് ന്യൂകാസിൽ യുണൈറ്റഡ് . ജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ന്യൂ കാസിലിനായി. രണ്ടാം പകുതിയിൽ ജോ വില്ലോക്കിന്റെ ഏക ഗോളായിരുന്നു ന്യൂ കാസിലിന്റെ വിജയം. തോൽവിയോടെ ചെൽസി എട്ടാം സ്ഥാനത്തേക്ക് വീണു. ന്യൂ കാസിൽ ആധിപത്യം കണ്ട മത്സരത്തിൽ 67 ആം മിനുട്ടിൽ മിഗ്വൽ അൽമിറോൺ കൊടുത്ത പാസിൽ നിന്നും മിഡ്ഫീൽഡർ വില്ലോക്ക് മികച്ചൊരു ഷോട്ടിലൂടെ ഗോളാക്കി മാറ്റി. ലോകകപ്പിന്റെ ഇടവേളയ്ക്ക് മുന്നേ മികച്ച രീതിയിൽ ലീഗ് അവസാനിപ്പിക്കാൻ ന്യൂ കാസിലിനു സാധിച്ചു.

സ്‌ട്രൈക്കർ ഇവാൻ ടോണിയുടെ ഇരട്ടഗോളിന്റെ ബലത്തിൽ ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 2-1 ന്റെ ഞെട്ടിക്കുന്ന ജയം നേടി ബ്രെന്റ്‌ഫോർഡ്.ഈ ആഴ്‌ച ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ തിരഞ്ഞെടുക്കപ്പെടാതിരുന്ന ടോണി മത്സരത്തിന്റെ 16-ാം മിനിറ്റിൽ ബെൻ മീയുടെ ഹെഡറിൽ നിന്ന് ആദ്യ ഗോൾ നേടി.ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സിറ്റി ഫിൽ ഫോഡനിലൂടെ സമനില ഗോൾ കണ്ടെത്തി. ഇഞ്ചുറി ടൈമിൽ ഇവാൻ ടോണി സിറ്റിയുടെ പരാജയം ഉറപ്പിച്ച ഗോൾ സ്വന്തമാക്കി. ഈ സീസണിൽ സ്വന്തം മൈതാനത്ത് സിറ്റി വഴങ്ങുന്ന ആദ്യ തോൽവി ആയിരുന്നു ഇത്.

ആൻഫീൽഡിൽ സതാംപ്ടണിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയം നേടി ലിവർപൂൾ. റെഡ്‌സിനായി ഡാർവിൻ ന്യൂനസ് രണ്ട് ഗോളുകൾ നേടി.ആറാം മിനിറ്റിൽ റോബർട്ടോ ഫിർമിനോ ലിവർപൂളിനായി സ്‌കോറിങ്ങ് തുറന്നു, ഒൻപതാം മിനിറ്റിൽ ചെ ആഡംസിന്റെ ഹെഡറിലൂടെ സതാംപ്ടൺ സമനില പിടിച്ചു. 21 ആം മിനുട്ടിൽ ഹാർവി എലിയട്ടിന്റെ പാസിൽ നിന്നും സ്‌ട്രൈക്കർ ന്യൂനസ് ലിവർപൂളിന് ലീഡ് നേടിക്കൊടുത്തു. 42 ആം മിനുട്ടിൽ റോബർട്സിന്റെ അസ്സിസ്റ്റിൽ നിന്നും ന്യൂനസ് രണ്ടാം ഗോളും നേടി ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു.ഈ വിജയം 14 മത്സരങ്ങൾക്ക് ശേഷം 22 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ ലിവർപൂളിനെ ആറാം സ്ഥാനത്തെത്തിച്ചു.

ജർമൻ ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഷാൽക്കെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.സെർജ് ഗ്നാബ്രി, എറിക് മാക്‌സിം ചൂപ്പോ-മോട്ടിങ് എന്നിവരാണ് ബയേണിനായി ഗോളുകൾ നേടിയത്.ജർമ്മനി താരം ജമാൽ മുസിയാല രണ്ട് അസിസ്റ്റുകളും നൽകി.ബയേണിന്റെ തുടർച്ചയായ ആറാം ലീഗ് വിജയവും ആയിരുന്നു ഇത്.

19-ാം വയസ്സിൽ 100 ലീഗ് മത്സരങ്ങളിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ ബയേൺ കളിക്കാരനായ മുസിയാല 38-ാം മിനിറ്റിൽ നൽകിയ പാസിൽ നിന്നും സെർജി ഗ്നാബ്രി ബയേണിന് ലീഡ് നൽകി. ഒമ്പത് ലീഗ് ഗോളുകൾ കൂടി നേടിയ കൗമാരക്കാരൻ 52 ആം മിനുട്ടിൽ കാമറൂൺ ഫോർവേഡ് ചൗപോ-മോട്ടിങ്ങിനായി സീസണിലെ തന്റെ ആറാമത്തെ അസിസ്റ്റ് നൽകി ബയേൺ വിജയം ഉറപ്പിച്ചു.33 കാരനായ ഫോർവേഡ് മികച്ച ഫോമിലാണ്, ലീഗിലെ ആറ് ഗോളുകൾ ഉൾപ്പെടെ എല്ലാ മത്സരങ്ങളിലും 11 ഗോളുകൾ നേടി ലോകകപ്പിലേക്ക് പോകുന്നത്.

Rate this post