രണ്ട് തവണ ഡക്ക്, ഇന്ന് വെടിക്കെട്ട്, എന്ത് തോന്നുന്നു? അശ്വിന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി സഞ്ജു |Sanju Samson

കഴിഞ്ഞ ദിവസം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം വളരെ ആവേശകരമായിയാണ് അവസാനിച്ചത്. പല വേളകളിലും ഇരു ടീമുകളിലേക്കും മത്സര ഫലം അനുകൂലമായി മാറിമറിഞ്ഞെങ്കിലും, അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റർമാരുടെയും ബൗളർമാരുടെയും ഒരുപോലെയുള്ള മികച്ച പ്രകടനമാണ് രാജസ്ഥാനെ ജയത്തിലേക്ക് നയിച്ചത്.

ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ തിരിച്ചടികൾ നേരിട്ടെങ്കിലും, ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അടിപതറാതെയുള്ള ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാന് പുതിയ ഉണർവ് നൽകിയത്. സിമ്രോൻ ഹെറ്റ്മയറുടെ അർദ്ധ സെഞ്ച്വറി പ്രകടനവും രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ പ്രധാന ഘടകമായി. ഏറെ നിർണായകമായ സമയത്ത് ബാറ്റ് ചെയ്യാൻ ക്രീസിൽ എത്തിയ രവിചന്ദ്ര അശ്വിനും തനിക്ക് ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തി.

മത്സരശേഷം, ഡ്രസ്സിംഗ് റൂമിൽ അശ്വിനും, സഞ്ജുവും നടത്തിയ ഒരു സംഭാഷണത്തിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവെക്കുകയുണ്ടായി. അശ്വിൻ പകർത്തിയ വീഡിയോയിൽ ഹെറ്റ്മയറെയും കാണാൻ സാധിച്ചു. രണ്ട് തവണ പൂജ്യത്തിന് പുറത്തായ ശേഷം ഇന്നത്തെ മത്സരത്തിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിച്ചപ്പോൾ എന്ത് തോന്നി എന്ന് അശ്വിൻ സഞ്ജുവിനോട് ചോദിക്കുകയുണ്ടായി. ഇതിന് സഞ്ജു നൽകിയ മറുപടി ശ്രദ്ധേയമായി.

ഗുജറാത്തിന് എതിരായ മത്സരത്തിൽ ഒരു ഫോർ സ്കോർ ചെയ്തപ്പോൾ തന്നെ തനിക്ക് ആശ്വാസമായി എന്നാണ് സഞ്ജു മറുപടി നൽകിയത്. ഈ മറുപടി കേട്ട് ഒപ്പം ഉണ്ടായിരുന്നവർ ചിരിക്കുകയും ചെയ്തു. തുടർന്ന്, റാഷിദ് ഖാനെതിരെ സഞ്ജു മൂന്ന് സിക്സുകൾ അടിച്ചതിനെ കുറിച്ചും അശ്വിൻ സംസാരിക്കുകയുണ്ടായി. മത്സരത്തിലെ ഹീറോ ആണെന്ന് വിശേഷിപ്പിച്ചുകൊണ്ട് അശ്വിൻ ഹെറ്റ്മയറെയും വീഡിയോയിൽ ഉൾപ്പെടുത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ ഐപിഎൽ ചരിത്രത്തിലെ ആദ്യത്തെ വിജയം രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് വളരെയധികം സന്തോഷം നൽകിയെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തമാണ്.

5/5 - (2 votes)