❝ തകർപ്പൻ ജയത്തോടെ വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ❞

ടി :20 പരമ്പരക്ക്‌ പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുവാനുള്ള വെസ്റ്റ് ഇൻഡീസ് ടീമിന്റെ മോഹങ്ങൾക്ക്‌ എല്ലാം അവസാനം. ഓസ്ട്രേലിയക്ക്‌ എതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം തോറ്റ വെസ്റ്റ് ഇൻഡീസ് ടീമിന് പരമ്പര 2-1ന് നഷ്ടമായി. മൂന്നാം ഏകദിനത്തിൽ ആറ് വിക്കറ്റ് ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തിലെ പോലെ ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസിലെ താരങ്ങൾ എല്ലാം പരാജയമായതോടെ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ ജയവും പരമ്പരയും കരസ്ഥമാക്കി. മത്സരത്തിൽ രണ്ട് വിക്കറ്റും 19 റൺസും നേടിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആഷ്ടൻ ആഗറാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. പരമ്പരയിലെ എല്ലാ മത്സരത്തിലും മികച്ച ബൗളിംഗ് കാഴ്ചവെച്ച പേസർ മിച്ചൽ സ്റ്റാർക്ക് പരമ്പരയുടെ താരമായി മാറി.സ്കോർ : വെസ്റ്റ് ഇൻഡീസ് 152-10 (45.1),ഓസ്ട്രേലിയ 153-4 (30.3)

നേരത്തെ മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തും തിരിച്ചടിയായി. പുതിയ പന്തിൽ സ്റ്റാർക്ക് മികച്ച ബൗളിംഗ് പ്രകടനം ആവർത്തിച്ചത്തോടെ അവരുടെ മുൻ നിര അതിവേഗം പുറത്തായി. വെസ്റ്റ് ഇൻഡീസ് ടീമിലെ 6 താരങ്ങൾ രണ്ടക്കം റൺസ് പോലും കടക്കുവാൻ കഴിയാതെ വിക്കറ്റ് നഷ്ടമാക്കിയപ്പോൾ ഓപ്പണർ എവിൻ ലൂയിസ് പൊരുതി.66 പന്തിൽ നിന്നും 5 ഫോറും 3 സിക്സും ഉൾപ്പെടെ 55 റൺസ് നേടിയ താരം പുറത്താവാതെ നിന്നപ്പോൾ ഹോപ് (14),ബ്രാവോ (18), നിക്കോളാസ് പൂരൻ (3), പൊള്ളാർഡ് (11), ഹോൾഡർ (5) എന്നിവർ നിരാശപ്പെടുത്തി

അതേസമയം ഓസ്ട്രേലിയൻ ബൗളിംഗ് നിരയിൽ എല്ലാവരും മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്. സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹേസൽവുഡ്, ആഗർ, സാംപ എന്നിവർ രണ്ട് വിക്കറ്റും ടർണർ ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിൽ 11 വിക്കറ്റുകളാണ് ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് വീഴ്ത്തിയത്. നേരത്തെ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഏകദിനത്തിൽ 3 വിക്കറ്റ് വീഴ്ത്തി. ടി :20 ലോകകപ്പ് ഏ വർഷം വരാനിരിക്കേ സ്റ്റാർക്കിന്റെ മികച്ച പ്രകടനത്തിൽ ടീം ഓസ്ട്രേലിയ ആത്മവിശ്വാസത്തിലാണ്.

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ടീമിന് ഓപ്പണർമാരെ ആദ്യ ഓവറുകളിൽ നഷ്ടമായെങ്കിലും മിച്ചൽ മാർഷ് (29), മാത്യു വേഡ് (51*) എന്നിവർ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.52 പന്തിൽ നിന്ന് 51 റൺസ് നേടിയ വേഡ് ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. ടി :20 പരമ്പര വെസ്റ്റ് ഇൻഡീസ് നേരത്തെ 4-1ന് ജയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.