❝സുവാരസിന്റെ മികവിൽ ലാ ലീഗ കിരീടം അത്ലറ്റികോ മാഡ്രിഡിന് ❞

സ്പെയിനിലെ ലാ ലി​ഗ 2020-21 സീസണിൽ അത്ലെറ്റിക്കോ മഡ്രിഡിന് കിരീടം. ഇന്നലെ നടന്ന അവസാനദിന മത്സരത്തിൽ റയൽ വല്ലഡോളിഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ഡീ​ഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്ലെറ്റിക്കോ മഡ്രിഡ് കിരീടമുറപ്പിച്ചത്. 2013-14 സീസണിന് ശേഷം ഇതാദ്യമായാണ് അത്ലെറ്റിക്കോ സ്പെയിനിലെ രാജാക്കന്മാരാകുന്നത്. രണ്ടാമതുള്ള റയൽ മാഡ്രിഡ്‌ വിയ്യറയലിന് എതിരായ മത്സരത്തിൽ വിജയിച്ചു എങ്കിലും അത്ലറ്റിക്കോ തന്നെ കിരീടം എടുത്തു.

തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതിയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇന്നലെ വിജയം നേടിയത്.തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വല്ലഡോളിഡിനെ അവരുടെ മൈതാനത്തായിരുന്നു അത്ലെറ്റിക്കോ നേരിട്ടത്. ഇരുകൂട്ടർക്കും ജയം നിർണായകമായ മത്സരത്തിൽ 16-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ഓസ്കാർ പ്ലാനോ നേടിയ ​ഗോളിൽ വല്ല‍ഡോളിഡ് മുന്നിലെത്തി. ഈ ലീഡ് 57-ാം മിനിറ്റ് വരെ നീണ്ടു. തുടർന്ന് ഏയ്ഞ്ചൽ കോറേയ നേടിയ ​ഗോളിൽ അത്ലെറ്റിക്കോ ഒപ്പമെത്തി. പത്ത് മിനിറ്റിന് ശേഷം വല്ല‍ഡോളിഡ് താരത്തിന്റെ പിഴവ് മുതലെടുത്ത് ലൂയിസ് സുവാരസ് അത്ലെറ്റിക്കോയ്ക്ക് കിരീടം സമ്മാനിച്ച ​ഗോൾ നേടി.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പിറകിൽ പോയ ശേഷ പൊരുതി സുവാരസിന്റെ ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് എടുക്കുന്നത്.


38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുമായാണ് അത്ലെറ്റിക്കോ കിരീടമുയർത്തുന്നത്. രണ്ടാമതുള്ള റയൽ മഡ്രിഡിന് 84 പോയിന്റാണുള്ളത്. ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഇഞ്ച്വറി ടൈമിലെ ​ഗോളിൽ റയൽ വിയ്യാറയലിനെ തോൽപ്പിച്ചു. എന്നാലപ്പോഴേക്കും അത്ലെറ്റിക്കോ കിരടമുറപ്പിച്ചുകഴിഞ്ഞിരുന്നു. വിയ്യ റയലിനെതിരെ 20 ആം മിനുട്ടിൽ തന്നെ റയൽ പിന്നിലായി യെറമി പിനോയിലൂടെയാണ് വിയ്യ റയൽ ലീഡെടുത്തത്.അത്ലറ്റികോ കിരീട ഉറപ്പിച്ച നിമിഷം മത്സരത്തിൽ അവസാനം ബെൻസീമയുടെയും മോഡ്രിചിന്റെയും ഗോൾ കൊണ്ട് 2-1ന്റെ വിജയം നേടി.

അത്ലറ്റിക്കോ മാഡ്രിഡിന്റെ പതിനൊന്നാം ലാലിഗ കിരീടമാണിത്. 2013-14 സീസണു ശേഷമുള്ള ആദ്യ കിരീടവും. അവസാന 6 സീസണിലും റയൽ മാഡ്രിഡോ ബാഴ്സലോണയോ മാത്രമായിരുന്നു സ്പെയിനിൽ കിരീടം നേടിയത്.ഇന്നലത്തെ മത്സരത്തിൽ ഒരു ഗോളിന് വിജയിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിലെ പരാജയത്തോടെ തന്നെ ബാഴ്സലോണയുടെ കിരീട സാധ്യതകൾ അവസാനിച്ചിരുന്നു.