❝ അത്ലറ്റികോ കിരീടത്തോട് അടുക്കുന്നു ; ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തി യുവന്റസ് ; ആഴ്സണലിന്‌ മുന്നിൽ ചെൽസി വീണു❞

ലാ ലി​ഗയിൽ അത്ലെറ്റിക്കോ മഡ്രിഡ് കിരീടത്തോട് ഒരു പടി കൂടി അടുത്തു. റയൽ സോസിദദിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വിജയിച്ചാണ് അത്ലെറ്റിക്കോ കിരീടത്തിലേക്ക് മുന്നേറുന്നത്.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് അത്ലെറ്റിക്കോയുടെ ജയം. ഡീ​ഗോ സിമിയോണിയുടെ സംഘത്തിനായി .യാന്നിക് കരാസ്കോ,ഏയ്ഞ്ചൽ കോറേയ എന്നിവർ ​ഗോളുകൾ നേടി. സോസിദദിന്റെ ആശ്വാസ​ഗോൾ ഇ​ഗോർ സുബെൽഡിയ നേടി.

വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് അത്ലെറ്റിക്കോയ്ക്ക് 80 പോയിന്റായി. 76 പോയിന്റുള്ള ബാഴ്സ രണ്ടാമതാണ്. 75 പോയിന്റുള്ള റയൽ മഡ്രിഡ് മൂന്നാമതാണ്. എന്നാൽ അവർ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്. നാളെ ​ഗ്രനാഡയ്ക്കെതിരായ മത്സരത്തിൽ റയൽ പോയിന്റ് നഷ്ടപ്പെടുത്തായാൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന ഒരു ജയം മതി അത്ലെറ്റിക്കോയ്ക്ക് കിരീടമുറപ്പിക്കാൻ. മറ്റൊരു മത്സരത്തിൽ നാലാം സ്ഥാനത്തുള്ള സെവിയ്യ എതിരില്ലാത്ത ഒരു ഗോളിന് വലൻസിയയെ പരാജയപ്പെടുത്തി.


പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്ന ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ തോൽവി. ആഴ്‌സണൽ ആണ് ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയത്. ചെൽസി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഒബാമയാങിന്റെ പാസിൽ നിന്ന് സ്മിത്ത് റോ ആഴ്‌സണലിന് വേണ്ടി ഗോൾ നേടുകയായിരുന്നു.തുടർന്ന് രണ്ടാം പകുതിയിൽ ചെൽസി ആക്രമണം കടുപ്പിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ആഴ്‌സണൽ ചെൽസി ആക്രമണങ്ങളുടെ മുനയൊടിച്ചു. മത്സരം അവസാന മിനുട്ടിലേക്ക് എത്തിയതോടെ ചെൽസിയുടെ രണ്ട് ശ്രമങ്ങൾ പോസ്റ്റിലും ബാറിലും തട്ടിയതും അവർക്ക് തിരിച്ചടിയായി. ഇന്നലത്തെ മത്സരം ജയിച്ച് ടോപ് ഫോർ ഉറപ്പിക്കാനുള്ള സുവർണാവസരമാണ് ചെൽസിക്ക് നഷ്ടമായത്. അതെ സമയം ഇന്നലത്തെ ജയത്തോടെ ആഴ്‌സണൽ തങ്ങളുടെ യൂറോപ്യൻ പ്രതീക്ഷകൾ സജീവമാക്കി.

സീരി എ യിലെ നിർണായക മത്സരത്തിൽ യുവന്റസ്ന് തകർപ്പൻ വിജയം.ക്രിസ്ത്യാനോ റൊണാൾഡോ, ഡിബാല എന്നിവർ യുവന്റസിന് വേണ്ടി 100മത്തെ ഗോളുകൾ കണ്ടെത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സസുവോളോയെ തകർത്തു. റൊണാൾഡോ,ഡിബാല, റാബിയോട്ട് എന്നിവരാണ് യുവന്റസിന് വേണ്ടി ഗോളുകൾ കണ്ടെത്തിയത്.സീസണിന്റെ അവസാനത്തിൽ ക്ലബ് വിടുകയാണെന്ന് ഈ ആഴ്ച പ്രഖ്യാപിച്ച ഗോൾകീപ്പർ ബഫൺ ആദ്യ പകുതിയിൽ ഒരു പെനാൽട്ടി തടുത്തിട്ട് യുവന്റസിന്റെ രക്ഷകനായി മാറി.ലീഗിൽ അഞ്ചാം സ്ഥാനത്ത് തന്നെ യുവന്റസ് തുടരുന്നുവെങ്കിലും ഈ ജയത്തോടെ യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി.

മറ്റൊരു മത്സരത്തിൽ എസി മിലാൻ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ടോറിനോയെ പരാജയപെടുത്തി . മിലാണ് വേണ്ടി റെബിച് ഹാട്രിക്ക് നേടിയപ്പോൾ ഫെർണാണ്ടസ് രണ്ടു ഗോളുകളും ഫ്രാങ്ക് കെസ്സി, ബ്രഹിം ഡയസ് ഓരോ ഗോളും നേടി. ചാമ്പ്യന്മാരായ ഇന്റെർ മിലാനും ഇന്നലെ മികച്ച വിജയം നേടി. ശക്തരായ റോമയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ പരാജയപ്പെടുത്തിയത്. ബ്രോസോവിക് (11 ‘), വെസിനോ (20’), ലുകാകു (90 ‘) എന്നിവർ ഇന്ററിനായി ഗോളുകൾ നേടിയപ്പോൾ മഖ്തിയാൻ (31 ‘) റോമയുടെ ആശ്വാസ ഗോൾ നേടി.