❝ഇന്ത്യൻ ഫുട്ബോളിലെ പുത്തൻ താരോദയത്തെ റെക്കോർഡ് തുകക്ക് റാഞ്ചി എ.ടി.കെ മോഹൻ ബ​ഗാൻ❞

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുന്നോടിയായി ടീമിന്റെ കരുത്ത് വർധിപ്പിക്കുന്നതിനായി പുതിയ താരത്തെ ടീമിലെത്തിച്ച് മോഹൻ ബഗാൻ.ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിലെ താരോദയങ്ങളിലൊരാളായ ലിസ്റ്റൻ കോളാസോയെ കൊൽക്കത്ത ക്ലബ് എ.ടി.കെ മോഹൻ ബ​ഗാൻ സ്വന്തമാക്കിയത് . ഇക്കാര്യം ക്ലബ് ഔദ്യോ​ഗികമായി ഇക്കാര്യം പ്രഖ്യാപിച്ചു. ഹൈദരാബാദ് എഫ്.സിയിൽ നിന്നാണ് ലിസ്റ്റൻ എ.ടി.കെയിലേത്തുന്നത്.രണ്ട് വർഷത്തെ കരാറാണ് ലിസ്റ്റൻ എ.ടി.കെയുമായി ഒപ്പുവച്ചത്. ഇതുപ്രകാരം 2023 വരെ ലിസ്റ്റൻ കൊൽക്കത്ത ക്ലബിനൊപ്പമുണ്ടാകും.

ഒരു കോടി 20 ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ലിസ്റ്റനെ എ.ടി.കെ ടീമിലെത്തിച്ചതെന്നാണ് ​ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന റെക്കോർഡ് ട്രാൻസ്ഫർ തുകയാണിതെന്നാണ് സൂചന.22-കാരനായ ലിസ്റ്റൻ ​ഗോവ സ്വദേശിയാണ്. 2017 മുതൽ ​എഫ്.സി ​ഗോവയുടെ ഭാ​ഗമായിരുന്ന ലിസ്റ്റൻ കഴിഞ്ഞ വർഷമാണ് ഹൈദരാബാദിലെത്തുന്നത്. ഹൈദരാബാദിനായി ആകെ 23 മത്സരങ്ങൾ കളിച്ച ലിസ്റ്റൻ നാല് ​ഗോളുകൾ ഇതുവരെ നേടി. മൂന്ന് ​ഗോളുകൾക്ക് വഴിയുമൊരുക്കി. കഴിഞ്ഞ മാസം യു.എ.ഇയ്ക്കെതിരായി നടന്ന മത്സരത്തിൽ ഇന്ത്യയുടെ ദേശിയ ടീമിനായി ലിസ്റ്റൻ അരങ്ങേറ്റവും കുറിച്ചിരുന്നു.

2020-21 സീസണിൽ ഹൈദരാബാദിന് വേണ്ടി ലിസ്റ്റൻ മിൿച പ്രകടനം പുറത്തെടുത്തെങ്കിലും അവരെ പ്ലേ ഓഫിൽ എത്തിക്കാനായില്ല. ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ യുവതാരം പരിശീലകൻ മനോലോ മാർക്വേസിനു കീഴിൽ തന്റെ കഴിവുകൾ പുറത്തെടുക്കുകയും ചെയ്തു. വേഗതയും ബോക്സിലേക്ക് എത്തുന്ന അളന്നു മുറിച്ച ക്രോസ്സുകളും 22 കാരന്റെ പ്രത്യേകതകളാണ്. വിങ്ങുകളിലൂടെയുള്ള വേഗതയുള്ള ഓട്ടം എതിർ ഡിഫെൻഡർമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

മോഹൻ ബഗാന്റെ മാൻ‌വീർ സിംഗ്, റോയ് കൃഷ്ണ മുന്നേറ്റ നിര കൂട്ടുകെട്ടിനോടൊപ്പം ലിസ്റ്റനും ചേരുമ്പോൾ അവർ കൂടുതൽ ശക്തരാവും. 2021 ജൂൺ 1 മുതൽ ലിസ്റ്റൺ കൊളാക്കോ എടി‌കെ‌ താരമായി മാറും.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications